| Wednesday, 26th July 2023, 7:48 pm

സിനിമാലോകത്തേക്കും ധോണിയുടെ ഹെലികോപ്റ്റര്‍ ഷോട്ട്; ധോണി എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ 'എല്‍ ജി എം' ജൂലൈ 28ന് തീയേറ്ററുകളില്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റനും അഞ്ചാംതവണയും ഐപിഎല്‍ സ്വന്തമാക്കിയ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ക്യാപ്റ്റനുമായ എംഎസ് ധോണിയും ഭാര്യ സാക്ഷിയും ചേര്‍ന്ന് നിര്‍മിക്കുന്ന ആദ്യ സിനിമയായ ‘ലെറ്റ്‌സ് ഗെറ്റ് മാരീഡ്’ ( എല്‍. ജി.എം )ഈ മാസം 28ന് തിയേറ്ററുകളില്‍. ധോണി എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ഒരുങ്ങുന്ന ആദ്യ നിര്‍മാണ സംരംഭമായതിനാല്‍ തന്നെ സിനിമാലോകമൊന്നാകെ ഏറെ പ്രതീക്ഷയോടെയാണ് സിനിമയെ കാത്തിരിക്കുന്നത്.

രമേശ് തമിഴ് മണിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു കോമഡി ഫാമിലി എന്റര്‍ടെയ്‌നറായാണ് ചിത്രം എത്തുന്നതെന്നാണ് ട്രെയിലര്‍ നല്‍കിയിരിക്കുന്ന സൂചന. പ്രതിശ്രുത വരനോടും അയാളുടെ അമ്മയോടും ഒപ്പം കൂര്‍ഗിലേക്കുള്ള ഒരു യുവതിയുടെ യാത്രയും ആ യാത്രയില്‍ സംഭവിക്കുന്ന ചില അപ്രതീക്ഷിതമായ വഴിത്തിരിവുകളുമാണ് സിനിമയുടെ ഇതിവൃത്തം.

നര്‍മ്മവും ഹൃദയസ്പര്‍ശിയായതുമായ ഒട്ടേറെ മുഹൂര്‍ത്തങ്ങളും സിനിമയിലുണ്ടാകുമെന്നും ട്രെയിലറില്‍ നിന്ന് മനസ്സിലാക്കാനാകുന്നുണ്ട്. പ്രണയം, കുടുംബബന്ധങ്ങള്‍, സാഹസികത, പൊരുത്തം, പൊരുത്തക്കേടുകള്‍, വിശ്വാസം, അവിശ്വാസം ഇവയൊക്കെ നിറച്ചൊരു ടോട്ടല്‍ കോമഡി ഫണ്‍ റൈഡാകും സിനിമയെന്നാണ് അണിയറപ്രവര്‍ത്തകര്‍ നല്‍കിയിരിക്കുന്ന ഉറപ്പ്.

സിനിമയുടെ ഏറ്റവും വലിയ ആകര്‍ഷണം ഒട്ടേറെ സിനിമകളിലൂടെ മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നദിയാ മൊയ്തു ഒരു മുഴുനീള കഥാപാത്രമായെത്തുന്നു എന്നതാണ്. ഒരു ഫീല്‍ ഗുഡ് ഫാമിലി എന്റര്‍ടെയ്‌നറായെത്തുന്ന സിനിമയില്‍ ഹരീഷ് കല്യാണ്‍, ഇവാന എന്നിവര്‍ നായകനും നായികയും ആയി എത്തുന്നു. 2018 ല്‍ ഇറങ്ങിയ ‘പ്യാര്‍ പ്രേമ കാതല്‍’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നടനാണ് ഹരീഷ് കല്ല്യാണ്‍. കഴിഞ്ഞ വര്‍ഷത്തെ തമിഴിലെ സെന്‍സെഷന്‍ ഹിറ്റായ ‘ലവ് ടുഡേ’യിലെ നായികയാണ് ഇവാന. യോഗി ബാബു, വെങ്കട് പ്രഭു, മിര്‍ച്ചി വിജയ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലുണ്ട്.

തമിഴിലൊരുക്കിയിരിക്കുന്ന ചിത്രം ഡബ് ചെയ്ത് തെലുങ്കില്‍ എത്തുന്നുമുണ്ട്. ചിത്രത്തിന്റെ കേരള വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത് ബാംബൂ ട്രീ പ്രൊഡക്ഷന്‍സാണ്, ഡ്രീം ബിഗ് ഫിലിംസ് ചിത്രം തീയേറ്ററുകളിലെത്തിക്കും. സംവിധായകന്‍ രമേശ് തമിഴ്മണി തന്നെയാണ് ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത്.

‘ഹൃദയം’ സിനിമയിലെ ദൃശ്യങ്ങളൊരുക്കി ശ്രദ്ധേയനായ വിശ്വജിത്ത് ഒടുക്കത്തിലാണ് ഛായാഗ്രഹണം. ‘ലവ് ടുഡേ’യുടെ എഡിറ്ററായിരുന്ന പ്രദീപ് ഇ രാഘവാണ് എഡിറ്റര്‍. മാവീരന്റെ കലാസംവിധായകനായിരുന്ന അര്‍ജുന്‍ വെഞ്ഞാറമ്മൂടാണ് കലാസംവിധാനം. സൂരറൈ പോട്രിന്റെ കോസ്റ്റ്യൂം ഡിസൈനറായിരുന്ന പൂര്‍ണിമ രാമസ്വാമിയാണ് കോസ്റ്റ്യൂം ഡിസൈനര്‍. ഗാനരചന മദന്‍ കര്‍ക്കി. ഓസ്‌കാര്‍ പുരസ്‌കാരം നേടിയ ‘ദ എലിഫന്റ് വിസ്‌പേഴ്‌സി’ന്റെ ഓഡിയോഗ്രഫി നിര്‍വ്വഹിച്ച ലോറന്‍സ് വിഷ്ണു, വിശാഖ് എന്‍.ബി എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ ഓഡിയോഗ്രഫി നിര്‍വ്വഹിച്ചിരിക്കുന്നത്. മാര്‍ക്കറ്റിങ് കണ്‍സള്‍ട്ടന്റ്: സ്‌നേക്ക്പ്ലാന്റ്.

Content Highlight: Ms dhoni producing movie lgm releasing on july 28

We use cookies to give you the best possible experience. Learn more