വന്നവഴി മറക്കാത്തവന്‍ ധോണി; അവന്റെ ബാറ്റിനുമുണ്ടൊരു കഥ പറയാൻ, സിനിമയെ വെല്ലും ട്വിസ്റ്റ്
Cricket
വന്നവഴി മറക്കാത്തവന്‍ ധോണി; അവന്റെ ബാറ്റിനുമുണ്ടൊരു കഥ പറയാൻ, സിനിമയെ വെല്ലും ട്വിസ്റ്റ്
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 8th February 2024, 5:00 pm

2024 ഐ.പി.എല്‍ സീസണിന്റെ തയ്യാറെടുപ്പിലാണ് മുന്‍ ഇന്ത്യന്‍ നായകന്‍ എം.എസ് ധോണി. ഈ സാഹചര്യത്തില്‍ പരിശീലനത്തിനിടെയുള്ള ധോണിയുടെ ഒരു വീഡിയോ ആണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.

ധോണിയുടെ ബാല്യകാല സുഹൃത്തിന്റെ സ്പോര്‍ട്സ് ഷോപ്പിന്റെ സ്റ്റിക്കര്‍ പതിച്ച ബാറ്റ് കൊണ്ട് പരിശീലനത്തിനിറങ്ങുകയായിരുന്നു ധോണി. പ്രൈം സ്പോര്‍ട്സിന്റെ സ്റ്റിക്കര്‍ ബാറ്റുമായാണ് ധോണി പരിശീലനത്തിന് ഇറങ്ങിയത്.

ഈ ചിത്രം ഇതിനോടകംതന്നെ സോഷ്യല്‍ മീഡിയയില്‍ വളരെയധികം ശ്രദ്ധ നേടി കഴിഞ്ഞു. മുന്‍ ഇന്ത്യന്‍ നായകന്റെ l ബാല്യകാല സുഹൃത്ത് പരംജിത് സിങ്ങിന്റെ ഉടമസ്ഥതയിലുള്ള സ്പോര്‍ട്സ് ഷോപ്പാണ് പ്രൈം സ്പോര്‍ട്സ്.

അതേസമയം 2024ല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ ധോണി ഉണ്ടാവില്ലെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തേ നിലനിന്നിരുന്നു. എന്നാൽ ഇതിനെയെല്ലാം മറികടന്നുകൊണ്ട് ആരാധകര്‍ക്ക് വേണ്ടി ഒരു സീസണ്‍ കൂടി കളിക്കാന്‍ ധോണി മുന്നോട്ടുവരികയായിരുന്നു.

2023 ഐ.പി.എല്‍ കിരീടം ധോണിയുടെ കീഴില്‍ ചെന്നൈ സ്വന്തമാക്കിയിരുന്നു. ഐ.പി.എല്‍ ചരിത്രത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ അഞ്ചാം കിരീടമായിരുന്നു ഇത്. എന്തിന് പിന്നാലെ ഐ.പി.എല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കിരീടം നേടിയ ടീം എന്ന മുംബൈ ഇന്ത്യന്‍സിന്റെ നേട്ടത്തിനൊപ്പമെത്താനും ധോണിക്കും സംഘത്തിനും സാധിച്ചു.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ 250 മത്സരങ്ങളില്‍ നിന്നും 5082 റണ്‍സാണ് ചെന്നൈ നായകന്റെ അക്കൗണ്ടിലുള്ളത്. 135.92 സ്ട്രൈക്ക് റേറ്റിലാണ് ധോണി ബാറ്റ് വീശിയത്.

2024 ഐ.പി.എല്‍ സീസണ്‍ കൊടിയേറാന്‍ മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ പുതിയ സീസണിലും ചെന്നൈയെ ധോണി കിരീടത്തിലെത്തിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

Content Highlight: MS Dhoni practicing with a bat with a sticker of his childhood friend sports shop viral on social media.