| Thursday, 28th September 2017, 9:21 pm

'കുറുന്തോട്ടിക്കും വാതമോ?'; ഒടുവില്‍ ധോണിയ്ക്കും സ്റ്റമ്പിംഗ് പിഴച്ചു; വിശ്വസിക്കാനാകാതെ ധോണിയും ആരാധകരും, വീഡിയോ കാണാം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബംഗളൂരു: വിക്കറ്റിനു പിന്നില്‍ ഇരയുടെ മേല്‍ ചാടി വീഴാനുള്ള തക്കം പാത്തിരിക്കുന്ന വേട്ടക്കാരനാണ് എം.എസ് ധോണി. ആ മനുഷ്യന്റെ മിന്നല്‍ വേഗത്തിലുള്ള സ്റ്റമ്പിംഗ് കണ്ട് ക്രിക്കറ്റ് ലോകം അമ്പരന്ന നിമിഷങ്ങള്‍ അനവധിയാണ്. ധോണിയ്ക്ക് സ്റ്റമ്പിംഗ് പിഴയ്ക്കുമെന്ന് എതിരാളികള്‍ പോലുമിന്ന് വിശ്വിസിക്കില്ല. എന്നാലത് സംഭവിച്ചു.

അപൂര്‍വ്വമായ ആ കാഴ്ച്ചയ്ക്ക് ഇന്ന് ബംഗളൂരു സാക്ഷ്യം വഹിച്ചു. ഓസീസ് ഇന്നിംഗ്‌സിന്റെ 23ാം ഓവറിലാണ് അങ്ങനെയിങ്ങനെയൊന്നും കാണാന്‍ സാധിക്കാത്ത ആ സംഭവം അരങ്ങേറിയത്.

ചാഹലിന്റെ പന്ത് ഓസീസ് ഓപ്പണര്‍ ആരോണ്‍ ഫിഞ്ചിന് ജഡ്ജ് ചെയ്യാന്‍ കഴിഞ്ഞില്ല. ഫിഞ്ചിനെ കടന്ന് പന്ത് ധോണിയുടെ അരികിലേക്ക് നീങ്ങുമ്പോഴേക്കും ക്രീസിന് പുറത്തിറങ്ങിയ ഫിഞ്ച് ഒരു തിരിച്ച് കയറ്റം സ്വപ്‌നം കാണാന്‍ പോലും സാധിക്കാത്ത അത്ര അകലെയായിരുന്നു. ധോണിയുടെ മിന്നല്‍ സ്റ്റമ്പിംഗ് കൊതിച്ച ആരാധകര്‍ക്ക് തെറ്റി.


Also Read: ‘സിനിമാ നടന്‍ ആണെന്ന കാരണം കൊണ്ട് വികാരങ്ങളെ മൂടിക്കെട്ടി റോബോട്ടിനെ പോലെ ജീവിക്കാന്‍ സാധിക്കില്ലല്ലോ’; ടൊവീനോ മനസു തുറക്കുന്നു


പന്ത് കൈപ്പിടിയിലൊതുക്കാന്‍ ധോണിയ്ക്ക് സാധിച്ചില്ല. അദ്ദേഹത്തിന്റെ കാലുകള്‍ക്കിടയിലൂടെ പന്ത് കടന്നു പോവുകയായിരുന്നു. സ്റ്റമ്പിംഗ് നഷ്ടമായതിന്റെ ദുഖം ധോണിയുടെ മുഖത്തും കാണാമായിരുന്നു.

അതേസമയം, ഓസീസിനെതിരെ മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ 255 റണ്‍സെടുത്തിട്ടുണ്ട്. 335 റണ്‍സാണ് വിജയലക്ഷ്യം. അര്‍ധസെഞ്ച്വറി കടന്ന (55) കേദാര്‍ ജാദവും മനീഷ് പാണ്ഡേയുമാണ് ക്രീസില്‍. ഇന്ത്യയ്ക്കായി രഹാനെ 53 ഉം രോഹിത് ശര്‍മ്മ 65 നേടി മികച്ച തുടക്കം നല്‍കിയിരുന്നു. ഹാര്‍ദ്ദിക് പാണ്ഡ്യ 41 റണ്‍സും നേടിയിരുന്നു.

നേരത്തെ റെക്കോര്‍ഡ് കൂട്ടു കെട്ടിലൂടെ വാര്‍ണറും ഫിഞ്ചും ഓസീസ് പടയെ മികച്ച സ്‌കോറിലെത്തിച്ചിരുന്നു. 124 റണ്‍സുമായി വാര്‍ണറായിരുന്നു ആക്രമണത്തിന്റെ മുന്നില്‍. 94 എടുത്ത് ഫിഞ്ചും കട്ട സപ്പോര്‍ട്ട് നല്‍കി. ഹാന്‍സ്‌കോമ്പ് 43 റണ്‍സെടുത്ത് അവസാന ഓവറുകളില്‍ നിര്‍ണ്ണായക പ്രകടനം പുറത്തെടുക്കുകയായിരുന്നു.

We use cookies to give you the best possible experience. Learn more