| Thursday, 21st December 2017, 11:17 am

കയ്യില്‍ പന്തില്ലാതിരുന്നിട്ടും ഗുണരത്‌നയെ പുഷ്പം പോലെ പുറത്താക്കി ധോണി; വിണ്ടും അമ്പരപ്പിച്ച് വിക്കറ്റിന് പിന്നിലെ വേട്ടക്കാരന്‍, വീഡിയോ

സ്പോര്‍ട്സ് ഡെസ്‌ക്

കട്ടക്ക്: എം.എസ് ധോണി, ആ പേര് തന്നെ മതി എതിര്‍ ടീം താരങ്ങളുടെ ഉള്ളില്‍ ഭയം വിതറാന്‍. ധോണിയുടെ സാന്നിധ്യം മാത്രം മതി ഇന്ത്യന്‍ ആരാധകര്‍ക്ക് വിജയം ഉറപ്പിക്കാന്‍. ഇന്നലെ ലങ്കയ്‌ക്കെതിരായ ആദ്യ ട്വന്റ-20യിലും ഇന്ത്യയുടെ വിജയശില്‍പ്പി ധോണിയായിരുന്നു. ക്യാപ്റ്റന്റെ തലപ്പാവ് അണിയാതെ തന്നെ ധോണി നായകനായി മാറുന്നത് ഒരിക്കല്‍ കൂടി കണ്ടു.

വിക്കറ്റിന് മുമ്പിലെന്ന പോലെ തന്നെ പിന്നിലും ധോണിയുടെ പ്രകടനം ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണ്ണായകമായിരുന്നു. 22 പന്തില്‍ നിന്നും 39 റണ്‍സുമായി അവസാന ഓവറുകളില്‍ ശ്രേയസ് അയ്യരുമായി ചേര്‍ന്ന് ധോണി നടത്തിയ വെടിക്കെട്ട് ബാറ്റിംഗായിരുന്നു ഇന്ത്യയെ 180 റണ്‍സിലെത്തിച്ചത്. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ലങ്കയെ വിക്കറ്റിന് പിന്നില്‍ പതുങ്ങിയിരുന്നു ധോണി ആക്രമിക്കുകയായിരുന്നു.

ചാഹലെറിഞ്ഞ പന്ത് ലങ്കന്‍ ബാറ്റ്‌സ്മാന്‍ ഗുണരത്‌നയെ മറികടന്ന ലെഗ് സൈഡിലൂടെ പിന്നോട്ട് കുതിച്ചു. ധോണിയുടെ കൈകളിലെത്തുമെന്ന് ഉറപ്പിച്ച ആരാധകര്‍ക്ക് തെറ്റി, ധോണിയ്ക്ക് പന്ത് പിടിയിലൊതുക്കാന്‍ കഴിഞ്ഞില്ല. ഇതോടെ ഗുണരത്‌നെ രക്ഷപ്പെടുമെന്ന് എല്ലാവരും ഉറപ്പിച്ചു. എന്നാല്‍ ഞൊടിയിടയില്‍ പന്തിനെ സ്റ്റമ്പിലേക്ക് തട്ടിയിട്ട് ധോണി എല്ലാവരേയും ഞെട്ടിക്കുകയായിരുന്നു.

കയ്യില്‍ പന്തില്ലാതിരുന്നിട്ടും ധോണിയുടെ അതിവേഗ സ്റ്റമ്പിംഗ് കണ്ട് ഗുണരത്‌നയും ചാഹലുമെല്ലാം അക്ഷരാര്‍ത്ഥത്തില്‍ അമ്പരന്നു. വിക്കറ്റിന് പിന്നിലെ ബോസ് താനാണെന്ന് ഒരിക്കല്‍ കൂടി മഹി തെളിയിച്ചു.

ശ്രീലങ്കക്കെതിരായ ആദ്യ ടി-20 യില്‍ 93 റണ്‍സിനായിരുന്നു ഇന്ത്യയുടെ തകര്‍പ്പന്‍ വിജയം. ആതിഥേയരുയര്‍ത്തിയ 180 റണ്‍സിനെതിരെ ലങ്ക 87 റണ്‍സിന് എല്ലാവരും പുറത്താവുകയായിരുന്നു. ഇന്ത്യയ്ക്കായി ചാഹല്‍ നാലും പാണ്ഡ്യ മൂന്നും വിക്കറ്റെടുത്തു.

നാലോവര്‍ ബാക്കി നില്‍ക്കെയാണ് ലങ്ക തോല്‍വി സമ്മതിച്ചത്. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ മുന്നിലെത്തി. ട്വന്റി-20യില്‍ ഇന്ത്യയുടെ ഏറ്റവും വലിയ വിജയമാണിത്.

Latest Stories

We use cookies to give you the best possible experience. Learn more