'പരിക്ക് വില്ലനായി'; രാജസ്ഥാനെതിരായ മത്സരത്തില്‍ ധോണി വിക്കറ്റ് കീപ്പ് ചെയ്‌തേക്കില്ല; പകരമിറങ്ങാന്‍ ഇവര്‍
ipl 2018
'പരിക്ക് വില്ലനായി'; രാജസ്ഥാനെതിരായ മത്സരത്തില്‍ ധോണി വിക്കറ്റ് കീപ്പ് ചെയ്‌തേക്കില്ല; പകരമിറങ്ങാന്‍ ഇവര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 19th April 2018, 8:57 pm

ചെന്നൈ: ചെന്നൈ സൂപ്പര്‍ കിങ്ങ്‌സിനെതിരായ മത്സരത്തില്‍ നടുവിനേറ്റ പരിക്ക് ചെന്നൈ നായകന്റെ അടുത്ത മത്സരത്തെ ബാധിച്ചേക്കും. പൂര്‍ണ്ണമായും പരിക്ക് ഭേദമാകാത്ത താരം രാജസ്ഥാന്‍ റോയല്‍സിനെതിരായ അടുത്ത മത്സരത്തില്‍ വിക്കറ്റ് കീപ്പ് ചെയ്‌തേക്കില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. പഞ്ചാബിനെതിരായ മത്സരത്തില്‍ ബാറ്റിങ്ങിനിടയിലായിരുന്നു താരത്തിനു പുറത്ത് പരിക്കേറ്റിരുന്നത്.

പരിക്കിന്റെ പിടിയിലകപ്പെട്ട കേദാര്‍ ജാദവിനെയും സുരേഷ് റെയ്‌നയെയും നഷ്ടപ്പെട്ടതിനു പിന്നാലെയാണ് നായകന്റെ കാര്യവും സംശയത്തിന്റെ നിഴലിലകപ്പെട്ടിരിക്കുന്നത്. പരിക്കേറ്റ ദക്ഷിണാഫ്രിക്കന്‍ താരം ഫാഫ് ഡൂപ്ലെസിയും ഇതുവരെയും പൂര്‍ണ്ണ ആരോഗ്യം വീണ്ടെടുത്തിട്ടില്ല. നാളെ പൂനെ എം.സി.എ സ്റ്റേഡിയത്തിലാണ് ചെന്നൈ രാജസ്ഥാന്‍ മത്സരം നടക്കുന്നത്.

ധോണി വിക്കറ്റ് കീപ്പ് ചെയ്‌തേക്കില്ലെന്ന് ടീം മാനേജ്‌മെന്റിനെ ഉദ്ധരിച്ച പ്രമുഖ സ്‌പോര്‍ട് മാധ്യമമായ സ്‌പോര്‍ട്‌സ് കീഡയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ധോണി കീപ്പിങ്ങ് ചെയ്യാതിരിക്കുകയാണെങ്കില്‍ മുംബൈ ഇന്ത്യന്‍സ് മുന്‍ താരം അമ്പാട്ടി റായിഡുവാകും വിക്കറ്റ് കീപ്പറുടെ വേഷത്തില്‍ എത്തുക.

നേരത്തെ മുംബൈ ഇന്ത്യന്‍സിനായി വിക്കറ്റ് കീപ്പ് ചെയ്തിട്ടുള്ള താരമാണ് അമ്പാട്ടി റായിഡു. ചെന്നൈ ബെഞ്ചിലുള്ള സ്‌പെഷ്യലിസ്റ്റ് വിക്കറ്റ് കീപ്പറായ എന്‍ ജഗദീശനും ധോണിയുടെ അഭാവത്തില്‍ ചെന്നൈ ടീമിലിടം പിടിക്കാനുള്ള സാധ്യത വളരെയധികമാണ്.

മൂന്നു കളികളില്‍ രണ്ടു ജയവും ഒരു തോല്‍വിയുമായി നാലു പോയിന്റോടെ പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്താണ് ചെന്നൈ സൂപ്പര്‍ കിങ്ങ്‌സ്. അഞ്ചാമതുള്ള രാജസ്ഥാന്‍ റോയല്‍സിനും മൂന്നു കളികളില്‍ നിന്നു നാലു പോയിന്റാണ്.