| Saturday, 28th November 2020, 6:19 pm

റണ്‍ചേസിംഗില്‍ ധോണിയെ ഇന്ത്യ മിസ് ചെയ്യുന്നു: ഹോള്‍ഡിംഗ്

സ്പോര്‍ട്സ് ഡെസ്‌ക്

സിഡ്‌നി: ഓസ്‌ട്രേലിയ്‌ക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് തിരിച്ചടിയായത് ധോണിയെപ്പോലൊരു ബാറ്റ്‌സ്മാന്റെ അഭാവമാണെന്ന് വെസ്റ്റ് ഇന്‍ഡീസ് മുന്‍താരം മൈക്കല്‍ ഹോള്‍ഡിംഗ്. പിന്തുടര്‍ന്നുള്ള ഇന്നിംഗ്‌സുകളില്‍ ധോണി ഒരിക്കലും പരിഭ്രമിക്കാറില്ലെന്നും ഹോള്‍ഡിംഗ് പറഞ്ഞു.

‘ ആ സ്‌കോര്‍ പിന്തുടരുക എന്നത് ഇന്ത്യയ്ക്ക് ബുദ്ധിമുട്ടേറിയ ഒന്ന് തന്നെയായിരുന്നു. ധോണിയുടെ വിടവ് ഇന്ത്യ അറിയുന്നുണ്ട്. മധ്യനിരയില്‍ ധോണി വരുന്നതോടെ റണ്‍ ചേസിംഗിന്റെ ഉത്തരവാദിത്വം അദ്ദേഹം ഏറ്റെടുക്കും. ധോണി ഉള്ളപ്പോള്‍ ഇന്ത്യ ചേസിംഗില്‍ മികച്ച പ്രകടനം നടത്തിയിരുന്നു’, ഹോള്‍ഡിംഗ് പറഞ്ഞു.

കഴിഞ്ഞ ആഗസ്റ്റിലാണ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്.

ആദ്യ ഏകദിനത്തില്‍ ഇന്ത്യ 66 റണ്‍സിനാണ് പരാജയപ്പെട്ടത്. 375 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യക്ക് 308 റണ്‍സെടുക്കാനെ ആയുള്ളൂ.

ഇന്ത്യയ്ക്കായി ഹര്‍ദിക് പാണ്ഡ്യ 76 പന്തില്‍ 90 റണ്‍സും ശിഖര്‍ ധവാന്‍ 86 പന്തില്‍ 74 റണ്‍സും നേടി. വിരാട് കോഹ്ലി (21), മയാങ്ക് അഗര്‍വാള്‍(22) രവീന്ദ്ര ജഡേജ (25) കെ.എല്‍ രാഹുല്‍ എന്നിവര്‍ക്ക് തിളങ്ങാനായില്ല.

വാലറ്റത്ത് നവ്ദീപ് സെയ്നി 29 റണ്‍സെടുത്തു. ഓസ്ട്രേലിയ്ക്കായി ആദം സാംപ 4 വിക്കറ്റും ജോഷ് ഹാസല്‍വുഡ് മൂന്ന് വിക്കറ്റും വീഴ്ത്തി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ നിശ്ചിത ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 374 റണ്‍സെടുത്തു. ഏകദിനത്തില്‍ ഇന്ത്യയ്‌ക്കെതിരെ ഒരു ടീം നേടുന്ന ഏറ്റവും ഉയര്‍ന്ന മൂന്നാമത്തെ സ്‌കോറാണ് ഇന്ന് ഓസ്‌ട്രേലിയ നേടിയത്.

സെഞ്ചുറി നേടിയ നായകന്‍ ആരോണ്‍ ഫിഞ്ചിന്റെയും സ്റ്റീവ് സ്മിത്തിന്റെയും അര്‍ധസെഞ്ചുറി നേടിയ ഡേവിഡ് വാര്‍ണറുടെയും കരുത്തിലാണ് ഓസിസ് കൂറ്റന്‍ സ്‌കോര്‍ കെട്ടിപ്പടുത്തത്.

ഫിഞ്ച് 114 റണ്‍സെടുത്തപ്പോള്‍ സ്മിത്ത് 105 റണ്‍സെടുത്തു. ഫിഞ്ചും 76 പന്തുകളില്‍ നിന്നും 69 റണ്‍സെടുത്ത വാര്‍ണറും ചേര്‍ന്ന് തകര്‍പ്പന്‍ തുടക്കമാണ് ഓസീസിന് നല്‍കിയത്. ആദ്യ വിക്കറ്റില്‍ ഇരുവരും 156 റണ്‍സിന്റെ കൂറ്റന്‍ കൂട്ടുകെട്ട് പടുത്തുയര്‍ത്തി.

ഇതിനിടയില്‍ ഓസിസിനായി അതിവേഗത്തില്‍ 5000 റണ്‍സ് നേടുന്ന രണ്ടാമത്തെ താരം എന്ന റെക്കോഡ് ഫിഞ്ച് സ്വന്തമാക്കി.

ഇന്ത്യയ്ക്ക് വേണ്ടി മുഹമ്മദ് ഷമി പത്തോവറില്‍ 59 റണ്‍സ് വിട്ടുകൊടുത്ത് മൂന്നുവിക്കറ്റുകള്‍ സ്വന്തമാക്കിയപ്പോള്‍ ബുംറ, സെയ്‌നി, ചാഹല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: MS Dhoni Michael Holding India vs Australia

Latest Stories

We use cookies to give you the best possible experience. Learn more