| Thursday, 11th August 2022, 7:47 am

ഇന്ത്യയോ ചെന്നൈ സൂപ്പര്‍ കിങ്‌സോ അല്ല, പുതിയ ടീമിനൊപ്പം ധോണി

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലിന്റെ ചുവടുപിടിച്ച് പുതിയ ഫ്രാഞ്ചൈസി ലീഗ് ആരംഭിച്ചിരിക്കുകയാണ് ക്രിക്കറ്റ് സൗത്ത് ആഫ്രിക്ക. ഐ.പി.എല്‍ പോലെ എന്ന് പറഞ്ഞാല്‍ മതിയാവില്ല, ഒരു കുട്ടി ഐ.പി.എല്‍ തന്നെയാണ് ദക്ഷിണാഫ്രിക്കയിലും അരങ്ങേറാന്‍ ഒരുങ്ങുന്നത്. കാരണം ഐ.പി.എല്‍ ടീമിന്റെ ഉടമകള്‍ തന്നെയാണ് ദക്ഷിണാഫ്രിക്കന്‍ ലീഗിലെ ടീമുകളെയും സ്വന്തമാക്കിയിരിക്കുന്നത്.

ഐ.പി.എല്ലിലെ മള്‍ട്ടിപ്പിള്‍ ടൈംസ് ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സും ദക്ഷിണാഫ്രിക്കന്‍ ലീഗിലെ ഒരു ടീമിനെ സ്വന്തമാക്കിക്കഴിഞ്ഞു. ഇന്ത്യന്‍ മണ്ണിലെ ഡോമിനന്‍സ് സൗത്ത് ആഫ്രിക്കയിലും തുടരാനുള്ള മുന്നൊരുക്കങ്ങള്‍ സൂപ്പര്‍ കിങ്‌സ് ഇപ്പോഴേ തുടങ്ങിയിട്ടുമുണ്ട്.

ജോഹാനാസ്‌ബര്‍ഗ് സൂപ്പര്‍ കിങ്‌സ് എന്നാവും ടീമിന്റെ പേര് എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന സൂചനകള്‍. സി.എസ്.കെയുടെ ഐക്കോണിക് മഞ്ഞ ജേഴ്‌സി തന്നെയാവുമോ ജോഹാനസ്‌ബെര്‍ഗിന്റെയും അറ്റയര്‍ എന്നെല്ലാം തന്നെ കണ്ടറിയണം.

ചെന്നൈ കോച്ച് സ്റ്റീഫന്‍ ഫ്‌ളെമിങ്ങിനെ തന്നെ കോച്ചിന്റെ ചുമതല ഏല്‍പിക്കാനുള്ള തീരുമാനത്തിലാണ് മാനേജ്‌മെന്റ് എന്നാണ് സൂചന. ടീമിന്റെ തല എം.എസ്. ധോണിക്കും ഒരു ചുമതല നല്‍കിയേക്കും.

ടീമിന്റെ മെന്ററായിട്ടാവും ധോണി ചുമതലയേല്‍ക്കുക ചെന്നൈ സൂപ്പര്‍ കിങ്‌സിനെയും ഇന്ത്യന്‍ ദേശീയ ടീമിനെയും പലതവണ ചാമ്പ്യന്‍മാരാക്കിയ ധോണിയുടെ അനുഭവസമ്പത്ത് ജോഹാനസ്‌ബര്‍ഗിന് തുണയാവുമെന്ന് തന്നെയാണ് മാനേജമെന്റ് കരുതുന്നത്.

എന്നാല്‍, ഇതിന് ബി.സി.സി.ഐയുടെ അനുമതി ലഭിക്കണമെന്നാണ് ഇന്‍സൈഡര്‍ സ്‌പോര്‍ട് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒരുപക്ഷേ ബി.സി.സി.ഐ ഈ നീക്കത്തോട് വിമുഖത കാണിച്ചാല്‍ മാനേജ്‌മെന്റിന് മറ്റുവഴികള്‍ നോക്കേണ്ടി വരുമെന്നുറപ്പാണ്.

അടുത്ത ദിവസങ്ങളില്‍ തന്നെ ടീമിന്റെ പേര് പ്രഖ്യാപിക്കുമെന്നാണ് മാനേജ്‌മെന്റ് അറിയിച്ചിരിക്കുന്നത്. ടീമിന്റെ പേര് പ്രഖാപിച്ചാല്‍ അതിന് പിന്നാലെ കോച്ച്, മെന്റര്‍ അടക്കമുള്ള സപ്പോര്‍ട്ടിങ് സ്റ്റാഫുകളെയും പ്രഖ്യാപിക്കുമെന്നും മാനേജ്‌മെന്റ് വ്യക്തമാക്കി.

‘ടീമിന്റെ ഒഫീഷ്യല്‍സിനെ കുറിച്ചെല്ലാം ഒരാഴ്ചക്കുള്ളില്‍ തന്നെ വ്യക്തമാവും. ഞങ്ങള്‍ സ്റ്റീഫന്‍ ഫ്‌ളെമിങ്ങുമായി സംസാരിക്കുകയാണ്. സി.എസ്.കെയെ മുന്നോട്ട് നയിച്ച ഏറ്റവും പ്രഗത്ഭനായ കോച്ച് ആണ് അദ്ദേഹം,’ ടീം ഒഫീഷ്യല്‍ ഇന്‍സൈഡര്‍ സ്‌പോര്‍ട്ടിനോട് പറഞ്ഞു.

‘ഞങ്ങള്‍ക്ക് എം.എസ്. ധോണിയെ മെന്റര്‍ ആയി ലഭിക്കണമെന്നാണ്. എന്നാല്‍ അത് ബി.സി.സി.ഐയുടെ തീരുമാനത്തെ ആശ്രയിച്ചിരിക്കും,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സി.എസ്.കെയിലെ പഴയ പല പടക്കുതിരകളും ജോഹാനാസ്‌ബെര്‍ഗിന് വേണ്ടി കളിച്ചേക്കും. മിസ്റ്റര്‍ ഐ.പി.എല്‍ സുരേഷ് റെയ്‌ന അത്തരത്തില്‍ സാധ്യത കല്‍പിക്കുന്ന പ്രധാന താരങ്ങളില്‍ ഒരാളാണ്.

Content Highlight:  MS Dhoni likely to be appointed mentor of Johannesburg in South Africa T20 League

We use cookies to give you the best possible experience. Learn more