ആരാധകരും ചെന്നൈയും കാത്തിരിക്കുന്നു, ധോണിയുടെ മറുപടിക്കായി! പ്രതീക്ഷയുണ്ടെന്ന് ചെന്നൈ സി.ഇ.ഒ
Sports News
ആരാധകരും ചെന്നൈയും കാത്തിരിക്കുന്നു, ധോണിയുടെ മറുപടിക്കായി! പ്രതീക്ഷയുണ്ടെന്ന് ചെന്നൈ സി.ഇ.ഒ
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 24th May 2024, 9:17 am

ഐ.പി.എല്ലില്‍ മെയ് 18ന് നടന്ന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ 27 റണ്‍സിന് പരാജയപ്പെടുത്തി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു പ്ലേ ഓഫിലേക്ക് മുന്നേറിയിരുന്നു. സീസണിലെ ആദ്യ എട്ട് മത്സരങ്ങളില്‍ നിന്നും ഒരു ജയം മാത്രം ഉണ്ടായിരുന്ന ബെംഗളൂരു പിന്നീട് നടന്ന ആറ് മത്സരങ്ങളും വിജയിച്ചുകൊണ്ടാണ് ടീം പ്ലേ ഓഫിന് യോഗ്യത നേടിയത്.

റോയല്‍ ചലഞ്ചേഴ്സിന്റെ തട്ടകമായ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ചെന്നൈ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ബെംഗളൂരു 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 218 റണ്‍സ് ആണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ചെന്നൈയ്ക്ക് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സാണ് നേടാന്‍ സാധിച്ചത്.

മത്സരത്തില്‍ അവസാന ഓവറുകളില്‍ ഇറങ്ങിയ എം.എസ് ധോണി 13 പന്തില്‍ 25റണ്‍സ് നേടി ചെന്നൈ ആരാധകര്‍ക്ക് വലിയ പ്രതീക്ഷയാണ് നല്‍കിയത്. 192.31 സ്‌ട്രൈക്ക് റേറ്റില്‍ മൂന്നു ഫോറുകളും ഒരു സിക്‌സുമാണ് ധോണി നേടിയത്. 110 മീറ്ററിലാണ് ധോണി ഈ സിക്സ് നേടിയത്.

എന്നാല്‍ ഐ.പിഎല്ലില്‍ നിന്ന് ധോണി വിരമിക്കുമോ എന്ന ചോദ്യമാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ച ചെയ്യുന്നത്. താരം നേരത്തെ വിരമിക്കുമെന്ന സൂചന നല്‍കിയിരുന്നെങ്കിലും ഇതുവരെ ഔദ്യോഗികമായ തീരുമാനങ്ങളൊന്നും എടുത്തിട്ടില്ല. ഇതുമായി ബന്ധപ്പെട്ട ഒരു വെളിപ്പെടുത്തലാണ് ചെന്നൈ ഫ്രാഞ്ചൈസി സി.ഇ.ഒ കാശി വിശ്വനാഥന്‍ പറയുന്നത്.

‘ഐ.പി.എല്‍ 2025ല്‍ സി.എസ്.കെയ്ക്കായി കളിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോയെന്ന് എം.എസ്. ധോണി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല, പ്രത്യേകിച്ചും പുതിയ ക്യാമ്പയിന്‍ മുമ്പ് ഒരു മെഗാ ലേലം നടക്കാനിരിക്കുകയാണ്. ഐ.പി.എല്‍ 2025ല്‍ ഒരു കളിക്കാരനെന്ന നിലയിലും മുന്‍ ക്യാപ്റ്റന്‍ എന്ന നിലയിലും ധോണി പങ്കെടുക്കുമെന്ന് വളരെ പ്രതീക്ഷയുണ്ട്,’ ചെന്നൈ സൂപ്പര്‍ കിങ്സ് സി.ഇ.ഒ കാശി വിശ്വനാഥന്‍ പറഞ്ഞു.

 

Content Highlight: MS Dhoni  is Not yet to confirm To Play 2025 IPL