തന്റെ അവസാന ഐ.പി.എല്‍ സീസണിനായാണ് എം.എസ്. ധോണി 2023ല്‍ 22 യാര്‍ഡ് പിച്ചിലേക്കിറങ്ങുന്നത്. ഐ.പി.എല്‍ ആരംഭിച്ച 2008 മുതല്‍ എല്ലാ സീസണിലും കളിക്കുന്ന വളരെ ചുരുക്കം താരങ്ങളില്‍ പ്രധാനിയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ തല മഹേന്ദ് സിങ് ധോണി.
സി.എസ്.കെയെ പലകുറി ഐ.പി.എല്‍ കിരീടമണിയിച്ച ധോണി തന്റെ അവസാന സീസണിലും ആ നേട്ടം ആവര്‍ത്തിക്കാനുള്ള ഒരുക്കത്തിലാണ്.
കഴിഞ്ഞ സീസണിന്റെ പകുതി തൊട്ടിങ്ങോട്ട് ക്യാപ്റ്റന്‍ സ്ഥാനമേറ്റെടുത്ത ധോണി ഈ സീസണിലും ആ സ്ഥാനം തുടര്‍ന്നേക്കും. ക്യാപ്റ്റന്‍സിക്ക് പുറമെ ബാറ്റിങ്ങിലും തന്റെ പ്രതാപ കാലത്തെ അനുസ്മരിപ്പിക്കും വിധമായിരിക്കും 2023ല്‍ താന്‍ കളത്തിലിറങ്ങുക എന്നതിന്റെ സൂചനകളാണ് ധോണി ഇപ്പോള്‍ നല്‍കിക്കൊണ്ടിരിക്കുന്നത്.
പ്രാക്ടീസ് സെഷനിടെ താന്‍ ഏറ്റവും മികച്ച രീതിയില്‍ ചെയ്യുന്നതെന്തോ അത് തന്നെ ചെയ്യുകയാണ് ധോണിയിപ്പോള്‍. പടുകൂറ്റന്‍ സിക്‌സറുകളടിച്ചാണ് താരം സി.എസ്.കെ ആരാധകരെ ഐ.പി.എല്ലിന് മുമ്പ് തന്നെ ആവേശത്തിലാഴ്ത്തുന്നത്.
സംഭവത്തിന്റെ വീഡിയോ വൈറലാവുന്നുണ്ട്.
കഴിഞ്ഞ സീസണുകളില്‍ സി.എസ്.കെയെ മുന്നില്‍ നിന്നും നയിച്ച പല താരങ്ങളുമില്ലാതെയാണ് സൂപ്പര്‍ കിങ്‌സ് അങ്കത്തിനിറങ്ങുന്നത്.
ഐ.പി.എല്ലിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ബൗളറായ ഡ്വെയ്ന്‍ ബ്രാവോ, ആദം മില്‍നെ, ക്രിസ് ജോര്‍ദന്‍, എന്‍. ജഗദീശന്‍, സി. ഹരി നിഷാന്ത്, കെ.എം. ആസിഫ്, വിരമിക്കല്‍ പ്രഖ്യാപിച്ച റോബിന്‍ ഉത്തപ്പ എന്നിവരുടെ സേവനം ഈ സീസണില്‍ ചെന്നൈക്ക് ലഭിക്കില്ല.
എന്നാല്‍ കഴിഞ്ഞ ഡിസംബറില്‍ നടന്ന മിനി ലേലത്തില്‍ ബെന്‍ സ്റ്റോക്‌സിനെ ടീമിലെത്തിച്ച ചെന്നൈ ആരാധകരെ ഞെട്ടിച്ചിരുന്നു. ഒരു തകര്‍പ്പന്‍ ഓള്‍ റൗണ്ടര്‍ക്ക് പുറമെ ഭാവിയില്‍ ക്യാപ്റ്റനാകാന്‍ സാധ്യതയുള്ള ഒരാളെ കൂടിയാണ് ഇതോടെ ചെന്നൈ ടീമിന്റെ ഭാഗമാക്കിയിരിക്കുന്നത്.
ചെന്നൈ സൂപ്പര്‍ കിങ്‌സ് സ്‌ക്വാഡ്
എം.എസ്. ധോണി, രവീന്ദ്ര ജഡേജ, ഡെവോണ്‍ കോണ്‍വേ, ഋതുരാജ് ഗെയ്ക്വാദ്, അമ്പാട്ടി റായിഡു, ശുഭ്രാംശു സേനാപതി, മൊയിന്‍ അലി, ശിവം ദുബെ, രാജ്‌വര്‍ധന്‍ ഹംഗര്‍ഗേക്കര്‍, ഡ്വെയ്ന്‍ പ്രിട്ടോറിയസ്, മിച്ചല്‍ സാന്റ്നര്‍, ദീപക് ചഹര്‍, തുഷാര്‍ ദേശ്പാണ്ഡെ, മുകേഷ് ചൗധരി, മതീശ പതിരാന, സിമര്‍ജീത് സിങ്, പ്രശാന്ത് സോളഹ്കി, മഹീഷ് തീക്ഷണ, അജിന്‍ക്യ രഹാനെ, ബെന്‍ സ്റ്റോക്‌സ്, ഷെയ്ക് റഷീദ്, നിഷാന്ത് സിന്ധു, കൈല്‍ ജമേഴ്‌സണ്‍, അജയ് മണ്ഡല്‍, ഭഗത് വര്‍മ.
Content highlight: MS Dhoni hits massive sixes during practice sessions