ന്യൂദല്‍ഹി: പരിമിത ഓവര്‍ ക്രിക്കറ്റില്‍ നിന്നും വിരമിക്കാന്‍ ഉദേശിക്കുന്നില്ലെന്ന് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റ്ന്‍ മഹേന്ദ്ര സിങ് ധോണി. 2019ലെ ഇംഗ്ലണ്ട് ലോകകപ്പ് വരെ ഇന്ത്യക്കായി കളിക്കാന്‍ കഴിയുമെന്നും താരം ആത്മവിശ്വാസം പ്രകടിപ്പിച്ചു. ദല്‍ഹിയില്‍ സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കവേയാണ് വിരമിക്കല്‍ തീരുമാനത്തെക്കുറിച്ച് ധോണി മനസ്സ് തുറന്നത്.
2019 ലോകകപ്പ് വരെ കളിക്കുമെന്ന് 100 ശതമാനം ഉറപ്പുണ്ടോ എന്ന ചോദ്യത്തിനുള്ള മറുപടിയായാണ് താരം തന്റെ കരിയറിനെക്കുറിച്ച് സംസാരിച്ചത്. “പരിക്കും മറ്റ് പ്രതിസന്ധികളും തന്റെ നിയന്ത്രണത്തിലുള്ള കാര്യമല്ല. നിലവിലെ സാഹചര്യത്തില്‍ ലോകകപ്പ് വരെ കളിക്കാന്‍ താന്‍ സന്നദ്ധനാണെന്നും.” താരം പറഞ്ഞു.
2019 ആകാന്‍ ഇനിയും രണ്ട് വര്‍ഷമുണ്ടെന്നും വലിയ മാറ്റങ്ങള്‍ സംഭവിക്കാവുന്ന രണ്ട് വര്‍ഷങ്ങളാണിതെന്നും ധോണി പറഞ്ഞു. “കാരണം മറ്റൊന്നുമല്ല പത്ത് വര്‍ഷം തുടര്‍ച്ചയായി ഇന്ത്യന്‍ ടീമില്‍ കളിച്ചാല്‍ നിങ്ങള്‍ക്കിത് മനസിലാകും. കളിത്തിരക്കിന്റെ ബുദ്ധിമുട്ട് നിങ്ങളെയൊരു വിന്റേജ് കാറായി മാറ്റും. വളരെയധികം ശ്രുശ്രൂഷ വേണ്ടിവരും അപ്പോള്‍. ഇന്നത്തെ സാഹചര്യത്തില്‍ തന്നെ 2019ലും ഞാനുണ്ടെങ്കില്‍ തീര്‍ച്ചയായും സുഗമായി തന്നെ ഞാന്‍ കളിക്കും.” ധോണി പറഞ്ഞു.
വിജയ് ഹസാരെ ട്രോഫിയില്‍ ജാര്‍ഖണ്ഡിനെ നയിച്ച ധോണി സെമിഫൈനല്‍ വരെ ടീമിനെ എത്തിച്ചിരുന്നു. രണ്ട് വര്‍ഷം മുമ്പ് ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ച താരം ഈ വര്‍ഷം ആദ്യമാണ് ഏകദിന ട്വന്റി-20 നായകസ്ഥാനം ഉപേക്ഷിച്ചത്.