| Wednesday, 5th April 2023, 12:51 pm

നിങ്ങൾക്ക് ധോണിയെ അറിയില്ല, ധോണി കളിക്കുന്നത് റെക്കോർഡിന് വേണ്ടിയല്ല; അവന്റെ ലക്ഷ്യം വേറേ; വീരേന്ദർ സേവാഗ്

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിങ്‌സിനെ മുന്നിൽ നിന്ന് നയിക്കുന്നത് മുൻ ഇന്ത്യൻ സൂപ്പർ താരമായ എം.എസ് ധോണിയാണ്. രാജ്യാന്തര ക്രിക്കറ്റിൽ നിന്നും വിരമിച്ച താരം ഐ.പി.എല്ലിൽ സജീവമാണ്.

ലഖ്നൗവിനെതിരെ ചെന്നൈ 12 റൺസിന് വിജയിച്ച മത്സരത്തിൽ ചെന്നൈക്കായി മൂന്ന് പന്തുകൾ നേരിട്ട ധോണി രണ്ട് സിക്സറുകൾ പായിച്ച് ആരാധകരുടെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.

എന്നാലിപ്പോൾ എം.എസ് ധോണിയേയും അദ്ദേഹത്തിന്റെ ബാറ്റിങ്‌ രീതിയേയും കുറിച്ച് സംസാരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യയുടെ വെടിക്കെട്ട് ബാറ്ററായിരുന്ന വീരേന്ദർ സേവാഗ്.

ലഖ്നൗവിനെതിരെയുള്ള മത്സരത്തിൽ ധോണി ഐ.പി.എല്ലിൽ 5000 റൺസ് എന്ന കടമ്പ പൂർത്തിയാക്കിയിരുന്നു.
ധോണി വ്യക്തിഗത ട്രോഫികൾക്കും റെക്കോർഡുകൾക്കും വേണ്ടി കളിക്കുന്ന താരമല്ലെന്നും കിരീടങ്ങൾ സ്വന്തമാക്കുകയാണ് താരത്തിന്റെ ലക്ഷ്യമെന്നുമാണ് സേവാഗ് അഭിപ്രായപ്പെടുന്നത്.

ഇന്ത്യൻ ക്രിക്കറ്റിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ക്യാപ്റ്റൻമാരിൽ ഒരാളായാണ് എം.എസ്.ധോണിയെ കണക്കാക്കുന്നത്. ഇന്ത്യക്കായി 2007, 2011 ലോകകപ്പുകളിൽ കിരീടം ചൂടിയ താരം, 2010ലേയും 2016ലേയും ഏഷ്യ കപ്പും ഇന്ത്യൻ ടീമിനായി നേടിക്കൊടുത്തു.

മിഡിൽ ഓർഡറിൽ ഇറങ്ങി 5000 റൺസ് നേടാൻ ധോണിക്ക് കഴിഞ്ഞിട്ടുണ്ടെങ്കിൽ അതൊരു വലിയ കാര്യമാണെന്നും, ധോണിയുടെ പൊസിഷനിൽ ഉത്തരവാദിത്വത്തോടെ കളിക്കാൻ പറ്റുന്ന ഒരു താരം ഇനി ഇന്ത്യൻ നിരയിൽ ഉണ്ടാകുമോയെന്ന് തനിക്ക് സംശയമുണ്ടെന്നും കൂടി സേവാഗ് കൂട്ടിച്ചേർത്തു.

അതേസമയം മുംബൈ ഇന്ത്യൻസിനെതിരെ ഏപ്രിൽ എട്ടിനാണ് ചെന്നൈയുടെ അടുത്ത മത്സരം. മുംബൈയുടെ തട്ടകമായ വാങ്കഡെ സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം നടക്കുക.

നിലവിൽ രണ്ട് വിജയങ്ങളുമായി ഗുജറാത്ത് ടൈറ്റൻസാണ് ഐ.പി.എൽ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത്.

Content Highlights:MS Dhoni doesn’t play for records said Virender Sehwag

Latest Stories

We use cookies to give you the best possible experience. Learn more