ധോണിയ്ക്ക് പ്രത്യേക സുരക്ഷ വേണ്ട, അദ്ദേഹം ജനങ്ങളെ സംരക്ഷിക്കും: ബിപിന്‍ റാവത്
national news
ധോണിയ്ക്ക് പ്രത്യേക സുരക്ഷ വേണ്ട, അദ്ദേഹം ജനങ്ങളെ സംരക്ഷിക്കും: ബിപിന്‍ റാവത്
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 26th July 2019, 9:42 pm

ശ്രീനഗര്‍: കശ്മീരില്‍ സൈനിക സേവനത്തിനെത്തിയ എം.എസ് ധോണിയ്ക്ക് സംരക്ഷണം കൊടുക്കേണ്ട കാര്യമില്ലെന്ന് സൈനിക തലവന്‍ ബിപിന്‍ റാവത്. മറ്റു സൈനികര്‍ക്കൊപ്പം അദ്ദേഹം ജനങ്ങളെ സംരക്ഷിക്കുകയാണ് ചെയ്യുകയെന്ന് ബിപിന്‍ റാവത്ത് എന്‍.ഡി.ടി.വിയോട് പറഞ്ഞു.

റ്റുള്ളവര്‍ക്ക് സംരക്ഷണം ഉറപ്പാക്കാനുള്ള കര്‍ത്തവ്യമാണ് ധോണിക്കുള്ളത്. ടെറിട്ടോറിയല്‍ ആര്‍മിയുടെ 106ാം ബറ്റാലിയനൊപ്പമാണ് (പാര) ധോണി പ്രവര്‍ത്തിക്കുക. സുരക്ഷയ്‌ക്കൊപ്പം ആശയ വിനിമയ ദൗത്യങ്ങളും നിര്‍വഹിക്കുന്ന മികച്ചൊരു വിഭാഗമാണത്. ഇവിടെ ധോണിക്ക് പ്രത്യേക സംരക്ഷണം ഏര്‍പ്പെടുത്തണമെന്ന് എനിക്കു തോന്നുന്നില്ല. പകരം, ഏല്‍പ്പിക്കപ്പെട്ട ചുമതലകള്‍ക്കനുസരിച്ച് മറ്റുള്ളവരുടെ സംരക്ഷണം ഉറപ്പാക്കുകയാകും അദ്ദേഹം ചെയ്യുക’ ബിപില്‍ റാവത് പറഞ്ഞു.

സൈനിക യൂണിഫോം അണിയാന്‍ ആഗ്രഹിക്കുന്ന ഏതൊരു ഇന്ത്യക്കാരനും ആ യൂണിഫോം ഏല്‍പ്പിക്കുന്ന ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കാന്‍ ബാധ്യസ്ഥനാണ്. ധോണിയ്ക്ക് പ്രാഥമിക പരിശീലനം ലഭിച്ചിട്ടുണ്ട്. ഏല്‍പ്പിക്കപ്പെട്ട ദൗത്യം അദ്ദേഹത്തിന് പൂര്‍ത്തീകരിക്കാന്‍ കഴിയും. ബിപിന്‍ റാവത് പറഞ്ഞു.

ജൂലൈ 31 മുതല്‍ ഓഗസ്റ്റ് 15 വരെയാണ് ധോണി കശ്മീരില്‍ സേവനമനുഷ്ഠിക്കുക. നിലവില്‍ ബെംഗളൂരുവിലെ ബറ്റാലിയന്‍ ആസ്ഥാനത്ത് പരിശീലനം നടത്തുകയാണ് ധോണി. 2011 സെപ്റ്റംബറിലാണു ടെറിട്ടോറിയല്‍ ആര്‍മിയിലെ ലഫ്റ്റനന്റ് കേണല്‍ പദവി ധോണിക്കു നല്‍കുന്നത്. ഓണററി പദവിയാണിത്. ശമ്പളമോ മറ്റാനുകൂല്യങ്ങളോ ഇല്ല. നടന്‍ മോഹന്‍ലാലിനു പിന്നീടു നല്‍കിയതും ഇതേ ലഫ്. കേണല്‍ പദവിയാണ്.