ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് അഞ്ചാം ജയം. കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ 78 റണ്‍സിനാണ് ചെന്നൈ പരാജയപ്പെടുത്തിയത്.
ഹൈദരാബാദിന്റെ തട്ടകമായ രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഹൈദരാബാദ് എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 212 റണ്‍സ് ആണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഹൈദരാബാദ് 134 റണ്‍സിന് പുറത്താവുകയായിരുന്നു.
ആവേശകരമായ വിജയത്തിന് പിന്നാലെ ഒരു ചരിത്ര നേട്ടമാണ് ചെന്നൈ സൂപ്പര്‍ കിങ്സ് ഇതിഹാസതാരം എം.എസ് ധോണി സ്വന്തമാക്കിയത്. ഐ.പി.എല്‍ ചരിത്രത്തില്‍ 150 വിജയങ്ങള്‍ നേടുന്ന ആദ്യ താരമായി മാറാനാണ് ധോണിക്ക് സാധിച്ചത്. 2008 മുതല്‍ ഐ.പി.എല്ലിന്റെ ഭാഗമായ ധോണി 259 മത്സരങ്ങളാണ് ഇതുവരെ കളിച്ചിട്ടുള്ളത്.
ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ വിജയിച്ച താരം, വിജയിച്ച മത്സരങ്ങളുടെ എണ്ണം എന്നീ ക്രമത്തില്‍
എം.എസ് ധോണി-150
രവീന്ദ്ര ജഡേജ-133
രോഹിത് ശര്‍മ-133
ദിനേശ് കാര്‍ത്തിക്ക്-125
സുരേഷ് റെയ്‌ന-122
മത്സരത്തില്‍ 54 പന്തില്‍ 98 റണ്‍സ് നേടിയ നായകന്‍ റിതുരാജ് ഗെയ്ക്വാദിന്റെ മികച്ച ഇന്നിങ്‌സിന്റെ കരുത്തിലാണ് ചെന്നൈ മികച്ച ടോട്ടലിലേക്ക് നീങ്ങിയത്. 10 ഫോറുകളും മൂന്ന് സിക്‌സുകളുമാണ് ചെന്നൈ നായകന്റെ ബാറ്റില്‍ നിന്നും പിറന്നത്.
32 പന്തില്‍ 52 റണ്‍സ് നേടിയ ഡാറില്‍ മിച്ചലും 20 പന്തില്‍ പുറത്താവാതെ 39 നേടിയ ശിവം ദുബെയും നിര്‍ണായകമായി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ ചെന്നൈ ബൗളര്‍മാര്‍ എറിഞ്ഞു വീഴ്ത്തുകയായിരുന്നു. തുഷാര്‍ ദേശ്പാണ്ഡെ നാല് വിക്കറ്റും മതീഷ പാതിരാന, മുസ്തഫിസുര്‍ റഹ്‌മാന്‍ എന്നിവര്‍ രണ്ടു വീതം വിക്കറ്റും രവീന്ദ്ര ജഡേജ, ഷര്‍ദുല്‍ താക്കൂര്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി മികച്ച പ്രകടനം നടത്തി.
ജയത്തോടെ ഒമ്പത് മത്സരങ്ങളില്‍ നിന്നും അഞ്ച് വിജയവും നാല് തോല്‍വിയും അടക്കം 10 പോയിന്റുമായി മൂന്നാം സ്ഥാനത്താണ് ചെന്നൈ. മെയ് ഒന്നിന് പഞ്ചാബ് കിങ്‌സിനെതിരെയാണ് ചെന്നൈയുടെ അടുത്ത മത്സരം. സൂപ്പര്‍ കിങ്‌സിന്റെ തട്ടകമായ ചെപ്പൊക് സ്റ്റേഡിയമാണ് വേദി.
Content Highlight: MS Dhoni Compleated 150 wins in IPL