ട്വന്റി 20 കരിയറില്‍ 7000 റണ്‍സ് പൂര്‍ത്തിയാക്കുന്ന താരമായി ചെന്നൈയുടെ എം.എസ്.ധോണി. ഐ.പി.എല്ലില്‍ ലഖ്‌നൗ ടീമിനെതിരെ ആറ് പന്തില്‍ 16 റണ്‍സ് നേടിയ ധോണിയുടെ ട്വന്റി 20 ക്രിക്കറ്റിലെ ആകെ ടോട്ടല്‍ 7001 റണ്‍സായി.
7000 റണ്‍സ് കടക്കുന്ന അഞ്ചാമത്തെ ഇന്ത്യന്‍ താരമാണ് ധോണി. നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററും ധോണിയാണ്. 347 മത്സരങ്ങളില്‍ നിന്നാണ് ധോണി ഈ നേട്ടത്തിലെത്തിയത്.
വിരാട് കോഹ്‌ലി, രോഹിത് ശര്‍മ്മ, ശിഖര്‍ ധവാന്‍, റോബിന്‍ ഉത്തപ്പ എന്നിവരാണ് ധോണിക്ക് മുമ്പായി ട്വന്റി 20 ക്രിക്കറ്റില്‍ 7000 റണ്‍സ് പിന്നിട്ടവര്‍. കഴിഞ്ഞ മത്സരത്തില്‍ ഫിഫ്റ്റി അടിച്ച ധോണി ഇന്നത്തെ മത്സരത്തില്‍ നേരിട്ട ആദ്യത്തെ ബോളില്‍ സിക്‌സ് അടിച്ചാണ് തുടങ്ങിയത്. ആറ് പന്തില്‍ ഒരു സിക്‌സും രണ്ട് ഫോറും അടക്കമായിരുന്നു ധോണിയുടെ നേട്ടം.
ഇന്ത്യന്‍ താരങ്ങളില്‍ ഏറ്റവുമധികം റണ്‍സ് നേടിയിരിക്കുന്നത് വിരാട് കോഹ്‌ലിയാണ്. 328 മത്സരങ്ങളില്‍ നിന്ന് 1,0326 റണ്‍സാണ് കോഹ്‌ലിയുടെ സമ്പാദ്യം.
ട്വന്റി 20യില്‍ ഏറ്റവുമധികം റണ്‍സെടുത്ത താരം വെസ്റ്റ് ഇന്‍ഡീസിന്റെ ക്രിസ് ഗെയ്ലാണ്. 463 മത്സരങ്ങളില്‍ നിന്ന് 14,562 റണ്‍സാണ് ഗെയ്ലിന്റെ സമ്പാദ്യം.
അതേസമയം, ലഖ്‌നൗവിന് എതിരായ മത്സരത്തില്‍ ടോസ് നഷ്ടമായി ബാറ്റിങ് ഇറങ്ങിയ ചെന്നൈക്ക് ലഭിച്ചത് ഗംഭീര ടോട്ടല്‍. ബാറ്റര്‍മാര്‍ എല്ലാം കളം നിറഞ്ഞപ്പോള്‍ മറ്റൊരു 200 പ്ലസ് ടോട്ടലാണ് ചെന്നൈ ടീം കരസ്ഥമാക്കിയത്.
ആദ്യ ഓവറുകളില്‍ റോബിന്‍ ഉത്തപ്പ തുടക്കം കുറിച്ച ചെന്നൈയുടെ വെടിക്കെട്ട് ബാറ്റിങ്ങിന് പിന്നീട് തിരികൊളുത്തിയത് സീനിയര്‍ താരമായ ധോണിയാണ്. അവസാന ഓവറുകളിലായിയിരുന്നു ധോണിയുടെ മിന്നലടി.