സിഡ്‌നി: ഐ.പി.എല്‍ ഒത്തുകളി വിവാദവുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണി മൗനം വെടിയുന്നു. ഐ.പി.എല്‍ വാതുവെപ്പില്‍ തന്റെ പേരുള്‍പ്പെടുത്തി പ്രചരിക്കുന്ന ഊഹാപോഹങ്ങള്‍ അടുത്തൊന്നും അവസാനിക്കുമെന്നു തോന്നുന്നില്ലെന്നാണ് ധോണി പറഞ്ഞത്.
ഐ.പി.എല്‍ ഒത്തുകളിയുമായി ബന്ധപ്പെടുത്തി ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാപ്റ്റനായിരുന്നു ധോണിയുടെ പേരും ഉയര്‍ന്നുകേട്ടിരുന്നു. എന്നാല്‍ കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ ഇതുസംബന്ധിച്ച് ഒരു പ്രതികരണവും ധോണി നടത്തിയിരുന്നില്ല.
ഒത്തുകളി സംബന്ധിച്ച് ജസ്റ്റിസ് മുകുള്‍ മുദ്ഗല്‍ കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന ഇനിയും പുറത്തുവിടാത്ത 13 കളിക്കാരുടെ ലിസ്റ്റില്‍ ധോണിയുള്‍പ്പെട്ടിട്ടുണ്ടെന്ന് പ്രചരണമുണ്ടായിരുന്നു. ഈ വിഷയത്തിലാണു ധോണിയുടെ പ്രതികരണം വന്നിരിക്കുന്നത്.
” എനിക്കു ഒരു കാര്യമറിയാം, എന്താണു കാര്യമെന്നറിയാതെ, ഇന്ത്യന്‍ ക്രിക്കറ്റിന്റെ കാര്യം വരുമ്പോള്‍, എന്റെ പേരും ഉയര്‍ന്നുകേള്‍ക്കുന്നു. ഇനി ഇതിലൊരു അന്ത്യമായാല്‍ പുതിയ എന്തെങ്കിലും ആവിര്‍ഭവിക്കും. ആവിര്‍ഭാവം സംഭവിച്ചുകൊണ്ടേയിരിക്കും. ഞാന്‍ പതിവായി അതിനു വിധേയനായിക്കൊണ്ടിരിക്കുകയാണ്.” ഓസ്‌ട്രേലിയയ്‌ക്കെതിരായ മത്സരത്തിനു മുന്നോടിയായി ധോണി പറഞ്ഞു.
“അഥവാ അവിടെ ഒന്നുമില്ലെങ്കില്‍ ചെറുതോ വലുതോ ആയ നുണപ്രചരണങ്ങള്‍ വരും. ഈ കാര്യങ്ങളെല്ലാം കൈകാര്യം ചെയ്യേണ്ട സ്ഥിതി എനിക്കു വരുന്നു. ഒരു കഥ അവസാനിച്ചാല്‍ രണ്ടു ദിവസത്തിനുള്ളില്‍ മറ്റൊരു കഥ ആരംഭിച്ചിരിക്കും.” ധോണി പറഞ്ഞു.
ഐ.പി.എല്‍ ഒത്തുകളിയുമായി ബന്ധപ്പെട്ട വിധിയില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഉടമകളിലൊരാളായ ഗുരുനാഥ് മെയ്യപ്പന്‍, രാജസ്ഥാന്‍ റോയല്‍സ് ഉടമ രാജ് കുന്ദ്ര എന്നിവര്‍ക്കെതിരായ കുറ്റം തെളിയിക്കപ്പെട്ടതായി കോടതി കണ്ടെത്തിയിരുന്നു. അതേസമയം മുന്‍ ബി.സി.സി.ഐ പ്രസിഡന്റ് എന്‍ ശ്രീനിവാസനെതിരായ കുറ്റങ്ങള്‍ക്കു തെളിവില്ലെന്നും കോടതി കണ്ടെത്തിയിരുന്നു.
എന്നാല്‍ അദ്ദേഹത്തിനു ക്ലീന്‍ ചിറ്റ് നല്‍കാന്‍ കോടതി തയ്യാറായിട്ടില്ല. ഇതിനു പുറമേ ശ്രീനിവാസനെ ബി.സി.സി.ഐ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നും വിലക്കിയിരുന്നു.