കഴിഞ്ഞ ദിവസമായിരുന്നു ഐ.പി.എല്ലിലെ എല്‍ ക്ലാസിക്കോ മത്സരം വാംഖഡെയില്‍ അരങ്ങേറിയത്. ചെന്നൈയും മുംബൈയും കൊമ്പുകോര്‍ക്കുമ്പോള്‍ സാധാരണയുണ്ടാവുന്ന ആവേശം ഉണ്ടായിരുന്നില്ലെങ്കിലും മത്സരത്തിന്റെ വീറും വാശിയും ഇരുകൂട്ടര്‍ക്കുമുണ്ടായിരുന്നു.
ഐ.പി.എല്ലില്‍ തങ്ങളുടെ എക്കാലത്തേയും രണ്ടാമത്തെ മോശം സ്‌കോറിനായിരുന്നു ചെന്നൈ സൂപ്പര്‍ കിംഗ്‌സ് പുറത്തായത്. മുന്‍നിര വിക്കറ്റുകള്‍ ഓരോന്നായി വീണപ്പോള്‍ മൂന്നക്കം തികയ്ക്കും മുമ്പ് തന്നെ ധോണിപ്പടയിലെ എല്ലാവരും കൂടാരം കയറിയിരുന്നു.
16 ഓവറില്‍ 97 റണ്‍സായിരുന്നു ഡിഫന്‍ഡിംഗ് ചാമ്പ്യന്‍സ് സ്വന്തമാക്കിയത്. ധോണി ക്രീസില്‍ നിന്ന് കളിച്ചില്ലായിരുന്നുവെങ്കില്‍ ചെന്നൈയുടെ സ്ഥിതി ഇതിലും മോശമായേനേ.
33 പന്തില്‍ നിന്നും പുറത്താവാതെ 36 റണ്‍സ് നേടിയാണ് ധോണി ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ മാനം കാത്തത്. ടീമിന്റെ ടോപ് സ്‌കോററും ധോണി തന്നെയായിരുന്നു.
ഇതോടെ ഐ.പി.എല്ലിലെ ഒരു സൂപ്പര്‍ റെക്കോഡും താരത്തെ തേടി എത്തിയിരിക്കുകയാണ്. അവസാന അഞ്ച് ഓവറില്‍, അതായത് 16 മുതല്‍ 20 വരെയുള്ള ഓവറില്‍ 3,000 റണ്‍സ് തികയ്ക്കുന്ന ആദ്യ താരമായിരിക്കുകയാണ് ധോണി.
175.20 ആണ് അവസാന അഞ്ച് ഓവറിലെ ധോണിയുടെ സ്‌ട്രൈക്ക് റേറ്റ്. 224 ബൗണ്ടറികളും 172 സിക്‌സറുകളുമാണ് താരം അവസാന അഞ്ച് ഓവറില്‍ അടിച്ചുകൂട്ടിയത്. സിക്‌സറുകളുടെ എണ്ണത്തിലും ധോണി തന്നെയാണ് മുമ്പന്‍.
ലോകത്തിലെ മികച്ച ഫിനിഷര്‍ എന്ന് ധോണിയെ വിളിക്കുന്നതിന്റെ കാരണം വ്യക്തമാക്കുന്നതാണ് ഈ കണക്കുകള്‍.
തന്റെ ഐ.പി.എല്‍ കരിയറില്‍ 39.55 ആവറേജില്‍ 4,945 റണ്‍സാണ് താരം അടിച്ചുകൂട്ടിയത്. 135.83 ആണ് താരത്തിന്റെ സ്‌ട്രൈക്ക് റേറ്റ്.
ഐ.പി.എല്ലില്‍ ധോണിക്ക് ഒരു സെഞ്ച്വറി പോലും നേടാന്‍ സാധിച്ചിട്ടില്ല എന്നതാണ് രസകരമായ മറ്റൊരു വസ്തുത. 84* താരത്തിന്റെ മികച്ച സ്‌കോര്‍. 23 അര്‍ധശതകങ്ങളും 15 വര്‍ഷത്തെ തന്റെ ഐ.പി.എല്‍ കരിയറില്‍ താരം സ്വന്തമാക്കിയിട്ടുണ്ട്.