ന്യൂദല്‍ഹി: കരസേനയുടെ ബലിദാന്‍ ചിഹ്നമുള്ള കീപ്പിങ് ഗ്ലൗസുമായി കളിക്കളത്തിലിറങ്ങിയ മഹേന്ദ്ര സിങ് ധോനിക്ക് പിന്തുണയുമായി ബി.സി.സി.ഐയും. ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരത്തില്‍ ഈ ഗ്ലൗസുമായി കളിക്കാനിറങ്ങിയ ധോനിയോട് ആ ചിഹ്നം ഗ്ലൗസില്‍ നിന്ന് ഒഴിവാക്കണമെന്ന് ഐ.സി.സി ആവശ്യപ്പെട്ടിരുന്നു.
ധോനിക്ക് ബലിദാന്‍ ചിഹ്നമുള്ള ഗ്ലൗസുമായി അടുത്ത മത്സരത്തിനിറങ്ങാന്‍ അനുവാദം തേടി ബി.സി.സി.ഐ ഐ.സി.സിക്കു കത്തയച്ചുകഴിഞ്ഞു. ഇക്കാര്യം കമ്മിറ്റി ഓഫ് അഡ്മിനിസ്‌ട്രേറ്റേഴ്‌സ് (സി.ഒ.എ) തലവന്‍ വിനോദ് റായിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. സി.ഒ.എ യോഗവും ഇതോടൊപ്പം നടക്കുന്നുണ്ട്.
വിവാദ ഗ്ലൗസുമായി കളിക്കുന്നതിനെ എതിര്‍ക്കരുതെന്ന് ഐ.പി.എല്‍ ചെയര്‍മാന്‍ രാജീവ് ശുക്ലയും ഐ.സി.സിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ‘മതപരമായോ വാണിജ്യപരമായോ ഒന്നും അതിലില്ല. രാജ്യത്തിന്റെ അഭിമാനം സംബന്ധിച്ച കാര്യമാണത്.’- ശുക്ല പറഞ്ഞു.
ബുധനാഴ്ച ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ നടന്ന മത്സരത്തിലായിരുന്നു ധോനി ഈ ഗ്ലാസുമായി കളിക്കാനിറങ്ങിയത്. മത്സരത്തിനുശേഷമാണ് ഐ.സി.സി സ്ട്രാറ്റജിക് കമ്മ്യൂണിക്കേഷന്‍സ് ജനറല്‍ മാനേജര്‍ ക്ലാരീ ഫര്‍ലോങ് ഈ ചിഹ്നം മാറ്റണമെന്ന് ബി.സി.സി.ഐയോട് ആവശ്യപ്പെട്ടത്. ഐ.സി.സിയാണ് ഇക്കാര്യത്തില്‍ അവസാന തീരുമാനം എടുക്കേണ്ടതെന്നും അവര്‍ വ്യക്തമാക്കി.
എന്നാല്‍ ഐ.സി.സിയുടെ നടപടിക്കെതിരേ വ്യാപക പ്രതിഷേധമാണ് ഇന്ത്യന്‍ ആരാധകരുടെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്. #DhoniKeepTheGlove എന്ന ഹാഷ് ടാഗാണ് ഇപ്പോള്‍ ധോനിക്കുവേണ്ടി സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
ധോനിക്കു പിന്തുണയുമായി ധനമന്ത്രി നിര്‍മലാ സീതാരാമനും ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം മുന്‍ ക്യാപ്റ്റന്‍ ബൈച്ചുങ് ബൂട്ടിയയും രംഗത്തെത്തിയിരുന്നു.
ഐ.സി.സി ടൂര്‍ണമെന്റുകളില്‍ ഉപയോഗിക്കുന്ന വസ്ത്രങ്ങളിലും ഉപകരണങ്ങളിലും മതം, രാഷ്ട്രീയം, വര്‍ഗം തുടങ്ങിയവയുമായി ബന്ധപ്പെട്ട ചിഹ്നങ്ങള്‍ ഒന്നും തന്നെ ഉണ്ടാകരുതെന്ന നിയമമുണ്ട്.
2011-ല്‍ ധോനിയെ രാജ്യം ലെഫ്റ്റനന്റ് കേണല്‍ പദവി നല്‍കി ആദരിച്ചിരുന്നു.