Sports News
ഗൂഗിള്‍ മാപ്പോ എന്തിന്? 'നമുക്ക് ചോയ്ച്ച് ചോയ്ച്ച് പോവാം'; ആരാധകരോട് വഴി ചോദിച്ച് എം.എസ്. ധോണി
സ്പോര്‍ട്സ് ഡെസ്‌ക്
2023 Aug 12, 03:43 pm
Saturday, 12th August 2023, 9:13 pm

 

ഇന്ത്യന്‍ ടീം കണ്ട എക്കാലത്തെയും മികച്ച ക്യാപ്റ്റനായ എം.എസ്. ധോണി തന്റെ റിട്ടയര്‍മെന്റ് ജീവിതം ആസ്വദിക്കുകയാണ്. ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പം ഈ വര്‍ഷം താരം അഞ്ചാം ഐ.പി.എല്‍ കിരീടം നേടിയിരുന്നു.

അതിന് ശേഷം ഫാമിലിക്കൊപ്പവും പ്രൊഡക്ഷന്‍ ചെയ്യുന്ന പുതിയ സിനിമയുടെ പ്രൊമോഷനുമായി എം.എസ്.ഡി തിരക്കായിരുന്നു. റാഞ്ചിയിലുള്ള അദ്ദേഹത്തിന്റെ ഒരുപാട് വീഡിയോകള്‍ വൈറലായിരുന്നു.

ഇപ്പോഴിതാ എക്‌സ് ക്യാപ്റ്റന്റെ ഏറ്റവും പുതിയ വീഡിയോയാണ് സോഷ്യല്‍ മീഡിയയല്‍ വൈറലാകുന്നത്. താരം കാറില്‍ ഇരുന്നുകൊണ്ട് കുറച്ച് ആള്‍ക്കാരോട് വഴി ചോദിക്കുന്നതും അതിന് ശേഷം അവരുടെ കൂടെ സെല്‍ഫി എടുക്കുന്നതുമാണ് പ്രസ്തുത വീഡിയോയില്‍ കാണാന്‍ സാധിക്കുക.

വഴി നോക്കാന്‍ ജി.പി.എസ് ഉപയോഗിക്കുന്ന ഈ കാലത്തും ക്യാപ്റ്റന്‍ കൂള്‍ വ്യത്യസ്തനാണ്. അദ്ദേഹത്തിന്റെ കയ്യില്‍ ഫോണ്‍ പോലുമില്ലായിരുന്നു എന്നുള്ളത് മറ്റൊരു കൗതുകകരമായ കാര്യം. അദ്ദേഹം മൊബൈല്‍ ഉപയോഗിക്കുന്നുണ്ടോ എന്നുള്ള കാര്യത്തില്‍ ഇപ്പോഴും ഒരുപാട് ഡിബേറ്റുകള്‍ നടക്കുന്നുണ്ട്.

ഐ.പി.എല്‍ 2023 ന് ശേഷം താരം ഇടത്തെ മുട്ടിന് സര്‍ജറി ചെയ്തിരുന്നു. ഐ.പി.എല്‍ സീസണ്‍ മുഴുവനായും ധോണി മുട്ടിന് പരിക്കുമായാണ് കളിച്ചതെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു

 

Content Highlight: Ms Dhoni Asking Routes and Taking Selfies with fans