| Tuesday, 18th April 2023, 10:57 pm

മഹിരാട് ഒന്നായി സേര്‍ന്താല്‍ മാസ് ഡാ... ധോണിയുടെയും വിരാടിന്റെയും ബ്രോമാന്‍സ് ആഘോഷമാക്കി സോഷ്യല്‍ മീഡിയ

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ ഏറ്റവുമധികം ആരാധകരുള്ള ടീമുകള്‍ തമ്മില്‍ മാറ്റുരച്ച മത്സരമായിരുന്നു കഴിഞ്ഞ ദിവസം ചിന്നസ്വാമിയില്‍ വെച്ച് നടന്നത്. ചെന്നൈ സൂപ്പര്‍ കിങ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും തമ്മിലുള്ള സതേണ്‍ ഡാര്‍ബി എന്നതിനേക്കാള്‍ മുന്‍ ഇന്ത്യന്‍ നായകന്‍മാരായ എം.എസ്. ധോണിയും വിരാട് കോഹ്‌ലിയും പരസ്പരം ഏറ്റുമുട്ടുന്നു എന്നതായിരുന്നു മത്സരത്തിന്റെ പ്രധാന പോയിന്റ് ഓഫ് അട്രാക്ഷന്‍.

ഒരുപക്ഷേ വിരാടും ധോണിയും ഐ.പി.എല്‍ ജേഴ്‌സിയില്‍ ഇനി ഏറ്റമുട്ടാന്‍ സാധ്യതയില്ല എന്നതും മത്സരത്തിന് ഹൈപ്പ് നല്‍കിയിരുന്നു. ഈ സീസണോടെ ധോണി ഐ.പി.എല്ലില്‍ നിന്നും വിരമിക്കാന്‍ സാധ്യത കല്‍പിക്കുന്നതിനാല്‍ മഹിരാടിന്റെ അവസാന ലീഗ് ഘട്ട മത്സരം ആരാധകര്‍ ആവേശത്തോടെയാണ് സ്വീകരിച്ചത്.

ഇവര്‍ തമ്മിലുള്ള പോരാട്ടം കണ്ട് കൊതി തീര്‍ന്നില്ലെന്നും നോക്ക് ഔട്ട് ഘട്ടത്തിലും സി.എസ്.കെയും ഏറ്റുമുട്ടണമെന്നും ആരാധകര്‍ പറയുന്നുണ്ട്.

മത്സരശേഷം വിരാട് ധോണിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചതോടെ സോഷ്യല്‍ മീഡിയക്ക് വീണ്ടും തീ പിടിച്ചിരുന്നു. മത്സരശേഷം ഇരുവരും തമ്മില്‍ ആലിംഗനം ചെയ്യുന്ന ചിത്രമാണ് താരം പങ്കുവെച്ചത്.

റോയല്‍ ചലഞ്ചേ്‌സ് ബെംഗളൂരുവിനെയും തന്നെയും കുറിക്കുന്ന ചുവന്ന ഹൃദയ ചിഹ്നവും ചെന്നൈ സൂപ്പര്‍ കിങ്‌സിനെയും ധോണിയെയും കുറിക്കുന്ന മഞ്ഞ നിറത്തിലുള്ള ഹൃദയ ചിഹ്നവും ഇന്ത്യയുടെ പതാകയും ഉള്‍പ്പെടുത്തിയാണ് കോഹ്‌ലി ചിത്രത്തിന് ക്യാപ്ഷന്‍ നല്‍കിയത്.

ഇരുവരുടെയും ബ്രോമാന്‍സ് സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയായിരുന്നു.

അതേസമയം, കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സിനെ എട്ട് റണ്‍സിന് തോല്‍പിച്ച് സി.എസ്.കെ പോയിന്റ് ടേബിളില്‍ വന്‍ കുതിപ്പ് നടത്തിയിരുന്നു. അഞ്ച് മത്സരത്തില്‍ നിന്നും മൂന്ന് വിജയവുമായി പോയിന്റ് ടേബിളില്‍ മൂന്നാം സ്ഥാനത്താണ് സി.എസ്.കെ.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 226 റണ്‍സ് നേടിയിരുന്നു. ഡെവോണ്‍ കോണ്‍വേയുടെയും ശിവം ദുബെയുടെയും അര്‍ധ സെഞ്ച്വറികളായിരുന്നു ചെന്നൈക്ക് തുണയായത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ബെംഗളൂരുവിന് തുടക്കത്തിലേ പിഴച്ചിരുന്നുവെങ്കിലും ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലെസിസും ഗ്ലെന്‍ മാക്‌സ്‌വെല്ലും ചേര്‍ന്ന് ടീമനെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. ഒരുവേള ഇരുവരും ചേര്‍ന്ന് ടീമിനെ വിജയിപ്പിക്കുമെന്ന് തോന്നിച്ചെങ്കിലും ധോണിയുടെ രണ്ട് തകര്‍പ്പന്‍ ക്യാച്ചില്‍ ഇരുവരും പുറത്തായതോടെ ആര്‍.സി.ബിയുടെ മോഹങ്ങള്‍ അവസാനിക്കുകയായിരുന്നു.

Content Highlight: MS Dhoni and Virat Kohli’s bromance goes viral

We use cookies to give you the best possible experience. Learn more