കഴിവും പരിശ്രമവും കൊണ്ട് ലോക ക്രിക്കറ്റില്‍ പേരെടുത്ത താരമാണ് എം.എസ്. ധോണി. തന്റെ കരിയറിലുടനീളം മികച്ച ബാറ്റിങ് ആയിരുന്നു താരം ഇന്ത്യക്കായി പുറത്തെടത്തിരുന്നത്. അദ്ദേഹത്തില്‍ പിറന്ന സിക്‌സറുകളെ പ്രശംസിക്കാത്ത ക്രിക്കറ്റ് ആരാധകരുണ്ടാകില്ല.
ബൗണ്ടറികളും കടന്ന് സ്‌റ്റേഡിയത്തിന് പുറത്തേക്ക് പന്തടിച്ച് പറത്തുകയായിരുന്നു അദ്ദേഹത്തിന്റെ ശീലം. കൈക്കരുത്തിനൊപ്പം ശരിയായ ബാറ്റുകളുടെ തെരഞ്ഞെടുപ്പുമാണ് ധോണിയെ കൂറ്റന്‍ സിക്സറുകള്‍ കണ്ടെത്താന്‍ സഹായിച്ചിരുന്നത്.
താരത്തിന്റെ പിന്‍ഗാമികളാണെന്നാണ് പൊതുവെ ഹര്‍ദിക് പാണ്ഡ്യയെയും റിഷബ് പന്തിനെയും വിശേഷിപ്പിക്കാറ്. ബാറ്റിങ് കൂടുതല്‍ ശക്തമാക്കാന്‍ ഇരുവര്‍ക്കും പുതിയ ഉപദേശവുമായി എത്തിയിരിക്കുകയാണ് ഇപ്പോള്‍ ധോണി.
പന്തുകള്‍ അനായാസം ബൗണ്ടറി ലൈന്‍ കടത്താന്‍ റൗണ്ട് ബോട്ടം ബാറ്റുകള്‍ ഉപയോഗിക്കണമെന്നാണ് ഇരുവര്‍ക്കും ധോണിയുടെ ഉപദേശം.
ഓസ്ട്രേലിയയിലെ വലിയ ഗ്രൗണ്ടുകളില്‍ പതിവ് ഹിറ്റുകള്‍കൊണ്ട് മാത്രം കാര്യമില്ലെന്ന് ടി-20 ലോകകപ്പിന്റെ തുടക്കം മുതല്‍ തെളിയിച്ചതാണ്.
ധോണിയടെ ഉപദേശം സ്വീകരിച്ച് ഹര്‍ദിക് നേരത്തെ റൗണ്ട് ബോട്ടം ബാറ്റുകള്‍ ഉപയോഗിച്ച് തുടങ്ങിയിരുന്നു. അതിന്റെ ഫലം പാകിസ്ഥാനെതിരെ ഉണ്ടായിട്ടുണ്ടെന്ന് ഹര്‍ദിക് പറയുകയും ചെയ്തിരുന്നു.
പന്തിന് ഇതുവരെ പ്ലെയിങ് ഇലവനില്‍ സ്ഥാനം ലഭിച്ചിട്ടില്ല. ദിനേശ് കാര്‍ത്തികാണ് വിക്കറ്റിന് പിന്നില്‍. എന്നാല്‍ ലോകകപ്പില്‍ ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചപ്പോഴെല്ലാം കാര്‍ത്തിക് നിരാശപ്പെടുത്തി.
അതുകൊണ്ടുതന്നെ അടുത്ത മത്സരത്തില്‍ പന്തിനെ ഉള്‍പ്പെടുത്തണമെന്ന ആവശ്യം ഉയരുന്നുണ്ട്.
നവംബര്‍ രണ്ടിന് ബംഗ്ലാദേശിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം. അന്ന് ജയിച്ചാല്‍ ഇന്ത്യക്ക് സെമി ഉറപ്പാക്കാം.
നിലവില്‍ ഗ്രൂപ്പ് രണ്ടില്‍ രണ്ടാം സ്ഥാനത്താണ്. കഴിഞ്ഞ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയോട് തോറ്റതോടെയാണ് രണ്ടാം സ്ഥാനത്തേക്കിറങ്ങിയത്.
മൂന്ന് മത്സരങ്ങളില്‍ നാല് പോയിന്റാണ് ഇന്ത്യക്ക്. ദക്ഷിണാഫ്രിക്ക അഞ്ച് പോയിന്റുമായി ഒന്നാമതാണ്. ബംഗ്ലാദേശിനെ കൂടാതെ സിംബാബ്വെയെയാണ് ഇന്ത്യക്ക് നേരിടേണ്ടത്. നേരത്തെ പാകിസ്ഥാന്‍, നെതര്‍ലന്‍ഡ്സ് ടീമുകളെ ഇന്ത്യ തോല്‍പ്പിച്ചിരുന്നു.
Content Highlights: MS Dhoni advices Hardik Pandya and Rishabh Pant about batting