| Thursday, 1st August 2024, 12:50 pm

അതെന്റെ ഹൃദയം തകര്‍ത്ത നിമിഷമായിരുന്നു: എം.എസ്. ധോണി

സ്പോര്‍ട്സ് ഡെസ്‌ക്

2019 ഏകദിന ലോകകപ്പില്‍ സെമി ഫൈനലില്‍ ന്യൂസിലാന്‍ഡിനോട് തോറ്റാണ് ഇന്ത്യ തങ്ങളുടെ കിരീടമോഹം അവസാനിപ്പിച്ചത്. എം.എസ്. ധോണിയുടെ റണ്‍ ഔട്ടായിരുന്നു ആ മത്സരത്തിന്റെ ഗതി തന്നെ മാറ്റി മറിച്ചത്. മാര്‍ട്ടിന്‍ ഗപ്ടിലിന്റെ ഡയറക്ട് ഹിറ്റില്‍ റണ്‍ ഔട്ടായാണ് ധോണി മടങ്ങിയത്.

ഇന്ത്യക്ക് വിജയിക്കാന്‍ 10 പന്തില്‍ 25 റണ്‍സ് വേണമെന്നിരിക്കവെയാണ് ധോണി ആ ട്രിക്കി റണ്ണിന് ശ്രമിച്ചത്. എന്നാല്‍ ഗപ്ടില്ലിന്റെ അളന്നുമുറിച്ചുള്ള ത്രോ ധോണിക്ക് പവലിയനിലേക്കുള്ള വഴി കാണിക്കുകയായിരുന്നു.

ആ റണ്‍ ഔട്ടിന് പിന്നാലെ ഓണ്‍ ഫീല്‍ഡ് അമ്പയറായിരുന്ന റിച്ചാര്‍ഡ് കെറ്റില്‍ബെറോയുടെ മുഖഭാവവും ഒരു ക്രിക്കറ്റ് ആരാധകനും മറക്കില്ല. ഒടുവില്‍ 18 റണ്‍സിന് ഇന്ത്യ മത്സരത്തില്‍ പരാജയപ്പെടുകയായിരുന്നു. ഒരുപക്ഷേ ധോണി ഒരു ഡൈവിന് ശ്രമിച്ചിരുന്നെങ്കില്‍ മത്സരത്തിന്റെ വിധി തന്നെ മറ്റൊന്നാകുമായിരുന്നു.

ആ സെമി ഫൈനലിനെ കുറിച്ച് സംസാരിക്കുന്ന എം.എസ്. ധോണിയുടെ ഒരു വീഡിയോ ആണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. ഒരു ചടങ്ങിനിടെ ആരാധകരില്‍ ഒരാളുടെ ചോദ്യത്തിന് മറുപടിയെന്നോണമാണ് ധോണി ഇക്കാര്യം പറയുന്നത്.

‘അത് ഏറെ ബുദ്ധിമുട്ടേറിയതായിരുന്നു, ഇതെന്റെ അവസാന ലോകകപ്പാകുമെന്ന് എനിക്ക് ഉറപ്പായിരുന്നു. ഇക്കാരണം കൊണ്ടുതന്നെ വിജയം എന്നത് ഏറെ മികച്ചതുമായിരുന്നു. അത് ഹൃദയം തകര്‍ത്ത നിമിഷമായിരുന്നു, ഞങ്ങളത് ഉള്‍ക്കൊള്ളാനും മുന്നോട്ട് പോകാനും ശ്രമിച്ചു.

ലോകകപ്പിന് ശേഷം എനിക്ക് സമയം ലഭിച്ചിരുന്നു. ആ ലോകകപ്പിന് ശേഷം ഞാന്‍ അന്താരാഷ്ട്ര മത്സരമൊന്നും കളിച്ചിരുന്നില്ല, ഇക്കാരണത്താല്‍ തന്നെ എനിക്ക് ഏറെ സമയം ലഭിച്ചിരുന്നു.

അതെ, അത് ഹൃദയം തകര്‍ത്ത നിമിഷം തന്നെയായിരുന്നു. എന്നിരുന്നാലും നിങ്ങള്‍ അതില്‍ നിന്നും പുറത്തുകടക്കണം. തങ്ങളാലാകുന്നതുപോലെ ശ്രമിച്ചു, പക്ഷേ വിജയിക്കാന്‍ സാധിച്ചില്ല എന്നത് ഉള്‍ക്കൊള്ളുക,’ ധോണി പറഞ്ഞു.

തന്റെ പ്രിയപ്പെട്ട ബൗളറെ കുറിച്ചും ധോണി സംസാരിച്ചു. നിലവില്‍ തന്റെ ഏറ്റവും പ്രിയപ്പെട്ട ബൗളര്‍ ജസ്പ്രീത് ബുംറയാണെന്നും എന്നാല്‍ ബാറ്റര്‍മാര്‍ക്കിടയില്‍ അത്തരത്തിലൊരു തെരഞ്ഞെടുപ്പ് ബുദ്ധിമുട്ടാണെന്നും ധോണി പറഞ്ഞു.

‘ബൗളര്‍മാരെയാണെങ്കില്‍ എനിക്ക് എളുപ്പത്തില്‍ പറയാന്‍ കഴിയും അത് ബുംറയാണെന്ന്. എന്നാല്‍ ഒരു ബാറ്ററെ തെരഞ്ഞെടുക്കുക എന്നുള്ളത് ബുദ്ധിമുട്ടാണ്. കാരണം ഇന്ത്യക്ക് ഒരുപാട് മികച്ച ബാറ്റര്‍മാരുണ്ട്. ഇന്ത്യന്‍ ടീം ഇപ്പോള്‍ നന്നായി കളിക്കുന്നുണ്ട്. താരങ്ങള്‍ നന്നായി സ്‌കോര്‍ ചെയ്യുന്നു. അതുകൊണ്ടാണ് ഞാന്‍ ഒരു ബൗളറെ മാത്രം തെരഞ്ഞെടുത്തത്,’ ധോണി പറഞ്ഞു.

Content highlight: MS Dhoni about 2019 ICC World Cup

We use cookies to give you the best possible experience. Learn more