ഐ.സി.സിയുടെ എല്ലാ പ്രധാന ട്രോഫികളും ബി.സി.സി.ഐയുടെ ഷെല്‍ഫിലേക്ക് എത്തിക്കാന്‍ സഹായിച്ച ഇന്ത്യന്‍ ക്രിക്കറ്റിന്റെ എക്കാലത്തേയും മികച്ച നായകന്‍ എം.എസ്. ധോണിക്ക് ഇന്ന് 42ാം പിറന്നാള്‍. പ്രിയപ്പെട്ട തലയുടെ ജന്മദിനം ലോകമെങ്ങുമുള്ള ആരാധകര്‍ ഇന്ന് ആഘോഷിക്കുകയാണ്.
റാഞ്ചിയിലെ ഒരു മിഡില്‍ ക്ലാസ് കുടുംബത്തില്‍ ജനിച്ച് കഠിനാധ്വാനവും പ്രതിഭയും കൊണ്ട് ലോക കായിക ചരിത്രത്തിലെ ഇതിഹാസ നേട്ടങ്ങള്‍ സ്വന്തമാക്കിയ ക്രിക്കറ്ററാണ് മഹേന്ദ്ര സിങ് ധോണി.
ഇന്ത്യയുടെ എക്കാലത്തെയും മികച്ച നായകനെന്ന് നിസംശയം അദ്ദേഹത്തെ വിളിക്കാനാകും. ഇതിഹാസ താരം കപില്‍ ദേവിന് ശേഷം ഇന്ത്യക്ക് രണ്ട് തവണ ലോകകപ്പ് നേടിക്കൊടുത്ത നായകനാണ് അദ്ദേഹം. ഏത് പ്രതിസന്ധിഘട്ടത്തെയും വളരെ കൂള്‍ ആയി കൈകാര്യം ചെയ്യാനുള്ള സിദ്ധി അദ്ദേഹത്തെ മറ്റു താരങ്ങളില്‍ വ്യത്യസ്തനാക്കി.
വിക്കറ്റ് പിന്നിലും നിമിഷാര്‍ധങ്ങള്‍ കൊണ്ട് ധോണി തീര്‍ക്കുന്ന മഹേന്ദ്ര ജാലങ്ങള്‍ ആരാധകര്‍ക്ക് ഇനിയും കണ്ട് കൊതി തീര്‍ന്നിട്ടില്ലെന്നതാണ് യാഥാര്‍ത്ഥ്യം. എതിരാളികളുടെ ഗ്രൗണ്ടുകളില്‍ പോലും സി.എസ്.കെക്ക് വേണ്ടി ധോണി ബാറ്റ് ചെയ്യാനിറങ്ങുമ്പോള്‍ സ്റ്റേഡിയം വിറപ്പിക്കുന്ന ഫാന്‍ ചാന്റിങ്ങുകള്‍ മുഴങ്ങുന്നത് അതിന് തെളിവാണ്.
അന്നും ഇന്നും ധോണിയാണ് ചെന്നൈയുടെ ബെസ്റ്റ് ഫിനിഷര്‍ എന്നത് കഴിഞ്ഞ ഐ.പി.എല്‍ സീസണ്‍ തെളിയിച്ചു. കുട്ടി ക്രിക്കറ്റിന്റെ ലിമിറ്റഡ് ഓവര്‍ ഫോര്‍മാറ്റില്‍ കിട്ടിയ അവസരങ്ങളിലെല്ലാം തല ആരാധകരുടെ ഹൃദയങ്ങളിലേക്കാണ് സിക്‌സറുകള്‍ പായിച്ചത്.
2023ലെ ഐ.പി.എല്‍ കിരീടം ചെന്നൈയുടെ ഷെല്‍ഫിലെത്തിച്ച് ധോണിയെ വെല്ലാന്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ മറ്റൊരു സൂപ്പര്‍ ക്യാപ്ടന്‍ ജനിക്കേണ്ടിയിരിക്കുന്നു എന്നും ധോണി വെല്ലുവിളിക്കുകയാണ്. ആറ് ഐ.പി.എല്‍ കിരീടങ്ങളാണ് ക്യാപ്ടന്‍ ധോണി തന്റെ ടീമിന് സമ്മാനിച്ചിരിക്കുന്നത്.
ധോണിയുടെ 42ാം പിറന്നാളിനോട് അനുബന്ധിച്ച് രാജ്യത്തിന്റെ പലഭാഗങ്ങളിലും ധോണിയുടെ കൂറ്റന്‍ കട്ടൗട്ടുകള്‍ ആരാധകര്‍ ഉയര്‍ത്തിയിട്ടുണ്ട്. ഹൈദരാബാദില്‍ 52 അടി ഉയരുമുള്ള പടുകൂറ്റന്‍ കട്ടൗട്ടാണ് ഇതിലേറ്റവും വലുത്. ക്രിക്കറ്റ്, സിനിമാ, രാഷ്ട്രീയ രംഗത്തെ നിരവധി പേരാണ് താരത്തിന് പിറന്നാള്‍ ആശംസയറിയിച്ച് രംഗത്തെത്തുന്നത്.
#GOAT എന്ന ഹാഷ്ടാഗിനൊപ്പം തന്നെ #HappyBirthdayMSDhoni എന്ന ഹാഷ്ടാഗും ട്വിറ്ററില്‍ ട്രെന്‍ഡിങ്ങില്‍ ഇടംപിടിച്ചിട്ടുണ്ട്. ചെന്നൈ സൂപ്പര്‍ കിങ്‌സും തലയ്ക്ക് പിറന്നാള്‍ ആശംസകള്‍ അറിയിച്ചിട്ടുണ്ട്. #CelebratingThala today, tomorrow and forever എന്നാണ് ചെന്നൈയുടെ ഒഫീഷ്യല്‍ പേജില്‍ വന്ന തലവാചകം. ആരാധകര്‍ക്ക് ധോണി എല്ലാക്കാലത്തും ഒരുപോലെ രോമാഞ്ചമാണെന്ന് പറഞ്ഞുവെക്കുകയാണ് ടീം മാനേജ്‌മെന്റ്.