| Thursday, 25th April 2024, 11:34 am

മലയാളത്തില്‍ മാത്രമേ നല്ല സിനിമകള്‍ ഉണ്ടാകുന്നുള്ളോ? തമിഴിനെ താഴ്ത്തിക്കെട്ടുന്നത് എന്തിനാണ്: മഞ്ഞുമ്മല്‍ ബോയ്‌സിനെക്കുറിച്ചുള്ള ചോദ്യത്തില്‍ എം.എസ് ഭാസ്‌കര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തമിഴ് സിനിമയില്‍ ഈയടുത്ത് നല്ല സിനിമകളൊന്നും വരാത്തതും മഞ്ഞുമ്മല്‍ ബോയ്‌സ് പോലെ അന്യഭാഷാ സിനിമകള്‍ തമിഴില്‍ ഗംഭീരവിജയം നേടുന്നതിനെക്കുറിച്ചും ചോദിച്ച ചോദ്യത്തില്‍ ക്ഷുഭിതനായി തമിഴ് സീനിയര്‍ നടന്‍ എം.എസ് ഭാസ്‌കര്‍. താരത്തിന്റെ പുതിയ ചിത്രമായ ഒരു നൊടിയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് റെഡ് നൂലില്‍ നല്‍കിയ അഭിമുഖത്തിലാണ് ഈ സംഭവം നടന്നത്.

മറ്റ് ഇന്‍ഡസ്ട്രികളെ പൊക്കിപ്പറയാന്‍ വേണ്ടി തമിഴിനെ എന്തിന് താഴ്ത്തിക്കെട്ടണമെന്നും, തമിഴില്‍ എത്രയോ നല്ല സിനിമകള്‍ ഇറങ്ങുന്നുണ്ട് അതൊന്നും കാണുന്നില്ലേയെന്നും ഭാസ്‌കര്‍ ചോദിച്ചു. പാര്‍ക്കിങ്, എട്ട് തോട്ടാക്കള്‍, മൊഴി തുടങ്ങി ഭാസ്‌കര്‍ അഭിനയിച്ച സിനിമകളെ ഉദാഹരണമാക്കിയാണ് ഇക്കാര്യം പറഞ്ഞത്. അവതാരകന്റെ ചോദ്യത്തിന് മറുപടി പറയാന്‍ തുടങ്ങിയ സംവിധായകനെ പറയാന്‍ സമ്മതിക്കാതെയാണ് എം.എസ് ഭാസ്‌കര്‍ ഇക്കാര്യം പറഞ്ഞത്.

‘പാര്‍ക്കിങ്, എട്ട് തോട്ടാക്കള്‍, മൊഴി.. ഇതെല്ലാം തമിഴില്‍ ഉണ്ടായ സിനിമകളാണ്. ഇതൊക്കെ നല്ല സിനിമകളല്ലേ? ഇതൊന്നും നിങ്ങള്‍ കണ്ടിട്ടില്ലേ? മലയാളത്തില്‍ നല്ല സിനിമകള്‍ മാത്രമേ ഉണ്ടാകുന്നുള്ളോ? അവിടെയും മോശം സിനിമകള്‍ ഉണ്ടാകാറുണ്ട്. അതാരും പറയുന്നില്ല. നല്ലത് മാത്രമേ എല്ലാവരും പറയുന്നുള്ളൂ. ബാക്കിയുള്ള ഇന്‍ഡസ്ട്രികളെ പൊക്കിപ്പറയാന്‍ എന്തിനാണ് തമിഴിനെ താഴ്ത്തിക്കെട്ടുന്നത്?

മലയാളത്തിലെ സിനിമ ഇവിടെ വന്ന് കളക്ഷന്‍ നേടുന്നതു പോലെ നമ്മുടെ സിനിമകള്‍ അവിടെപ്പോയി റെക്കോഡ് കളക്ഷന്‍ ഇടുന്നുണ്ട്. അതിനര്‍ത്ഥം മലയാളത്തിലെ സിനിമകള്‍ മോശമെന്നാണോ? എല്ലാ ഇന്‍ഡസ്ട്രികള്‍ക്കും നല്ല സമയവും മോശം സമയവും ഉണ്ടാകും. നല്ല സമയത്ത് നല്ലത് പറയാചതെ മോശം സമയത്ത് തള്ളിപ്പറയുന്നത് ശരിയായ സ്വഭാവമല്ല. തമിഴില്‍ ഇപ്പോള്‍ നല്ല സിനിമകള്‍ ഉണ്ടാകുന്നില്ല. പക്ഷേ ഇന്നല്ലെങ്കില്‍ നാളെ തമിഴ് സിനിമയും മുന്നിലെത്തും,’ ഭാസ്‌കര്‍ പറഞ്ഞു.

Content Highlight: MS Bhaskar lost his temper when asked about the victory of Manjummel Boys

We use cookies to give you the best possible experience. Learn more