മുംബൈ: ഒടുവില്‍ ക്യാപ്റ്റന്‍ കൂളിനു മുന്നില്‍ തല കുനിച്ച് ഹര്‍ഷ് ഗോയങ്ക. ഇന്നലെ നടന്ന ആദ്യ ക്വാളിഫയറില്‍ വെടിക്കെട്ട് പ്രകടനവുമായി പൂനെയെ മുന്നില്‍ നിന്ന് നയിച്ചതിനു പിന്നാലെയാണ് ധോണിയെ പ്രശംസിച്ച ഹര്‍ഷ രംഗത്തെത്തിയത്. ടീമുടമ സഞ്ജീവ് ഗോയങ്കയുടെ സഹോദരനായ ഹര്‍ഷിന്റെ ധോണിയെ അപമാനിച്ചു കൊണ്ടുള്ള ട്വീറ്റുകള്‍ വന്‍ വാര്‍ത്തയായിരുന്നു.
മുംബൈ ഇന്ത്യന്‍സിനെ പരാജയപ്പെടുത്തി പൂനെ ഫൈനലിലേക്ക് മാര്‍ച്ച് ചെയ്തതിനു പിന്നാലെയാണ് തന്റെ നിലപാടുകളില്‍ നിന്നും യൂടേണ്‍ അടിച്ച് ഹര്‍ഷ് മുന്‍ നായകനെ പുകഴ്ത്തി രംഗത്തെത്തിയത്.
മുംബെയെ 20 റണ്‍സിനാണ് റൈസിംഗ് പൂനെ സൂപ്പര്‍ ജയന്റസ് പരാജയപ്പെടുത്തിയത്. പൂനെ ഉയര്‍ത്തിയ 163 റണ്‍സിന്റെ വിജയലക്ഷ്യം മറികടക്കാന്‍ മുബെയ്ക്ക് സാധിക്കാതെ പോവുകയായിരുന്നു. വാങ്കഡയെ സ്വന്തം ഗ്രൗണ്ടാക്കി മാറ്റിയ ധോണി അവസാന ഓവറുകളില്‍ ആളിക്കത്തുകയായിരുന്നു. 26 പന്തില്‍ നിന്നും അഞ്ച് സിക്‌സുമായി 40 റണ്‍സ് ധോണി അടിച്ചെടുത്തു.
അവസാന ഓവറുകളിലെ ഒമ്പതു പന്തില്‍ നാലു സിക്‌സറുകള്‍ നേടിയ ധോണിയുടെ ഇന്നിംഗ്‌സിന് കാഴ്ച്ചക്കാരനായി ഹര്‍ഷ് ഗോയങ്കയും ഗ്യാലറിയിലുണ്ടായിരുന്നു. ആര്‍പ്പു വിളിച്ചും കയ്യടിച്ചുമായിരുന്നു ഹര്‍ഷ് ധോണിയുടെ പ്രകടനം ആസ്വദിച്ചത് എന്നതും ശ്രദ്ധേയമാണ്.
Explosive batting by Dhoni, deceitful bowling by Sundar and great captaincy by Smith takes #RPS to the #IPL finals. pic.twitter.com/TFCZfC0YrH
— Harsh Goenka (@hvgoenka) May 16, 2017
മത്സരശേഷം ടീമിന്റെ പ്രകടനത്തെ പ്രശംസിച്ചു കൊണ്ട് ഹര്‍ഷ് ട്വീറ്റ് ചെയ്തിരുന്നു. ഈ ട്വീറ്റിലാണ് ധോണിയെ ഹര്‍ഷ് പ്രശംസിച്ചത്. ” ധോണിയുടെ സ്‌ഫോടനാക്മകമായ ഇന്നിംഗ്‌സ്, സുന്ദറിന്റെ മാസ്മരിക ബൗളിംഗ്, സ്മിത്തിന്റെ മഹത്തായ ക്യാപ്റ്റന്‍സി. ഇതാണ് പൂനെയെ ഫൈനലിലേക്ക് നയിച്ചത്.” എന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്. മത്സരം വീക്ഷിക്കുന്ന തന്റെ ചിത്രവും ഹര്‍ഷ് ട്വീറ്റ് ചെയ്തിരുന്നു.
കഴിഞ്ഞ പതിനൊന്നാം തിയ്യതി തന്റെ വീ്ട്ടിലെത്തിയ ധോണിയുടെ ചിത്രവും ഹര്‍ഷ് ട്വീറ്റ് ചെയ്തിരുന്നു. എന്നാല്‍ ഹര്‍ഷിന്റെ മുന്‍കാല ട്വീറ്റുകളില്‍ നിന്നുമുള്ള ഹര്‍ഷിന്റെ വ്യതിചലനമാണ് പുതിയ ട്വീറ്റ്. ധോണിയെ നായകസ്ഥാനത്തു നിന്നും പുറത്താക്കിയതിനെ അഭിനന്ദിച്ചും പരസ്യമായി അദ്ദേഹത്തെ അപമാനിച്ചും നേരത്തെ ഹര്‍ഷ് രംഗത്തെത്തിയിട്ടുണ്ട്.