ദുല്‍ഖര്‍ സല്‍മാന് പിറന്നാള്‍ ആശംസകളുമായി മൃണാള്‍ താക്കൂര്‍. ദുല്‍ഖറിനെ പരിചയപ്പെടുത്തിയതിന് സീതാരാമത്തിന്റെ നിര്‍മാതാക്കളോട് നന്ദി പറഞ്ഞുകൊണ്ടാണ് മൃണാള്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിപ്പ് എഴുതിയത്.
ദുല്‍ഖറില്‍ നിന്നും ഒരുപാട് കാര്യങ്ങള്‍ പഠിച്ചു എന്ന് പറഞ്ഞ മൃണാള്‍ ആദ്യ തെലുങ്ക് ചിത്രം സവിശേഷമാക്കിയതിന് നന്ദിയും കുറിച്ചു.
‘സീതാരാമത്തിന്റെ നിര്‍മാതാക്കളോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല, ഇത്രയും എളിമയുള്ള, ടാലന്റഡായ സൂപ്പര്‍സ്റ്റാറിനെ പരിചയപ്പെടുത്തിയതിന്.
ദുല്‍ഖര്‍ പല തരത്തില്‍ എനിക്ക് പ്രചോദനമാണ്, ഞാന്‍ ഒരുപാട് കാര്യങ്ങള്‍ പഠിച്ചു. മലയാളം പാട്ടുകള്‍ പരിചയപ്പെടുത്തി തന്നതിന് നന്ദി, പുതിയ ഭാഷകള്‍ പഠിക്കാനുള്ള ഭയം മറികടക്കാന്‍ എന്നെ സഹായിച്ചതിന് നന്ദി, എന്റെ ആദ്യ തെലുങ്ക് ചിത്രത്തെ ഇത്ര സവിശേഷമാക്കിയതിന് നന്ദി.
ജന്മദിനാശംസകള്‍ ദുല്‍ഖര്‍. എല്ലാ ഓര്‍മകള്‍ക്കും നന്ദി. ഇനിയും ഒരുമിച്ചുണ്ടാകാന്‍ പോകുന്ന ഓര്‍മകളിലൊന്നിതാ..,’ മൃണാള്‍ കുറിച്ചു. ദുല്‍ഖറിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടാണ് മൃണാള്‍ കുറിപ്പ് പോസ്റ്റ് ചെയ്തത്. കേക്ക് മുറിക്കാനായി നില്‍ക്കുന്ന ദുല്‍ഖറിന്റെ ചിത്രവും ഇതിനൊപ്പമുണ്ട്.
മൃണാളിന്റെ കുറിപ്പിന് ദുല്‍ഖര്‍ മറുപടിയും നല്‍കിയിട്ടുണ്ട്. ‘ഏറ്റവും മധുരതരമായ ആശംസ. നിന്നെ പ്രചോദിപ്പിക്കാന്‍ നിനക്ക് മറ്റാരുടേയും ആവശ്യമില്ല. ശരിക്കും നീ യുണീക്കാണ്. നന്ദി മൃണാള്‍. പക്ഷേ ഒരു കാര്യമറിയുമോ, നീ എന്നും സീത തന്നെയാണ്,’ ദുല്‍ഖര്‍ മറുപടി നല്‍കി.
2022ലെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായിരുന്നു ദുല്‍ഖറും മൃണാളും ആദ്യമായി ഒന്നിച്ച സീതാരാമം. ചിത്രത്തിന്റെ പ്രൊമോഷനിടക്കുള്ള ഇരുവരുടേയും സൗഹൃദവും ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിന് ശേഷവും തങ്ങള്‍ക്കിടയിലെ സൗഹൃദം ഇരുവരും സജീവമായി തുടരുകയാണ്. പ്രേക്ഷകര്‍ നെഞ്ചേറ്റിയ ജോഡിയുടെ പുതിയ ചിത്രം ഇനിയുമുണ്ടാവുമോ എന്ന കാത്തിരിപ്പിലാണ് പ്രേക്ഷകര്‍.
Content Highlight: Mrunal Thakur wishes Dulquer Salmaan on his birthday