'ചിത്രത്തില്‍ എന്റെ ഡിസൈന്‍ എന്താണ്'; സിനിമക്ക് വേണ്ടി വിനായകനെ സമീപിച്ചപ്പോഴുള്ള അനുഭവം പങ്കുവെച്ച് സംവിധായകന്‍
കാസര്‍ഗോള്‍ഡ് എന്ന ചിത്രത്തിന് വേണ്ടി വിനായകനെ സമീപിച്ചപ്പോഴുണ്ടായ അനുഭവം പങ്കുവെച്ച് സംവിധായകന്‍ മൃദുല്‍ നായര്‍. കഥാപാത്രത്തെ കുറിച്ച് പറഞ്ഞപ്പോള്‍ തന്റെ ഡിസൈന്‍ എന്താണെന്നാണ് വിനായകന്‍ ആദ്യം ചോദിച്ചതെന്നും കോസ്റ്റിയൂം എന്ന വാക്കിന് പകരം അദ്ദേഹം ഡിസൈന്‍ എന്നാണ് ഉപയോഗിച്ചതെന്നും മൃദുല്‍ നായര്‍ പറഞ്ഞു. ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് മൃദുല്‍ ഇക്കാര്യം പറഞ്ഞത്.
‘ഗോവയില്‍ വെച്ചാണ് വിനായകനോട് കഥ പറയുന്നത്. വാട്ട് ഈസ് മൈ ഡിസൈന്‍? കോസ്റ്റിയൂം എന്താണ് എന്നല്ല, എന്റെ ഡിസൈന്‍ എന്താണെന്നാണ് വിനായകന്‍ ചോദിച്ചത്. ‘കള്ളിമുണ്ടും ബനിയനുമാണെങ്കില്‍ ഫ്രീ ആയിട്ട് അഭിനയിക്കാമെന്നും ബട്ട് ഇഫ് യു ആര്‍ സ്റ്റൈലിങ് മി ഐ നീഡ് ടു നോ’ എന്നാണ് പുള്ളി പറഞ്ഞത്.
അന്ന് അദ്ദേഹം ജെയ്‌ലറിനെ കുറിച്ച് സംസാരിച്ചിരുന്നു. അതില്‍ അദ്ദേഹത്തിന് താടിയുണ്ട്. കാസര്‍ഗോള്‍ഡിലെ വിനായകന്റെ ക്യാരക്ടറിന് താടി ഉണ്ടെങ്കിലും ഇല്ലെങ്കിലും ഓക്കെ ആണ്. പിന്നെ, മോഹന്‍ലാല്‍ പറഞ്ഞത് പോലെ വില്‍ക്കാനുള്ളത് ചക്കയാണ്, പക്ഷെ ഞങ്ങളുടെ കയ്യിലുള്ളത് മാണിക്യമാണ്. അതുകൊണ്ട് വിനായകന്‍ വരുമ്പോള്‍ എങ്ങനെയായാലും അത് ഓക്കെയാണ്,’ മൃദുല്‍ നായര്‍ പറഞ്ഞു.
മൃദുല്‍ നായരിന്റെ സംവിധാനത്തിലെത്തുന്ന കാസര്‍ഗോള്‍ഡ് സെപ്റ്റംബര്‍ 15നാണ് റിലീസ് ചെയ്യുന്നത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ സിനിമയുടെ ട്രെയ്‌ലറിന് മികച്ച പ്രതികരണം ലഭിച്ചിരുന്നു.
സണ്ണി വെയിന്‍, മാളവിക ശ്രീനാഥ്, ശ്രീരഞ്ജിനി നായര്‍, സിദ്ദിഖ്, സമ്പത്ത് റാം, ദീപക് പറമ്പോല്‍ ധ്രുവന്‍,അഭിറാം രാധാകൃഷ്ണന്‍, പ്രശാന്ത് മുരളി, സാഗര്‍ സൂര്യ, ജെയിംസ് ഏലിയ തുടങ്ങിയവരാണ് സിനിമയിലെ മറ്റ് താരങ്ങള്‍.
മൃദുല്‍ നായരാണ് കാസര്‍ഗോള്‍ഡ് സംവിധാനം ചെയ്യുന്നത്. കോ-പ്രൊഡ്യൂസര്‍- സഹില്‍ ശര്‍മ്മ. ജെബില്‍ ജേക്കബ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. സജിമോന്‍ പ്രഭാകര്‍ തിരക്കഥ സംഭാഷണമെഴുതുന്നു. വൈശാഖ് സുഗുണനാണ് വരികള്‍.
Content Highlights: Mrudul Nair shares experience about Vinayakan