ന്യൂദല്‍ഹി: 120 കോടിയിലധികം ജനസംഖ്യയുള്ള ഇന്ത്യ എന്തുകൊണ്ട് പാരീസ് ഒളിമ്പിക്‌സില്‍ ഒരു സ്വര്‍ണം പോലും നേടിയില്ലെന്ന് 2016ലെ മിസിസ് വീണ ജെയിന്‍. 2024 പാരീസ് ഒളിമ്പിക്‌സില്‍ സ്വര്‍ണ മെഡല്‍ നേടാന്‍ കഴിയാതെ ഇന്ത്യ 70ാം സ്ഥാനത്തേക്ക് തള്ളപ്പെട്ട പശ്ചാത്തലത്തിലാണ് വീണ ജെയിനിന്റെ വിമര്‍ശനം.
മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയുടെ ഒളിമ്പിക്‌സ് മെഡലുകളെ കുറിച്ച് പരാമര്‍ശിക്കുന്ന പ്രസംഗത്തിന്റെ വീഡിയോയും വീണ ജെയിന്‍ എക്സില്‍ പങ്കുവെച്ചിട്ടുണ്ട്. ഇന്ത്യന്‍ സംവിധാനങ്ങളുടെ പരിമിതികളാണ് ഒളിമ്പിക്‌സില്‍ മെഡല്‍ നേടാന്‍ സാധിക്കാതെ പോകുന്നത് എന്നായിരുന്നു മോദിയുടെ പരാമര്‍ശം. എന്നാല്‍ തന്റെ സര്‍ക്കാര്‍ നിലവില്‍ വരികയാണെങ്കില്‍ ഇത് പരിഹരിക്കുമെന്നും മോദി അധികാരത്തിലേറുന്നതിന് മുമ്പേ പറഞ്ഞിരുന്നു.
എന്നാല്‍ ഇപ്പോള്‍ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് എം.പിയുമായ രാഹുല്‍ ഗാന്ധി ഇത്തരത്തിലൊരു പരാമര്‍ശം നടത്തുകയാണെങ്കില്‍, അദ്ദേഹത്തെ ‘പപ്പു സ്‌പോര്‍ട്‌സിലും രാഷ്ട്രീയം കളിക്കുകയാണ്’ എന്ന് പറഞ്ഞ് ബി.ജെ.പി ഐ.ടി സെല്ലും ഗോഡി മീഡിയയും അധിക്ഷേപിച്ചേനെ എന്നും വീണ ജെയിന്‍ പറഞ്ഞു. എക്സില്‍ പങ്കുവെച്ച പോസ്റ്റിലാണ് വീണയുടെ വിമര്‍ശനം.
അതേസമയം 2020 ടോക്കിയോ ഒളിമ്പിക്‌സില്‍ നീരജ് ചോപ്രയിലൂടെ ജാവലിന്‍ ത്രോയില്‍ ഇന്ത്യ സ്വര്‍ണം നേടിയിരുന്നു. ഒരു സ്വര്‍ണവും രണ്ട് വെള്ളി മെഡലും നാല് വെങ്കലവുമായി ടോക്കിയോ ഒളിമ്പിക്‌സില്‍ ഇന്ത്യ 49 ാം സ്ഥാനത്തായിരുന്നു. 2016 റിയോ ഒളിമ്പിക്‌സില്‍ ഇന്ത്യ 67ാം സ്ഥാനത്തുമെത്തി.
മോദി സര്‍ക്കാര്‍ ഭരണത്തിലേറുന്നതിന് മുമ്പ്, 2012 ലണ്ടന്‍ ഒളിമ്പിക്‌സില്‍ ആറ് മെഡലാണ് ഇന്ത്യ നേടിയത്. രണ്ട് വെള്ളിയും നാല് വെങ്കലവും. ലണ്ടന്‍ ഒളിമ്പിക്‌സില്‍ ഇന്ത്യ 57ാം സ്ഥാനത്തായിരുന്നു. 2008 ബീജിങ് ഒളിമ്പിക്‌സില്‍ 51ാം സ്ഥാനത്തിയ ഇന്ത്യ നേടിയത് ഒരു സ്വര്‍ണവും രണ്ട് വെങ്കലവുമായിരുന്നു. ഷൂട്ടിങ്ങിലൂടെ അഭിനവ് ബിന്ദ്രയാണ് ഇന്ത്യക്ക് വേണ്ടി സ്വര്‍ണം നേടിയത്. ഇന്ത്യയുടെ ആദ്യത്തെ വ്യക്തിഗത മെഡല്‍ കൂടിയായിരുന്നു ബിന്ദ്രയുടേത്.
ഇതുവരെ ഒളിമ്പിക്‌സില്‍ നിന്ന് ഇന്ത്യ നേടിയിരിക്കുന്നത് 10 സ്വര്‍ണ മെഡലുകളാണ്. സ്വാതന്ത്ര്യത്തിന് മുമ്പ് മൂന്ന് സ്വര്‍ണവും ശേഷം ഏഴും. ഇന്ത്യ നേടിയ 10 സ്വര്‍ണങ്ങളില്‍ എട്ടും ഹോക്കിയില്‍ നിന്നാണ്.
പാരീസ് ഒളിമ്പിക്‌സില്‍ ഗുസ്തി വിഭാഗത്തില്‍ ഭാരപരിശോധനയില്‍ പരാജയപ്പെട്ടതോടെ അയോഗ്യയാക്കപ്പെട്ട വിനേഷ് ഫോഗട്ടിനെ ഇന്ത്യന്‍ ഒളിമ്പിക്‌സ് അസോസിയേഷന്‍ പ്രസിഡന്റ് പി.ടി. ഉഷ തള്ളിപ്പറഞ്ഞതിന് പിന്നാലെയാണ് വീണ ജെയിന്‍ അടക്കമുള്ളവരുടെ വിമര്‍ശനം ചര്‍ച്ചയാകുന്നത്.
Content Highlight: Mrs India Veena Jain criticizes Prime Minister regarding Paris Olympics