ന്യൂദല്‍ഹി: പ്രശസ്ത നര്‍ത്തകിയും വിക്രം സാരാഭായിയുടെ ഭാര്യയുമായ മൃണാളിനി സാരാഭായ് അന്തരിച്ചു. ഏറെ നാളായ് വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.
അഹമ്മദാബാദിലെ വസതിയായ ചിദംബരത്തില്‍ വെച്ചായിരുന്നു അന്ത്യം. മരണസമയത്ത് മകള്‍ മല്ലികാ സാരാഭായിയും മകന്‍ കാര്‍ത്തികേയന്‍ സാരാഭായും അടുത്തുണ്ടായിരുന്നു.
അവസാനനാളുകള്‍ വരെ കലാരംഗത്തും സാമൂഹ്യരംഗത്തും ഇവര്‍ സജീവമായിരുന്നു.
1918 മെയ് 11 ന്് പാലക്കാട് ആനക്കരയിലെ വടക്കത്ത് തറവാട്ടിലെ ഡോ. സ്വാമിനാഥന്റെയും അമ്മു സ്വാമിനാഥന്റെയും മകളായാണ് മൃണാളിനിയുടെ ജനനം.
ഭാരതത്തിലെ ശാസ്ത്രീയനൃത്തങ്ങളെ ലോകജനതയ്ക്ക് മുമ്പില്‍ എത്തിച്ച് അവയുടെ മഹത്ത്വത്തെ മനസ്സിലാക്കികൊടുത്ത പ്രതിഭയാണ് മൃണാളിനി സാരാഭായി.
ദര്‍പ്പണ അക്കാദമി ഓഫ് പെര്‍ഫോമിങ് ആര്‍ട്‌സിന്റെ സ്ഥാപക കൂടിയാണ് ഇവര്‍. കലാരംഗത്തെ മികച്ച സംഭാവനകള്‍ക്ക് രാജ്യം നിരവധി പുരസ്‌കാരങ്ങള്‍ നല്‍കി ഇവരെ ആദരിച്ചു.
1965 ല്‍ പത്മശ്രീയും 1992 ല്‍ പത്മഭൂഷണ്‍ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. 1994 ല്‍ സംഗീതനാടക ഫെല്ലോഷിപ്പും ലഭിച്ചിട്ടുണ്ട്.
ഇന്ത്യന്‍ ശൂന്യാകാശഗവേഷണരംഗത്തിന്റെ പിതാവായി കരുതപ്പെടുന്ന വിക്രം സാരാഭായ് ആയിരുന്നു മൃണാളിനിയുടെ ജീവിതപങ്കാളി. 1942 ലായിരുന്നു ഇവരുടെ വിവാഹം.
ഇവരുടെ മകളായ മല്ലികാ സാരാഭായ് പ്രശസ്തയായ നര്‍ത്തകിയും നടിയുമാണ്. പ്രമുഖ സ്വതന്ത്രസമര നായികയും ഐ.എന്‍. എ.യുടെ പ്രവര്‍ത്തകയുമയായിരുന്ന ക്യാപ്റ്റന്‍ ലക്ഷ്മി സഹോദരിയാണ്.
കുട്ടിക്കാലം മുതല്‍ക്കുതന്നെ മൃണാളിനിക്ക് നൃത്തം ചെയ്യണമെന്ന ആഗ്രഹം ഉണ്ടായിരുന്നു. എന്നാല്‍ അവരുടെ കുടുംബത്തില്‍ നൃത്തത്തിന്റേയോ,സംഗീതത്തിന്റെയോ പാരമ്പര്യമൊന്നുമുണ്ടായിരുന്നില്ല.എങ്കിലും താനൊരു നര്‍ത്തകിയാണെന്ന ഉറച്ച വിശ്വാസം മൃണാളിനിക്കുണ്ടായിരുന്നു.
നൃത്തം പഠിക്കാന്‍ പല സ്ഥലങ്ങളും അന്വേഷിച്ച ശേഷം മൃണാളിനി ,രുഗ്മിണീദേവി അരുണ്‍ഡേലിന്റെ ഡാന്‍സ് അകാദമിയായ കലാക്ഷേത്രത്തില്‍ ചേര്‍ന്നു.പിന്നീട് മൃണാളിനി ,കത്തുമന്നാര്‍ കോവിലിലെ മുത്തുകുമാരപിള്ളയുടെ കീഴില്‍ പഠിച്ചു.അദ്ദേഹമാണ് ഭരതനാട്യത്തിന്റെ യഥാര്‍ഥ പാരമ്പര്യത്തിലേക്ക് മൃണാളിനിയെ ഉയര്‍ത്തി വിട്ടത്.
ക്വിറ്റ്ഇന്ത്യാ സമരത്തില്‍ പങ്കെടുക്കെ പോലീസിന്റെ വെടി കൊണ്ടത് മൃണാളിനിയുടെ ജീവിതത്തിലെ പ്രധാന സംഭവമായിരുന്നു.
പ്രകടനത്തിന്റെ പുറകിലത്തെ നിരയില്‍ വിക്രമിന്റെ കൂടെ നീങ്ങിക്കൊണ്ടിരിക്കെ ഒരു വെടിയുണ്ട മൃണാളിനിയുടെ മുഖത്തു വന്നു പൊട്ടി.
മൃണാളിനിയുടെ കണ്ണിന് ഗുരുതരമായ പരിക്കുപറ്റി. പിന്നീട് ദീര്‍ഘനാളത്തെ ചികിത്സയ്ക്ക് ശേഷം മൃണാളിനി തന്റെ മനോബലത്താല്‍ അതിനെ അതിജീവിച്ച് നൃത്തരംഗത്ത് തന്നെ തിരിച്ചെത്തി.