| Saturday, 17th September 2022, 10:47 am

ദുല്‍ഖറിനെ പോലെ കണ്ണുകൊണ്ട് അഭിനയിക്കുന്ന നടനെ കണ്ടിട്ടില്ല, അദ്ദേഹത്തിന് ഒപ്പമെത്താന്‍ പാടുപെട്ടു: മൃണാള്‍ താക്കൂര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ദുല്‍ഖര്‍ സല്‍മാനും മൃണാള്‍ താക്കൂറും കേന്ദ്രകഥാപാത്രങ്ങളായെത്തിയ സീതാ രാമം ഒ.ടി.ടിയിലെത്തിയിട്ടും നിറഞ്ഞ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ഓഗസ്റ്റ് അഞ്ചിന് തിയേറ്ററുകളില്‍ റിലീസ് ചെയ്ത സീതാ രാമത്തിന് മികച്ച അഭിപ്രായമാണ് പ്രേക്ഷകരില്‍ നിന്നും നിരൂപകരില്‍ നിന്നും ലഭിച്ചത്.

ദുല്‍ഖറിന്റെ അഭിനയത്തെ പുകഴ്ത്തി രംഗത്ത് വന്നിരിക്കുകയാണ് മൃണാള്‍ താക്കൂര്‍. ‘ഇതുവരെ ഞാന്‍ കണ്ടതില്‍ വെച്ച് കണ്ണുകൊണ്ട് അഭിനയിക്കുന്ന ഒരേയൊരു നടന്‍ ദുല്‍ഖറാണ്. അദ്ദേഹത്തിനൊപ്പം പിടിച്ച് നില്‍ക്കാന്‍ പാടാണ്. ദുല്‍ഖര്‍ വലിയ ഇന്‍സ്പിരേഷനാണ് നല്‍കുന്നത്,’ സീതാ രാമത്തിന്റെ സക്‌സസ് പ്രസ് മീറ്റില്‍ വെച്ച് മൃണാള്‍ പറഞ്ഞു.

അതേസമയം സീതാ രാമം ഹിന്ദിയില്‍ റിലീസ് ചെയ്തത് നിരവധി ആശങ്കയോടെയാണെന്ന് ദുല്‍ഖര്‍ പറഞ്ഞു. ‘ഹിന്ദിയില്‍ സീതാ രാമം റിലീസ് ചെയ്തപ്പോള്‍ വളരെയധികം ശ്രദ്ധിച്ചിരുന്നു. ഡേറ്റ് ഫ്രീ ആയിരുന്നതിനാല്‍ എനിക്ക് തന്നെ ഡബ്ബ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു.

സീതാ രാമം ഹിന്ദിയില്‍ റിലീസ് ചെയ്യുമ്പോള്‍ വളരെയധികം ആശങ്കയുണ്ടായിരുന്നു. കാരണം നിരവധി സിനിമകളാണ് ഒപ്പം വന്നത്. ബോക്‌സ് ഓഫീസില്‍ റൊമാന്റിക് ഡ്രാമകള്‍ അങ്ങനെ ഹിറ്റാവാറില്ല. സീതാ രാമം റൊമാന്റിക് സിനിമ ആയതിനാല്‍ എനിക്കും ആശങ്കകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ പ്രണയ ചിത്രങ്ങളും ഹിന്ദിയില്‍ റിലീസ് ചെയ്യാന്‍ ഞങ്ങള്‍ക്ക് ഒരു ധൈര്യമൊക്കെ വന്നിട്ടുണ്ട്,’ ദുല്‍ഖര്‍ പറഞ്ഞു.

‘സീതാ രാമം ഒരു എപിക് ആകുമെന്ന് ഞങ്ങള്‍ക്ക് അറിയാമായിരുന്നു, എന്നാല്‍ ഉറപ്പില്ലായിരുന്നു. ഞങ്ങളുടെ ഹൃദയവും രക്തവും വിയര്‍പ്പുമെല്ലാം സീതാ രാമത്തിന് വേണ്ടി നല്‍കി.

സീക്വലോ പ്രീക്വലോ ഒന്നും ഉണ്ടാകാന്‍ സാധ്യതയില്ലാത്ത സിനിമയാണ് ഇത്. ഒരു അഭിനേതാവ് എന്ന നിലയില്‍ എനിക്കത് നന്നായി അറിയാം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഞാന്‍ സ്‌ക്രിപ്റ്റ് കേള്‍ക്കാറുണ്ട്. 35ല്‍ അധികം സിനിമകള്‍ ഇതുവരെ ചെയ്തിട്ടുണ്ട്. അതിനാല്‍ സീതാ രാമം പോലെയൊരു സിനിമ ലഭിക്കുന്നത് എത്രത്തോളം ബുദ്ധിമുട്ടാണെന്ന് എനിക്ക് അറിയാം. അതൊരു ഗോള്‍ഡന്‍ എഗ്ഗ് പോലെയാണ്,’ ദുല്‍ഖര്‍ പറഞ്ഞു.

ചുപ് ദി റിവഞ്ച് ഓഫ് ദി ആര്‍ട്ടിസ്റ്റാണ് ഉടന്‍ പുറത്തിറങ്ങാനിരിക്കുന്ന ദുല്‍ഖര്‍ ചിത്രം. ആര്‍. ബാല്‍കി സംവിധാനം ചെയ്യുന്ന ചിത്രം സെപ്റ്റംബര്‍ 23നാണ് റിലീസ് ചെയ്യുന്നത്. സണ്ണി ഡിയോള്‍, ശ്രേയ ധന്വന്തരി എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Content Highlight: Mrinal Thakur says she Never seen an actor who acts with eyes like Dulquer salmaan 

Latest Stories

We use cookies to give you the best possible experience. Learn more