തിരുവനന്തപുരം: സുദീപ്‌തോ സെന്‍ സംവിധാനം ചെയ്ത ദി കേരള സ്‌റ്റോറിക്ക് ഫലമുണ്ടാകുന്നുവെന്ന് പ്രശസ്ത ഫുഡ് വ്‌ളോഗര്‍ മൃണാള്‍ ദാസ് വേങ്ങലത്ത്. കഴിഞ്ഞ ദിവസം ചെന്നൈ എയര്‍പോര്‍ട്ടില്‍ നേരിട്ട ഒരു അനുഭവം പങ്കുവെക്കുകയാണ് അദ്ദേഹം.
എയര്‍പോര്‍ട്ടില്‍ വെച്ച് പരിചയപ്പെട്ട ഒരു സ്ത്രീയോട് താന്‍ കേരളത്തിലാണെന്ന് പറഞ്ഞപ്പോള്‍ അവരുടെ മുഖഭാവം മാറിയെന്നും കാരണം അന്വേഷിച്ചപ്പോള്‍ കേരള സറ്റോറിയുടെ കഥ പറയുകയായിരുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയില്‍ പറയുന്നു.
കര്‍ണാടകയില്‍ നാല് വോട്ട് കൂടുതല്‍ കിട്ടാന്‍ വേണ്ടി പ്രധാനമന്ത്രി കേരള സ്റ്റോറി പിന്തുണക്കുമ്പോള്‍ അദ്ദേഹം തങ്ങളുടെ കൂടെ പ്രധാനമന്ത്രിയാണെന്ന് മറക്കുന്നുവെന്നും മൃണാള്‍ പറഞ്ഞു.
‘ഞാനിന്നലെ ചെന്നൈ എയര്‍പോര്‍ട്ടില്‍ വിമാനം കാത്തിരിക്കുകയായിരുന്നു. എന്റെ തൊട്ടുമുന്നില്‍ അമ്മയുടെ പ്രായമുള്ള ഒരു സ്ത്രീയുണ്ടായിരുന്നു. ഞങ്ങള്‍ ഭക്ഷണത്തെക്കുറിച്ചൊക്കെ സംസാരിച്ച് ഇരിക്കുകയായിരുന്നു.
കുറച്ച് കഴിഞ്ഞ് എവിടേക്കാണ് പൊകുന്നതെന്ന് ഞാന്‍ ചോദിച്ചു. പൂനെയാണെന്ന് അവര്‍ പറഞ്ഞു. ഞങ്ങള്‍ പിന്നെയും കുറെ കാര്യങ്ങള്‍ സംസാരിച്ചപ്പോള്‍ അവര്‍ എന്നോടും എവിടേക്കാണ് പോകുന്നതെന്ന് ചോദിച്ചു. കൊയമ്പത്തൂരാണെന്ന് പറഞ്ഞു. കൊയമ്പത്തൂര്‍ ആണോ വീടെന്ന് ചോദിച്ചപ്പോള്‍ കേരളത്തിലാണെന്നും പറഞ്ഞു.
ഇത് പറഞ്ഞതിന് ശേഷം ആ സ്ത്രീയുടെ മുഖഭാവം മാറി. അവര്‍ പിന്നെ എന്നോട് സംസാരിക്കുന്നില്ല. കുറേ നിര്‍ബന്ധിച്ച് ചോദിച്ചപ്പോഴാണ് കേരള സ്‌റ്റോറിയുടെ കഥ പറയുന്നത്. കേരള സ്റ്റോറി കണ്ടിട്ട് മലയാളികളോടുള്ള ഒരു പ്രശ്‌നം.
ബഹുമാനപ്പെട്ട പ്രധാനമന്ത്രീ, കര്‍ണാടകയില്‍ നാല് വോട്ട് കൂടുതല്‍ കിട്ടാന്‍ വേണ്ടി നിങ്ങള്‍ ഇത് പോലുള്ള സാധനങ്ങള്‍ പിന്തുണക്കുമ്പോള്‍ നിങ്ങള്‍ ഞങ്ങളുടെ കൂടെ പ്രധാനമന്ത്രിയാണെന്ന് മറക്കുന്നു. ഒരു ഹിന്ദുവായ എന്റെ അവസ്ഥ ഇതാണെങ്കില്‍ കേരളത്തിലെ ക്രിസ്ത്യാനികളുടെയും മുസ്‌ലിങ്ങളുടെയും അവസ്ഥ എന്താണ്.
അവര്‍ ഉത്തര്‍പ്രദേശിലോ മറ്റും സ്ട്രീറ്റിലൂടെ നടക്കുമ്പോള്‍ അവരെ ആക്രമിക്കില്ലെന്ന് എന്താണ് ഉറപ്പ്. എന്തിനാണ് ജനങ്ങളെ വിഭജിക്കുന്നത്,’ മൃണാള്‍ പറഞ്ഞു.
അതേസമയം കേരള സ്റ്റോറി മുന്നോട്ട് വെക്കുന്ന അജണ്ടകളെ തുറന്നു കാണിച്ച് യൂട്യൂബര്‍ ധ്രുവ് റാഠിയും രംഗത്തെത്തിയിരുന്നു. ഈ വീഡിയോക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. അപ്‌ലോഡ് ചെയ്ത് ഒരു ദിവസം കൊണ്ട് ആറ് മില്യണില്‍ കൂടുതല്‍ ആളുകള്‍ വീഡിയോ കണ്ടുകഴിഞ്ഞു. 5,51,000 ലൈക്ക് കിട്ടിയ വീഡിയോക്ക് 91,278 കമന്റുകളാണ് ഇതുവരെ ലഭിച്ചിട്ടുള്ളത്.
22 മിനിട്ടുള്ള വീഡിയോയില്‍ കേരളാ സ്റ്റോറി മുന്നോട്ടുവെക്കുന്ന കണക്കുകള്‍ പൊളിക്കുകയും ഉദാഹരണങ്ങള്‍ സഹിതം കള്ളം പ്രചരിപ്പിക്കുന്ന രീതികള്‍ എല്ലാം എളുപ്പത്തില്‍ അദ്ദേഹം തുറന്നുകാണിക്കുന്നുണ്ട്.
കേരളത്തെക്കുറിച്ചും ഇവിടുത്തെ മതസൗഹാര്‍ദത്തെക്കുറിച്ചും ദേശീയ സൂചികകളിലെ കേരളത്തിന്റെ സ്ഥാനത്തെക്കുറിച്ചുമെല്ലാം വീഡിയോയില്‍ പറയുന്ന ധ്രുവ് സംസ്ഥാനത്ത് നിന്ന് വിദേശത്തേക്ക് പോയ മൂന്ന് പെണ്‍കുട്ടികളുടെ കേസുകളെക്കുറിച്ചും കൃത്യമായ പഠനം നടത്തി വിശദീകരിക്കുന്നുണ്ട്.
content highlight: mrinal das against kerala story