ടെലിവിഷൻ റിയാലിറ്റി ഷോകളിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച പിന്നണി ഗായികയാണ് മൃദുല വാര്യർ. കുറഞ്ഞ സമയം കൊണ്ട് മലയാളത്തിലെ മികച്ച ഗായികമാരിൽ ഒരാളായി മാറാൻ മൃദുലക്ക് കഴിഞ്ഞിട്ടുണ്ട്. 2023ൽ കേരള സംസ്ഥാന അവാർഡ് നേടിയ മൃദുല തന്റെ ആദ്യ ഗാനത്തെ കുറിച്ചുള്ള ഓർമകൾ പങ്കുവെക്കുകയാണ്.
ഗോൾ എന്ന ചിത്രത്തിലെ ഗാനമാലപിക്കാൻ ചെന്നപ്പോഴാണ് ബിഗ് ബിയിലെ ഗാനവും പാടാനുള്ള അവസരം തനിക്ക് ലഭിക്കുന്നതെന്നും മൃദുല പറയുന്നു. മ്യൂസിക് ഡയറക്ടർ അൽഫോൺസാണ് തനിക്ക് അവസരം നൽകുന്നതെന്നും ആദ്യം റിലീസായ പാട്ട് ബിഗ് ബിയിലേതാണെന്നും മൃദുല പറഞ്ഞു. ജിഞ്ചർ മീഡിയയോട് സംസാരിക്കുകയായിരുന്നു മൃദുല.
‘സൂപ്പർ സ്റ്റാർ എന്ന ഒരു റിയാലിറ്റി ഷോയിൽ മത്സരിച്ചു കൊണ്ടിരിക്കുമ്പോഴാണ് ജഡ്ജിങ് പാനലിൽ ഒരാളായിരുന്നു അൽഫോൺസ് സാർ. ഷോ നടന്ന് കൊണ്ടിരിക്കുന്ന ടൈമിൽ തന്നെ ഞങ്ങൾക്ക് മറ്റൊരു സോങ് റെക്കോർഡ് ചെയ്യാൻ ചെന്നൈയിൽ പോവാൻ ഉണ്ടായിരുന്നു.
ഗോൾ എന്ന സിനിമയിൽ വിദ്യാസാഗർ സാറിന്റെ ഒരു പാട്ടായിരുന്നു അത്. അതിന്റെ റെക്കോർഡിങ്ങിന് പോകുന്നത് അൽഫോൺസ് സാറിന് അറിയാമായിരുന്നു. ബിഗ് ബിയുടെ റെക്കോർഡിങ്ങും ആ സമയത്താണ് നടന്നുകൊണ്ടിരിക്കുന്നത്.
അന്ന് അൽഫോൺസ് സാർ വിളിച്ചു, ഏതായാലും ചെന്നൈയിൽ ഉണ്ടല്ലോ നമുക്ക് ഈ ഒരു സോങ് കൂടെ റെക്കോർഡ് ചെയ്യാമെന്ന് പറഞ്ഞു. എനിക്ക് വലിയ എക്സൈറ്റ്മെന്റായിരുന്നു.
ഗോളിനാണ് പോയതെങ്കിലും ആദ്യം റെക്കോർഡ് ചെയ്യുന്ന ഗാനം ബിഗ് ബിയിലേതാണ്. അതുപോലെ ഫസ്റ്റ് റിലീസ് ആയതും ബിഗ് ബിയിലെ പാട്ടായിരുന്നു. എനിക്ക് വലിയ സന്തോഷമായിരുന്നു,’മൃദുല വാര്യർ പറയുന്നു
Content Highlight: Mridhula Warrior About Her Songs