കീഴാള സമരങ്ങള്‍ ഭാരമാകുന്നത് വിദ്യാര്‍ഥികള്‍ക്കല്ല, സവര്‍ണ ഹൈന്ദവ ഭരണകൂടത്തിനാണ്
Opinion
കീഴാള സമരങ്ങള്‍ ഭാരമാകുന്നത് വിദ്യാര്‍ഥികള്‍ക്കല്ല, സവര്‍ണ ഹൈന്ദവ ഭരണകൂടത്തിനാണ്
എം.ആര്‍ രേണുകുമാര്‍
Friday, 22nd March 2019, 12:48 pm

 

പാര്‍ശ്വവല്‍കൃത വിഭാഗങ്ങളുടെ ദീര്‍ഘനാളത്തെ പോരാട്ടങ്ങളുടേയും ഇടപെടലുകളുടേയും ഫലമായാണ് ചാന്നാര്‍ ലഹള പോലുള്ള ജനാധിപത്യ അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള കീഴാള സമരങ്ങള്‍ ചരിത്രത്തില്‍ അടയാളപ്പെട്ടതും ക്രമേണ പാഠപുസ്തകങ്ങളില്‍ ചേര്‍ക്കപ്പെട്ടതും. വിദ്യാര്‍ത്ഥികളുടെ പഠനഭാരം ലഘൂകരിക്കാനെന്ന വ്യാജേന പ്രസ്തുത സമര ചരിത്രത്തെ എന്‍.സി.ആര്‍.ടിയുടെ സിലബസില്‍ നിന്ന് ഒഴിവാക്കിയ സര്‍ക്കാര്‍ നടപടിയില്‍ കീഴാളവിരുദ്ധതയോടൊപ്പം സവര്‍ണ്ണ ഹൈന്ദവ താല്‍പ്പര്യം കൂടി അടങ്ങിയിട്ടുണ്ട്. ഇന്ത്യയിലെ കര്‍ഷകരുടെ അതിജീവനത്തെക്കുറിച്ചും, ക്രിക്കറ്റ് കളിയുടെ സാമൂഹ്യശാസ്ത്രത്തെ കുറിച്ചുമുള്ള പാഠങ്ങളും ഇതോടൊപ്പം കേന്ദ്രമാനവ വിഭവ മന്ത്രാലയം സിലബസില്‍ നിന്ന് എടുത്തുമാറ്റിയതിന്റെ പിന്നിലെ കാരണവും മറ്റൊന്നല്ല.

ചരിത്രത്തിലും വര്‍ത്തമാനത്തിലും അടങ്ങിയിട്ടുള്ള നീതിയ്ക്കും സമത്വത്തിനും വേണ്ടിയുള്ള സാമൂഹിക സംഘര്‍ഷങ്ങളൊക്ക യഥാര്‍ത്ഥത്തില്‍ കുട്ടികള്‍ക്കല്ല സവര്‍ണ്ണ ഹൈന്ദവ ഭരണകൂടത്തിനാണ് ഭാരമാകുന്നത്. അതുകൊണ്ടാണ് യഥാര്‍ത്ഥ ഇന്ത്യയുടെ ചരിത്രവും വര്‍ത്തമാനവും, സാമൂഹ്യശാസ്ത്രവും പുതുതലമുറയില്‍ പതിയാതിരിക്കാന്‍ അവര്‍ ഇങ്ങനെ പാഠപുസ്തകത്തെ “ലഘൂ”കരിക്കാന്‍ ശ്രമിക്കുന്നത്.

കേരളത്തിന്റെ നവോത്ഥാന ചരിത്രത്തില്‍ പ്രഥമഗണനീയവും നിര്‍ണായകവുമായി കരുതപ്പെടുന്ന സമരമാണ് ചാന്നാര്‍ ലഹള. 1822 ലാണ് ലഹള തുടങ്ങുന്നത്. പഴയ തിരുവിതാംകൂറില്‍പ്പെട്ട നെയ്യാറ്റിന്‍കര, വിളയംകോട്, കല്‍കുളം, അഗസ്തീശ്വരം, തോവാള താലൂക്കുകളിലേയും മദ്രാസ് പ്രസിഡന്‍സിയില്‍ ഉള്‍പ്പെട്ടിരുന്ന തിരുനെല്‍വേലി ജില്ലയിലെ ചില ഭാഗങ്ങളിലും താമസിച്ചിരുന്ന ക്രിസ്തുമതം സ്വീകരിച്ച നാടാര്‍ സമുദായത്തിലെ സ്ത്രീകളുടെ നേതൃത്വത്തില്‍ മാറുമറയ്ക്കുന്നതിന് വേണ്ടി നടത്തിയ സമര പരമ്പരകളാണ് ചരിത്രത്തില്‍ പിന്നീട് ചാന്നാര്‍ ലഹളയായി അറിയപ്പെട്ടത്.

Also read:പ്രണയത്തെയും പ്രതികാരത്തെയും തകര്‍ക്കാന്‍ സിനിമയ്ക്ക് എന്താണ് പറ്റാത്തത്; ലെനിന്‍ ഭാരതി സംസാരിക്കുന്നു

തോള്‍ശീല സമരം, മാറുമറയ്ക്കല്‍ സമരം എന്ന പേരുകളിലും ഇതറിയപ്പെട്ടു. 1800-ാം ആണ്ടിനുമുമ്പ് തന്നെ നെയ്യാറ്റിന്‍കര താലൂക്കില്‍ ഈഴവ, നാടാര്‍ ജാതികളില്‍ പെട്ടവര്‍ കത്തോലിക്കാമതത്തിലേക്ക് “മതാരോഹണം” നടത്തിയിരുന്നു. 1806 ല്‍ ലണ്ടന്‍ മിഷന്‍ സൊസൈറ്റിയുടെ ആദ്യമിഷനറിയായ റിങ്കല്‍ ടോബെ (1770-1816) അഗസ്തീശ്വരത്തെ മൈലാടിയില്‍ പള്ളിയും ഇംഗ്ലീഷ് പള്ളിക്കൂടവും സ്ഥാപിക്കുകയും സൊസൈറ്റിയുടെ ആസ്ഥാനം ഉറപ്പിക്കുകയും ചെയ്യുന്നതോടെയാണ് ഇവിടങ്ങളില്‍ മതാരോഹണം വ്യാപകമാകുന്നത്. ചാന്നാര്‍ ലഹള ഒരുപരിധിവരെ മിഷനറി പ്രവര്‍ത്തനത്തിന്റെ പരിണിതഫലമായിരുന്നു. തമിഴ് സാഹിത്യകൃതികളില്‍ സാന്റോര്‍ എന്നു വിശേഷിപ്പിക്കുന്ന വിഭാഗത്തെ തിരുവിതാംകൂറിലെ സവര്‍ണ്ണര്‍ ചാന്നാര്‍ എന്നാണ് വിളിച്ചിരുന്നത്. 1926 ല്‍ മദിരാശി സര്‍ക്കാര്‍ ചാന്നാര്‍ എന്ന ജാതിപ്പേര് നാടാര്‍ എന്നാക്കി മാറ്റി ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. ദശാബ്ദങ്ങള്‍ നീണ്ടുനിന്ന സമരങ്ങള്‍ക്കും ഏറ്റുമുട്ടലുകള്‍ക്കും ശേഷം 1859 ലാണ് മതം മാറിയ നാടാര്‍, ഈഴവ സ്ത്രീകള്‍ക്ക് മേല്‍മുണ്ട് ധരിക്കാന്‍ തിരുവിതാംകൂര്‍ ഭരണകൂടം അനുമതി നല്‍കുന്നത്.

സാമൂഹ്യനീതിയ്ക്കും അന്തസിനും വേണ്ടിയുള്ള നാടാര്‍ സ്ത്രീകളുടെ ഇടപടലുകള്‍ പിന്നെയും തുടര്‍ന്നു. ആത്മാഭിമാനത്തിനുവേണ്ടി എതാണ്ട് അരനുറ്റാണ്ടോളം സമരം ചെയ്തിട്ടും സര്‍ക്കാര്‍ ഉത്തരവുകള്‍ ഉണ്ടായിട്ടും മാറുമറച്ചതുകൊണ്ടുമാത്രം വളരെക്കാലം തിരുവിതാകൂറില്‍ സ്ത്രീകള്‍ സവര്‍ണ്ണ ജാതിഹിന്ദുക്കളാല്‍ പിന്നെയും പരസ്യമായി അപമാനിക്കപ്പെടുകയും ആക്രമിക്കപ്പെടുകയും ചെയ്തുകൊണ്ടിരുന്നു. (ദളിതരായ സ്ത്രീകള്‍ക്ക് മാറുമറയ്ക്കാന്‍ പിന്നെയും ദശാബ്ദങ്ങള്‍/അയ്യന്‍കാളി വേണ്ടിവന്നു എന്നത് മറ്റൊരു ചരിത്രം). ഇപ്പോള്‍ പ്രസ്തുത സമരചരിത്രത്തെ പാഠ്യപദ്ധതിയില്‍നിന്ന് നീക്കം ചെയ്യുന്നതും ഒരുതരത്തില്‍ പറഞ്ഞാല്‍ സവര്‍ണ്ണ ജാതി ഹിന്ദുക്കള്‍ തന്നെയാണ്.

ഇന്ത്യയുടെ രാഷ്ട്രീയ-സാമൂഹ്യ ചരിത്രത്തില്‍ ഗാന്ധിയെപ്പോലെ തന്നെയോ അതിലേറെയോ പ്രാധാന്യമുള്ള വ്യക്തിയാണ് അംബേദ്കറെന്ന് ലോകം തിരിച്ചറിഞ്ഞത് സമീപ ഭൂതകാലത്ത് നടന്ന ദളിത് ബഹുജനങ്ങളുടെ വിവിധങ്ങളായ ഇടപെടലുകളിലൂടെയായിരുന്നു. സവര്‍ണ്ണ ജാതികള്‍ക്ക് പ്രാമുഖ്യമുള്ള പ്രബല/മുഖ്യധാരയ്ക്ക് പുറത്തുനിന്ന് പൊട്ടിപ്പുറപ്പെടുന്ന ജനാധിപത്യ സമരങ്ങളെയും നേതൃത്വങ്ങളെയും നിസാരവത്കരിക്കുകയും ചരിത്രത്തില്‍നിന്ന് ഒഴിവാക്കുകയും ചെയ്യുന്നതില്‍ ഇന്ത്യയിലെ ഭരണകര്‍ത്താക്കള്‍ എക്കാലവും ബദ്ധശ്രദ്ധാലുക്കള്‍ ആയിരുന്നു. ജനാധിപത്യവും സാമൂഹ്യനീതിയും ബഹുസ്വരതയും ആവിഷ്‌കാര സ്വാതന്ത്ര്യവും ഉറപ്പുവരുത്തുന്ന ഭരണഘടനയേക്കാള്‍ അവര്‍ പ്രാധാന്യം നല്‍കിയത് ഇതിനെയൊന്നും അംഗീകരിക്കാത്ത, ബ്രാഹ്മണ മേധാവിത്വത്തെ ഉറപ്പുവരുത്തുന്ന മനുസ്മൃതിക്കായിരുന്നു.

ദുര്‍ബലമായോ ഭാഗീകമായോ ആണെങ്കിലും ജനാധിപത്യ സ്വഭാവമുള്ള ഒരു രാജ്യമായി പരിണമിച്ചുകൊണ്ടിരുന്ന ഒരു രാജ്യത്തെയാണ് കുറച്ചുനാളുകളായി സംഘപരിവാര ശക്തികള്‍ വിവിധങ്ങളായ വിധ്വംസക പ്രവൃത്തികളിലൂടെയും ഹിംസകളിലൂടെയും ഒരു ഹിന്ദു(സവര്‍ണ്ണ) രാജ്യമായി പരിവര്‍ത്തിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഇന്ത്യയിലെമ്പാടും അടുത്ത കാലത്ത് നടന്നിട്ടുള്ള ഭരണകൂടത്തിന്റെ നേരിട്ടും അല്ലാതെയുമുള്ള ഇടപെടലുകള്‍ പരിശോധിച്ചാല്‍ ഇത് മനസിലാക്കാവുന്നതേയൂള്ളൂ. രാഷ്ട്രീയ-സാംസ്‌കാരിക പ്രവര്‍ത്തനത്തിന്റേയും സാഹിത്യത്തിന്റേയും വിശ്വാസത്തിന്റേയും ആവിഷ്‌കാരത്തിന്റേയും മേഖലയിലുള്ള ബഹുജനത്തിന്റെ സ്വാതന്ത്ര്യം ഇത്രമേല്‍ അടിച്ചമര്‍ത്തപ്പെടുകയോ നിയന്ത്രിക്കപ്പെടുകയോ ചെയ്തകാലം സമീപത്തൊന്നും ഇന്ത്യയില്‍ ഉണ്ടായിട്ടുണ്ടെന്ന് തോന്നുന്നില്ല. സവര്‍ണ്ണ ഹിന്ദു പൊതുബോധത്തിനും ഭാവുകത്വത്തിനും പുറത്തുജീവിക്കുന്ന/ഇടപെടുന്ന വ്യത്യസ്തരായ ജാതി-മത-ലിംഗ വിഭാഗത്തില്‍പ്പെട്ട മനുഷ്യര്‍ ഇത്രയധികം ഭീഷണി നേരിട്ട കാലവും ഉണ്ടായിട്ടില്ല. ബഹുജനങ്ങളുടെ വിവിധങ്ങളായ വിസമ്മതങ്ങളോട് ഭരണകൂടം അസാധാരണവും കഠിനവുമായ അസഹിഷ്ണുത പുലര്‍ത്തിയ കാലവും ഇതുതന്നെ.

Also read:മാധ്യമപ്രവര്‍ത്തനവും പ്രൊപ്പഗാന്‍ഡയും തമ്മിലുള്ള പോരുകള്‍

ഏകതാനമായ സൂചിത സവര്‍ണ്ണ “ദേശീയത”യേയും സാമൂഹ്യ ഘടനയേയും ബഹുസ്വരമാക്കുന്ന, ജനാധിപത്യവല്‍ക്കരിക്കുന്ന പോരാട്ടങ്ങളെയും ഇടപെടലുകളേയും ചരിത്രത്തില്‍നിന്നും, ചരിത്രരചനയില്‍നിന്നും, പാഠപുസ്തകങ്ങളില്‍നിന്നും വെട്ടിമാറ്റുന്നതിന്റെ പിന്നിലെ സംഘപരിവാര താല്‍പ്പര്യം തിരിച്ചറിയുകയും ചെറുക്കപ്പെടുകയും ചെയ്യേണ്ടതുണ്ട്.

വിദ്യാര്‍ത്ഥികളുടെ പഠനഭാരം കുറയ്ക്കാനെന്ന വ്യാജേന അവരെ ചരിത്ര ബോധമില്ലാത്ത തലമുറയാക്കി മാറ്റാനുള്ള ശ്രമമായി മാത്രമേ എന്‍.സി.ആര്‍.ടി യുടെ സിലബസ് “പരിഷ്‌കരണ”ത്തെ വിലയിരുത്താനാകൂ. ചരിത്രബോധവും സാമൂഹ്യപ്രതിബദ്ധതയും ധാര്‍മ്മികചിന്തയും ഇല്ലാത്ത ഒരു തലമുറയെ സ്‌കൂള്‍തലം മുതല്‍ വാര്‍ത്തെടുത്താല്‍ പിന്നെ ഒരു അനീതിയും ചോദ്യം ചെയ്യപ്പെടില്ലല്ലോ. വിസമ്മതങ്ങളേ ഉണ്ടാവില്ലല്ലോ. ചരിത്രബോധമില്ലാത്ത, സ്വതന്ത്ര ബുദ്ധികളല്ലാത്ത, ആവിഷ്‌കാര സ്വാതന്ത്ര്യമെന്ന് കേള്‍ക്കാത്ത പൗരന്മാരെക്കൊണ്ട് രാജ്യം നിറച്ചാല്‍ പിന്നെ ഹൈന്ദവ ഫാസിസം ചോദ്യം ചെയ്യപ്പെടുകയേ ഇല്ലല്ലോ. അതിന്റെ ആദ്യപടി സ്‌കൂളുകളില്‍ തങ്ങള്‍ക്ക് അനുകൂലമായ ഒരു സിലബസ് ഉണ്ടാക്കുക എന്നതാണ്. അഥവാ മറിച്ചുസംഭവിക്കാന്‍ സാധ്യതയുള്ള മുഴുവന്‍ പാഠങ്ങളും/ചരിത്രങ്ങളും പാഠ്യപദ്ധതിയില്‍ നിന്ന് ഒഴിവാക്കുക എന്നതാണ്.

എം.ആര്‍ രേണുകുമാര്‍
കവി, ദളിത് ആക്ടിവിസ്റ്റ്