| Sunday, 21st April 2024, 5:03 pm

മണിച്ചിത്രത്താഴ് തിയേറ്ററില്‍ കാണാം; ചിത്രം റീമാസ്റ്റര്‍ ചെയ്യുന്നു; ഇനി ഏതൊക്കെ പടങ്ങളെന്ന് അറിയില്ല: എം.ആര്‍. രാജകൃഷ്ണന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഒരു മലയാളി ചിത്രമാണ് മണിച്ചിത്രത്താഴ്. 1993ല്‍ റിലീസായ ചിത്രത്തിന് വര്‍ഷങ്ങള്‍ ഒരുപാട് കഴിഞ്ഞിട്ടും ആരാധകര്‍ക്ക് കുറവില്ല. മധു മുട്ടം എഴുതി ഫാസില്‍ സംവിധാനം ചെയ്ത മണിച്ചിത്രത്താഴില്‍ മലയാളത്തിന്റെ പ്രിയ സംവിധായകരായ സിബി മലയില്‍, പ്രിയദര്‍ശന്‍, സിദ്ദിഖ്-ലാല്‍ എന്നിവരും ഭാഗമായിരുന്നു.

മലയാളത്തിലെ ഏറ്റവും മികച്ച സൈക്കോളജിക്കല്‍ ഹൊറര്‍ ത്രില്ലറായി കണക്കാക്കപ്പെടുന്ന ചിത്രത്തില്‍ മോഹന്‍ലാലും ശോഭനയും സുരേഷ് ഗോപിയുമായിരുന്നു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. അവര്‍ക്ക് പുറമെ നെടുമുടി വേണു, ഇന്നസെന്റ്, കെ.പി.എ.സി ലളിത, തിലകന്‍, ശ്രീധര്‍, വിനയ പ്രസാദ്, കെ.ബി. ഗണേഷ് കുമാര്‍, സുധീഷ് തുടങ്ങിയ വന്‍താരനിരയായിരുന്നു അണിനിരന്നത്.

ഈ ചിത്രം റീമാസ്റ്റര്‍ ചെയ്ത് ഇറക്കാന്‍ തനിക്ക് ആഗ്രഹമുണ്ടെന്ന് പറയുകയാണ് ദേശിയ അവാര്‍ഡ് ജേതാവായ ഓഡിയോഗ്രാഫര്‍ എം.ആര്‍. രാജകൃഷ്ണന്‍. ഇപ്പോള്‍ ഒരു ടീം അതിന്റെ വര്‍ക്കിലാണെന്നും അദ്ദേഹം പറയുന്നു. ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ ഏതൊക്കെയാണ് റീമാസ്റ്റര്‍ ചെയ്ത് ഇറക്കാന്‍ ആഗ്രഹമുള്ള സിനിമകള്‍ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു എം.ആര്‍. രാജകൃഷ്ണന്‍.

‘എനിക്ക് റീമാസ്റ്റര്‍ ചെയ്യാന്‍ ആഗ്രഹമുള്ള ഒരു സിനിമയായിരുന്നു മണിച്ചിത്രത്താഴ്. അത് ഇപ്പോള്‍ ഒരു ടീം ചെയ്യുന്നുണ്ട്. അതിന് വേണ്ടിയുള്ള വര്‍ക്കിലാണ് അവര്‍. ഇനി ഏതൊക്കെ പടങ്ങള്‍ സംഭവിക്കുമെന്ന് നമുക്ക് അറിയില്ല,’ എം.ആര്‍. രാജകൃഷ്ണന്‍ പറഞ്ഞു.

മലയാളത്തിലും തമിഴിലും തെലുങ്കിലും ഹിന്ദിയിലും മറാത്തിയിലുമായി 150ലേറെ ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ച സൗണ്ട് എന്‍ജിനീയറും ഡിസൈനറുമാണ് എം.ആര്‍. രാജകൃഷ്ണന്‍. 2023ല്‍ തിയേറ്ററുകളില്‍ റീമാസ്റ്റര്‍ ചെയ്ത് എത്തിയ സ്ഫടികത്തിന് വേണ്ടി പ്രവര്‍ത്തിച്ചതും ഇദ്ദേഹമാണ്. ചിത്രത്തിന്റെ റീമാസ്റ്ററിങ്ങിനെ കുറിച്ചും എം.ആര്‍. രാജകൃഷ്ണന്‍ അഭിമുഖത്തില്‍ സംസാരിച്ചു.

‘സ്ഫടികം റീമാസ്റ്ററിങ് ശരിക്കും സംഭവിച്ചു പോയതാണ്. അതിനായി ഭദ്രന്‍ സാറിട്ട ഇന്‍പുട്ട് വളരെ വലുതാണ്. ഒരിക്കലും റീമാസ്റ്റര്‍ ചെയ്യുകയാണെന്ന രീതിയില്‍ അല്ല അദ്ദേഹം അതിനെ കണ്ടത്. പകരം പുതിയ സിനിമയായാണ് കരുതുന്നത്.

സ്ഫടികം താന്‍ ചെയ്തു കഴിഞ്ഞു, ഇത് തന്റെ അടുത്ത സ്ഫടികമാണ് എന്ന രീതിയിലാണ് സാര്‍ കരുതിയത്. അദ്ദേഹം അതിലിട്ട എഫേര്‍ട്ടിന്റെ അത്രയും എഫേര്‍ട്ട് ഇനി ആര്‍ക്കെങ്കിലും ഇടാന്‍ സാധിച്ചാല്‍ തീര്‍ച്ചയായും വര്‍ക്കാകും.

പക്ഷേ അങ്ങനെ ആരെങ്കിലും ഒരു എഫേര്‍ട്ട് ഇടുമെന്ന് എനിക്ക് തോന്നുന്നില്ല. സ്ഫടികത്തിന്റെ എല്ലാ ക്രെഡിറ്റും ഭദ്രന്‍ സാറിനാണ്. കാരണം ഞാന്‍ നേരിട്ട് കണ്ടതാണ്. ഞാന്‍ അനുഭവിച്ചതാണ്,’ എം.ആര്‍. രാജകൃഷ്ണന്‍ പറഞ്ഞു.


Content Highlight: MR Rajakrishnan Talks About Manichithrathazhu Remastaring

We use cookies to give you the best possible experience. Learn more