എം.ആര്‍ മുരളി മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട്
Kerala News
എം.ആര്‍ മുരളി മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 28th November 2020, 4:50 pm

കോഴിക്കോട്: മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ടായി സി.പി.ഐ.എം നേതാവ് എം.ആര്‍ മുരളിയെ തെരഞ്ഞെടുത്തു. നേരത്തെ തദ്ദേശ തെരഞ്ഞെടുപ്പില്‍ എം.ആര്‍ മുരളി സി.പി.ഐ.എം സ്ഥാനാര്‍ത്ഥിയായേക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.

ഷൊര്‍ണൂര്‍ നഗരസഭാ ചെയര്‍മാന്‍ സ്ഥാനാര്‍ഥിയായി മുരളി മത്സരിച്ചേക്കുമെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ നാമനിര്‍ദേശപത്രികാ സമര്‍പ്പണം അവസാനിച്ചതോടെ മുരളി മത്സരരംഗത്തില്ലെന്നുറപ്പായി.

ഇതിന് പിന്നാലെയാണ് മുരളിയെ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് സ്ഥാനത്തേക്ക് തെരഞ്ഞെടുത്തത്.

ടി.പി. ചന്ദ്രശേഖരന്‍ ചെയര്‍മാനും എം.ആര്‍. മുരളി സെക്രട്ടറിയുമായാണ് ഒരു കാലത്ത് സംസ്ഥാനത്തെ സി.പി.ഐ.എം വിമതരുടെ പൊതുവേദിയായ ഇടതുപക്ഷ ഏകോപനസമിതിക്ക് രൂപം നല്‍കിയത്. 2009ലെ ലോകസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ഏകോപന സമിതി സ്ഥാനാര്‍ത്ഥിയായി പാലക്കാട്ട് മുരളി കളത്തിലിറങ്ങുകയും ചെയ്തു.

അന്ന് ഇരുപതിനായിരത്തിലധികം വോട്ട് മുരളി നേടിയപ്പോള്‍ ആയിരത്തിലധികം വോട്ടിന്റെ നേരിയ ഭൂരിപക്ഷത്തിനാണ് എം.ബി. രാജേഷ് ജയിച്ചത്.

സി.പി.ഐ.എം പാലക്കാട് ജില്ലാ കമ്മിറ്റി അംഗമായിരിക്കുമ്പോഴാണ് മുരളി പാര്‍ട്ടി വിട്ടത്.

15 വര്‍ഷം മുമ്പ് നടന്ന ഷൊര്‍ണൂര്‍ നഗരസഭാ തെരഞ്ഞെടുപ്പിലാണ് മുരളി പാര്‍ട്ടി ടിക്കറ്റില്‍ അവസാനമായി മത്സരിച്ചത്. അന്ന് നഗരസഭാ ചെയര്‍മാനാവുകയും ചെയ്തു.

പിന്നീടാണ് നേതൃത്വത്തിനെതിരെ വിമര്‍ശനമുന്നയിച്ച് മുരളി പാര്‍ട്ടിക്ക് വിമതനാവുന്നത്. പിന്നീട് മൂന്നു തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ച മുരളി സ്വയം രൂപം കൊടുത്ത ജെ.വി.എസ് എന്ന സംഘടനയുടെ സ്ഥാനാര്‍ത്ഥിയായി രണ്ടു തവണ ഷൊര്‍ണൂര്‍ നഗരസഭ അംഗവുമായി. ഒരുതവണ ചെയര്‍മാനും.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: MR Murali Malabar Devaswam Board President