എം.ആര്‍ മുരളി സി.പി.ഐ.എമ്മിലേക്ക് : എ.കെ ബാലന്‍ പ്രഖ്യാപനം നടത്തും
Kerala
എം.ആര്‍ മുരളി സി.പി.ഐ.എമ്മിലേക്ക് : എ.കെ ബാലന്‍ പ്രഖ്യാപനം നടത്തും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 25th January 2014, 12:53 pm

[]ഷൊര്‍ണ്ണൂര്‍ : ജനകീയ വികസനസിമിതി നേതാവ് എം.ആര്‍ മുരളി സി.പി.ഐ.എമ്മിലേക്ക്. സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എ.കെ ബാലന്‍ ഇത് സംബന്ധിച്ച് പ്രഖ്യാപനം നടത്തും.

വരുന്ന ജനുവരി 31 ന് ഷൊര്‍ണൂരില്‍ നടത്തുന്ന കണ്‍വെന്‍ഷനില്‍ മുരളിക്ക് സ്വീകരണം നല്‍കും.

കഴിഞ്ഞ ജൂണ്‍ മാസത്തിലാണ് ഷൊര്‍ണ്ണൂര്‍ നഗരസഭാ അധ്യക്ഷ സ്ഥാനത്ത് നിന്ന് മുരളി രാജിവെച്ചത്.  സി.പി.ഐ.എമ്മിലേക്ക് തിരികെ പോകുന്നുവെന്ന പ്രചരണങ്ങള്‍ക്കിടെയായിരുന്നു മുരളിയുടെ രാജി.

സി.പി.ഐ.എമ്മുമായി യോജിക്കേണ്ട കാര്യങ്ങളില്‍ യോജിക്കാനും, കോണ്‍ഗ്രസ്സുമായി ധാരണയുണ്ടാക്കിയതിനെ തുടര്‍ന്ന് ലഭിച്ച എല്ലാ സ്ഥാനങ്ങളില്‍ നിന്ന് ഒഴിയാനും അന്ന് തീരുമാനമാനിച്ചിരുന്നു.

കഴിഞ്ഞ നഗരസഭാ തിരഞ്ഞെടുപ്പിനുശേഷം എട്ട് അംഗങ്ങള്‍ വീതമുള്ള ജെ.വി.എസ്സും കോണ്‍ഗ്രസ്സും ഒത്തുചേര്‍ന്നാണ് അധികാരത്തിലേറിയിരുന്നത്.

രണ്ടരവര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ചെയര്‍മാന്‍ സ്ഥാനം കൈമാറണമെന്ന ധാരണ വികസന സമിതി തെറ്റിച്ചതില്‍ പ്രതിഷേധിച്ച് ഭരണസഖ്യത്തില്‍നിന്ന് കോണ്‍ഗ്രസ് കഴിഞ്ഞ മാസം പിന്മാറിയിരുന്നു.

തുടര്‍ന്ന്, വൈസ് ചെയര്‍പേഴ്‌സണ്‍ സ്ഥാനവും സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പദവികളും കോണ്‍ഗ്രസ് രാജിവെച്ചു. ധാരണപ്രകാരം കോണ്‍ഗ്രസ്സിന്റെ പിന്തുണ ലഭിച്ചില്ലെന്നായിരുന്നു ജനകീയ വികസന മുന്നണിയുടെ നിലപാട്.

മുരളിയുടെ രാജിക്ക് ശേഷം ഷൊര്‍ണൂര്‍ നഗരസഭാ വൈസ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ജനകീയ വികസന മുന്നണിക്കായിരുന്നു ജയം. തിരഞ്ഞെടുപ്പില്‍ മത്സരിച്ച  ജെ.വി.എസ്സിന്റെ അഡ്വ.പി.എം ജയ വൈസ് ചെയര്‍പേഴ്‌സണായി തിരഞ്ഞെടുത്തു.

സി.പി.ഐ.എമ്മിന്റെ പിന്തുണയോടെ 20 വോട്ടുകളാണ് ജയ നേടിയത്. എതിര്‍ സ്ഥാനാര്‍ത്ഥിയായ യു.ഡി.എഫിലെ ഷീനയ്ക്ക് എട്ട് വോട്ടും, ബി.ജെ.പി സ്ഥാനാര്‍ഥിക്ക് മൂന്നു വോട്ടുമാണ് ലഭിച്ചത്.

ജനകീയ വികസന മുന്നണിയുമായി സഖ്യമുണ്ടാക്കാനുള്ള സി.പി.ഐ.എമ്മിന്റെ നീക്കത്തില്‍ പ്രതിഷേധിച്ച് സി.പി.ഐ വേട്ടെടുപ്പില്‍ നിന്ന് വിട്ട് നിന്നിരുന്നു.