ന്യൂദല്‍ഹി: പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വാദം കേള്‍ക്കല്‍ വൈകിപ്പിക്കുന്നത് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്ര.
സോളിസിറ്റര്‍ ജനറല്‍ കൂടുതല്‍ സമയം ചോദിച്ചതുകൊണ്ടാണ് വാദം കേള്‍ക്കുന്നത് വീണ്ടും വൈകിയതെന്ന് മഹുവ പറഞ്ഞു. കോടതിയോട് കളിച്ച് സമയം കളയാതെ സത്യവാങ് മൂലം നല്‍കി കോടതിക്ക് മുന്നില്‍ സത്യം തെളിയിക്കുകയാണ് വേണ്ടതെന്നും മഹുവ പറഞ്ഞു.
പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ വാദം കേള്‍ക്കുന്നത് സുപ്രീംകോടതി കഴിഞ്ഞദിവസം മാറ്റിവെച്ചിരുന്നു.
കേന്ദ്രത്തില്‍ നിന്ന് നിര്‍ദ്ദേശം സ്വീകരിക്കാന്‍ വെള്ളിയാഴ്ച വരെ സമയം വേണമെന്ന് തുഷാര്‍ മേത്ത കോടതിയോട് ആവശ്യപ്പെട്ടിരുന്നു. ആഗസ്റ്റ് 16നാണ് പെഗാസസില്‍ കോടതി വാദം കേള്‍ക്കുക.
അതേസമയം, പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഹരജിക്കാര്‍ സോഷ്യല്‍ മീഡിയയില്‍ നടത്തുന്ന ‘സമാന്തര ചര്‍ച്ച’കളില്‍ സുപ്രീം കോടതി അതൃപ്തി പ്രകടിപ്പിച്ചിരുന്നു.
സുപ്രീംകോടതി ‘ചില അച്ചടക്കം’ പ്രതീക്ഷിക്കുന്നുണ്ടെന്ന് ചീഫ് ജസ്റ്റിസ് എന്‍.വി. രമണയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ച് കേസ് പരിഗണിക്കുന്നതിനിടെ പറഞ്ഞു.
സുപ്രീംകോടതിയെ സമീപിച്ചതിന് ശേഷവും സോഷ്യല്‍ മീഡിയയില്‍ ഹരജിക്കാര്‍ ‘സമാന്തര ചര്‍ച്ചകള്‍’ നടത്തുന്നതിനെയാണ് കോടതി വിമര്‍ശിച്ചത്. പെഗാസസ് പ്രശ്നവുമായി ബന്ധപ്പെട്ട ഏത് ചോദ്യങ്ങള്‍ക്കും സുപ്രീം കോടതിയില്‍ ഉത്തരം നല്‍കണമെന്ന് ഹരജിക്കാരോട് കോടതി ആവശ്യപ്പെട്ടു.
പുറത്തുവരുന്ന വാര്‍ത്തകള്‍ ശരിയെങ്കില്‍ പെഗാസസ് ഫോണ്‍ചോര്‍ത്തല്‍ ഗുരുതരമായ ആരോപണമെന്ന് സുപ്രീംകോടതി നേരത്തെ പറഞ്ഞിരുന്നു. പെഗാസസ് ചാരസോഫ്റ്റ് വെയര്‍ സര്‍ക്കാര്‍ ഉപയോഗിച്ചു എന്ന ആരോപണത്തില്‍ പ്രത്യേകാന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹരജികള്‍ പരിഗണിക്കുകവേയായിരുന്നു സുപ്രീംകോടതിയുടെ പരാമര്‍ശം.
രണ്ട് കേന്ദ്ര മന്ത്രിമാരുള്‍പ്പെടെ രാജ്യത്ത് 300ലേറെ പേരുടെ ഫോണ്‍ പെഗാസസ് ഉപയോഗിച്ച് ചോര്‍ത്തിയതായി അടുത്തിടെയാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ വെളിപ്പെടുത്തിയത്. സുപ്രീം കോടതി ചീഫ് ജസ്റ്റിസ്, രാഷ്ട്രീയ നേതാക്കള്‍, ബ്യൂറോക്രാറ്റുകള്‍ തുടങ്ങി രാജ്യത്ത് നിരവധി പേരുടെ ഫോണുകള്‍ ചോര്‍ത്തപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.
ഇസ്രഈല്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൈബര്‍കമ്പനിയായ എന്‍.എസ്.ഒ. ഗ്രൂപ്പ് വികസിപ്പിച്ച ചാര സോഫ്റ്റ് വെയര്‍ പ്രോഗ്രാമാണ് പെഗാസസ്. മൊബൈല്‍ ഫോണുകളില്‍ നുഴഞ്ഞുകയറി പാസ്വേഡ് ബന്ധപ്പെടുന്ന ആളുകളുടെ വിവരങ്ങള്‍, വന്നതും അയച്ചതുമായ മെസേജുകള്‍, ക്യാമറ, മൈക്രോഫോണ്‍, സഞ്ചാരപഥം, ജി.പി.എസ് ലൊക്കേഷന്‍ തുടങ്ങി മുഴുവന്‍ വിവരവും ചോര്‍ത്താന്‍ ഇതിലൂടെ സാധിക്കും.
രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന 16 മാധ്യമസ്ഥാപനങ്ങള്‍ ചേര്‍ന്നു നടത്തിയ അന്വേഷണത്തിലൂടെയാണ് പെഗാസസ് ചോര്‍ച്ചയുടെ വിവരങ്ങള്‍ പുറത്തു വന്നത്. ഐഫോണ്‍, ആന്‍ഡ്രോയിഡ് ഫോണുകളില്‍ പെഗാസസ് മാല്‍വയര്‍ ഉപയോഗിച്ച് മെസേജുകള്‍, ഫോട്ടോ, ഇമെയില്‍, ഫോണ്‍കോളുകള്‍ എന്നിവ ചോര്‍ത്തി എന്നാണ് വിവരം.
അംഗീകൃത സര്‍ക്കാരുകള്‍ക്ക് മാത്രമേ പെഗാസസ് വില്‍ക്കാറുള്ളുവെന്ന് എന്‍.എസ്.ഒ ഗ്രൂപ്പ് പ്രതികരിച്ചിരുന്നു. ഇതാണ് കേന്ദ്ര സര്‍ക്കാരിനെ വെട്ടിലാക്കിയിരിക്കുന്നത്. എന്നാല്‍ പെഗാസസ് ഒരു വിഷയമാക്കേണ്ട കാര്യമില്ലെന്നും ഇതെല്ലാം ഗൂഢാലോചനാ തിയറികളാണെന്നുമാണ് കേന്ദ്ര സര്‍ക്കാരിന്റെ വാദം.