തിരുവനന്തപുരം: എം.ആര്‍. അജിത് കുമാറിന് ഡി.ജി.പി റാങ്കിലേക്ക് സ്ഥാനക്കയറ്റം. സംസ്ഥാന മന്ത്രിസഭയാണ് ശുപാര്‍ശ അംഗീകരിച്ചത്.
ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍ അധ്യക്ഷയായിരുന്ന കമ്മിറ്റിയാണ് എം.ആര്‍. അജിത് കുമാറിനെ ഡി.ജി.പി റാങ്കിലേക്ക് ശുപാര്‍ശ ചെയ്തത്.
നിലവിലുള്ള പൊലീസ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബ് ജൂലൈ ഒന്നിന് സര്‍വീസില്‍ നിന്ന് വിരമിക്കുന്നതോടെ ഉണ്ടാകുന്ന ഒഴിവിലേക്കാണ് അജിത് കുമാറിന് സ്ഥാനക്കയറ്റം ലഭിക്കുക.
നിലവില്‍ എം.ആര്‍. അജിത് കുമാറിനെതിരെ ത്രിതല തലത്തില്‍ അന്വേഷണം നടക്കുന്നുണ്ട്. എന്നാല്‍ അന്വേഷണം നടക്കുന്നത് സ്ഥാനക്കയറ്റത്തിന് തടസമാകില്ലെന്ന സുപ്രീം കോടതി വിധികള്‍ അടക്കം ചൂണ്ടിക്കാട്ടിയാണ് സ്‌ക്രീനിങ് കമ്മിറ്റി അജിത് കുമാറിനെ ശുപാര്‍ശ ചെയ്തത്.
അതേസമയം അന്വേഷണം തുടരുന്ന കേസുകള്‍ എം.ആര്‍. അജിത് കുമാറിന് എതിരാകുകയാണെങ്കില്‍ സ്ഥാനക്കയറ്റം നടക്കില്ല. ആര്‍.എസ്.എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിലാണ് അജിത് കുമാറിനെതിരെ അന്വേഷണം നടക്കുന്നത്.
ആര്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബല്ലെയുമായും ആര്‍.എസ്.എസ് മുതിര്‍ന്ന നേതാവ് റാം മാധവുമായാണ് എം.ആര്‍. അജിത് കുമാര്‍ കൂടിക്കാഴ്ച നടത്തിയത്. ചിന്തന്‍ ശിബിരത്തില്‍ പങ്കെടുക്കാന്‍ തിരുവനന്തപുരത്ത് എത്തിയപ്പോഴായിരുന്നു റാം മാധവുമായുള്ള കൂടിക്കാഴ്ച നടന്നത്.
2023 ഡിസംബര്‍ അവസാനത്തോടെയായിരുന്നു കൂടിക്കാഴ്ച. 2023 മെയ് 22നായിരുന്നു കൂടിക്കാഴ്ച നടന്നത് ദത്താത്രേയയുമായുള്ള കൂടിക്കാഴ്ച നടന്നത്. കൂടിക്കാഴ്ച നടന്നതിന്റെ അടുത്ത ദിവസം തന്നെ സ്‌പെഷ്യല്‍ ബ്രാഞ്ച് ഇക്കാര്യം മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിച്ചിരുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ആര്‍.എസ്.എസ് സമ്പര്‍ക് പ്രമുഖ് ജയകുമാറായിരുന്നു രണ്ട് കൂടിക്കാഴ്ചകളുടെയും ഇടനിലക്കാരന്‍. അന്വേഷണത്തില്‍ ജയകുമാറിനും പൊലീസ് നോട്ടീസ് അയച്ചിരുന്നു.
Content Highlight: MR Ajith Kumar promoted as DGP