തിരുവനന്തപുരം: എ.ഡി.ജി.പി പി. വിജയനെതിരെ ഗുരുതര ആരോപണവുമായി എം.ആര്‍. അജിത് കുമാര്‍. കരിപ്പൂര്‍ സ്വര്‍ണക്കടത്തില്‍ പി. വിജയന് പങ്കുണ്ടെന്നാണ് അജിത് കുമാര്‍ ഉന്നയിക്കുന്ന ആരോപണം. ഡി.ജി.പിക്ക് നല്‍കിയ മൊഴിയിലാണ് ആരോപണമുന്നയിച്ചിരിക്കുന്നത്.
തീവ്രവാദ സ്‌ക്വാഡിന്റെ ഐ.ജിയായിരിക്കെ സ്വര്‍ണക്കടത്തില്‍ ഇടപെടല്‍ നടത്തിയെന്നാണ് അജിത് കുമാര്‍ പറയുന്നത്. തീവ്രവാദ സ്‌ക്വാഡിലെ മറ്റു ചില അംഗങ്ങള്‍ക്കും സ്വര്‍ണക്കടത്തില്‍ പങ്കുണ്ടെന്നും അജിത് കുമാര്‍ പറയുന്നു. സര്‍ക്കാര്‍ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് മൊഴി നല്‍കിയിരിക്കുന്നത്.
മലപ്പുറം എസ്.പിയായിരുന്ന സുജിത് ദാസ് നല്‍കിയ വിവരങ്ങളാണ് ഇവയെല്ലാമെന്നാണ് എം.ആര്‍. അജിത് കുമാര്‍ മൊഴിയില്‍ പറയുന്നത്. തുടര്‍ന്നാണ് സ്വര്‍ണക്കടത്തില്‍ താന്‍ കര്‍ശന നടപടി സ്വീകരിച്ചതെന്നും അജിത് കുമാര്‍ പറഞ്ഞു.
നേരത്തെ ഏലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസില്‍ പി. വിജയനെതിരെ എ.ഡി.ജി.പി എം.ആര്‍. അജിത് കുമാര്‍ സ്വയമേവ റിപ്പോര്‍ട്ട് തയ്യാറക്കിയിരുന്നു. തീവെപ്പ് കേസ് സംബന്ധിച്ച വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിയെന്നായിരുന്നു ആരോപണം. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പി. വിജയന് സസ്പെന്‍ഷനും ലഭിച്ചിരുന്നു.
അതേസമയം ആര്‍.എസ്.എസ് നേതാക്കളുമായുള്ള എ.ഡി.ജി.പി എം.ആര്‍ അജിത് കുമാറിന്റെ കൂടിക്കാഴ്ച ചട്ടലംഘനമാണെന്നും ഡി.ജി.പിയുടെ റിറിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഡി.ജി.പിയും മറ്റ് നാല് പേരും അടങ്ങുന്ന സംഘമാണ് 73 പേജുള്ള റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചത്.
റിപ്പോര്‍ട്ടിലെ നാലോ അഞ്ചോ പേജുകളിലായി ആര്‍.എസ്.എസ് കൂടിക്കാഴ്ചയെക്കുറിച്ചാണ് പ്രത്യേക അന്വേഷണ സംഘം പറയുന്നത്. കൂടിക്കാഴ്ച നടന്നതായി എ.ഡി.ജി.പി സമ്മതിച്ചതായും റിപ്പോര്‍ട്ട് സ്ഥിരീകരിച്ചിട്ടുണ്ട്.
എന്നാല്‍ അതിന്റെ കാരണം വ്യക്തമല്ലെന്നുള്ളതാണ് ഡി.ജി.പിയുടെയും സംഘത്തിന്റെയും കണ്ടെത്തലായി റിപ്പോര്‍ട്ടില്‍ പറയുന്നത്.
Content Highlight: MR Ajith Kumar against ADGP P Vijayan