| Saturday, 7th September 2024, 7:57 am

തൃശൂര്‍ പൂരം നടക്കുമ്പോള്‍ ആര്‍.എസ്.എസ് നേതാവുമായി കൂടിക്കാഴ്ച നടത്തിയെന്ന് സമ്മതിച്ച് എം.ആര്‍. അജിത് കുമാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി എം.ആര്‍. അജിത്കുമാര്‍ തൃശൂര്‍ പൂരം നടക്കുന്ന സമയത്ത് ആര്‍.എസ്.എസ്. നേതാവുമായി കൂടിക്കാഴ്ച നടത്തിയെന്ന പ്രതിപക്ഷനേതാവിന്റെ ആരോപണങ്ങള്‍ ശരിവെക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത്.

മലയാള മനോരമയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ആര്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബല്ലെയുമായി തൃശൂരിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ വെച്ചായിരുന്നു കൂടിക്കാഴ്ചയെന്നാണ് റിപ്പോര്‍ട്ട്. സന്ദര്‍ശനത്തിന്റെ തൊട്ടടുത്ത ദിവസം തന്നെ സ്‌പെഷ്യല്‍ ബ്രാഞ്ച് ഇക്കാര്യം മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിച്ചിരുന്നതായും റിപ്പോര്‍ട്ടുണ്ട്.

പുതിയ ആരോപണങ്ങള്‍ ഉയര്‍ന്നതിന്റെ പിന്നാലെ മുഖ്യമന്ത്രിയുടെ ഓഫീസ് ഇക്കാര്യത്തില്‍ അജിത്കുമാറില്‍ നിന്ന് വിശദീകരണം തേടിയിരുന്നു. ഈ വിശദീകരണത്തില്‍ താന്‍ ആര്‍.എസ്.എസ്. നേതാവുമായി കൂടിക്കാഴ്ച നടത്തിയിരുന്നതായി അദ്ദേഹം സമ്മതിക്കുന്നുണ്ട്. സ്വകാര്യ സന്ദര്‍ശനമായിരുന്നു എന്നാണ് അജിത്കുമാറിന്റെ വിശദീകരണം. 2023 മെയ് 22നായിരുന്നു സന്ദര്‍ശനം.

എ.ഡി.ജി.പിയുടെ ഒദ്യോഗിക വാഹനം ഉപേക്ഷിച്ചായിരുന്നു സന്ദര്‍ശനമെന്നും അദ്ദേഹം സമ്മതിക്കുന്നുണ്ട്. ഔദ്യോഗിക വാഹനത്തിലെ ലോഗ്ബുക്കില്‍ വിവരങ്ങള്‍ രേഖപ്പെടുത്തേണ്ടി വരുമെന്നതിനാലാണ് ഔദ്യോഗിക വാഹനം ഉപേക്ഷിച്ചതെന്നാണ് വിശദീകരണം. പകരം ആര്‍.എസ്.എസ്. പോഷക സംഘടന ഭാരവാഹിയുടെ വാഹനത്തിലായിരുന്നു യാത്ര.

എം.ആര്‍. അജിത്കുമാര്‍ ആര്‍.എസ്.എസ് നേതാവുമായി കൂടിക്കാഴ്ച നടത്തിയെന്ന് ആദ്യമായി ആരോപണം ഉന്നയിച്ചത് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനായിരുന്നു. അദ്ദേഹത്തിന്റെ ആരോപണങ്ങള്‍ ശരിവെക്കുന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. മുഖ്യമന്ത്രിയുടെ അറിവോടെയാണ് അജിത്കുമാര്‍ ആര്‍.എസ്.എസ് നേതാവിനെ കണ്ടത് എന്നും വി.ഡി. സതീശന്‍ പറഞ്ഞിരുന്നു.

തൃശൂര്‍ പൂരം അലങ്കോലപ്പെടുത്തി ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ ബി.ജെ.പിക്ക് ജയിക്കാനുള്ള അവസരമൊരുക്കിയത് ഈ സന്ദര്‍ശനത്തിലൂടെയാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു. കഴിഞ്ഞ ദിവസം സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ വാര്‍ത്ത സമ്മേളനത്തില്‍ ഈ സന്ദര്‍ശനത്തെ അദ്ദേഹം നിഷേധിച്ചിരുന്നുമില്ല.

പി.വി. അന്‍വറിന്റെ വെളിപ്പെടുത്തലുകളിലും തൃശൂര്‍ പൂരം അലങ്കോലപ്പെടുത്തി തൃശൂരില്‍ ബി.ജെ.പിയെ ജയിപ്പിക്കാനുള്ള ആസൂത്രണങ്ങള്‍ നടത്തിയതില്‍ എം.ആര്‍. അജിത് കുമാറിന് പങ്കുണ്ടായിരുന്നു എന്ന് വ്യക്തമാക്കിയിരുന്നു. അജിത്കുമാറാനെതിരെ ഉയര്‍ന്നിട്ടുള്ള ആരോപണങ്ങളില്‍ അന്വേഷണം നടത്തുന്ന ഡി.ജി.പിയുടെ നേതൃത്വത്തിലുള്ള സംഘം ഈ കൂടിക്കാഴ്ചയെ കുറിച്ചും അന്വേഷിക്കും.

content highlights; MR. Ajith Kumar Admitting that he had met with the RSS leader during Thrissur Pooram

We use cookies to give you the best possible experience. Learn more