എം.ആർ അജിത് കുമാർ ദാവൂദ് ഇബ്രാഹിമിനെ വെല്ലുന്ന കുറ്റവാളി, ആളുകളെ കൊല്ലിച്ചിട്ടുണ്ട്; ഗുരുതര ആരോപണങ്ങളുമായി പി.വി അൻവർ
മലപ്പുറം: എ.ഡി.ജി.പി എം.ആർ അജിത് കുമാറിനെതിരെ ഗുരുതര ആരോപണങ്ങളുമായി പി.വി.അൻവർ എം.എൽ.എ. അജിത് കുമാർ നോട്ടോറിയസ് ക്രിമിനൽ ആണെന്നും ദാവൂദ് ഇബ്രാഹിമിനെ വെല്ലുന്ന കുറ്റവാളിയാണെന്നും അൻവർ ആരോപിച്ചു. കൂടാതെ എ.ഡി.ജി.പി നിരവധി ആളുകളെ കൊല്ലിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എം.ആർ അജിത് കുമാർ മന്ത്രിമാരുടെ ഫോൺ വിവരങ്ങൾ ചോർത്താറുണ്ടെന്നും അതിനായി അദ്ദേഹത്തിന് പൊലീസിൽ പ്രത്യേക സംഘമുണ്ടെന്നും അൻവർ കൂട്ടിച്ചേർത്തു. ഫോൺ കോളുകൾ ചോർത്താനായി ഐ.പി.എസ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയതായും അദ്ദേഹം ആരോപിച്ചു. മന്ത്രിമാരുടെയും രാഷ്ട്രീയ നേതാക്കളുടെയും ,മാധ്യമപ്രവർത്തകരുടെയും കോളുകൾ അജിത് കുമാർ ചോർത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എ.ഡി.ജി.പിയെ കൂടതെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിക്കെതിരെയും ആരോപണം ഉയർത്തിയിട്ടുണ്ട്. ശശിയേയും എ.ഡി.ജി.പിയെയും വിശ്വസിച്ച് മുഖ്യമന്ത്രി ചുമതലകൾ ഏൽപ്പിച്ചെന്നും എന്നാൽ അവർ അത് കൃത്യമായി നിർവഹിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി ഏൽപ്പിച്ച ജോലികൾ കൃത്യമായി ചെയ്യുന്നതിൽ പൊളിറ്റിക്കൽ സെക്രട്ടറി പരാജയപ്പെട്ടു. എന്നാൽ ഇതിന്റെ പഴി കേൾക്കേണ്ടി വന്നത് മുഖ്യമന്ത്രിയാണെന്നും അദ്ദേഹം പറഞ്ഞു. എസ്.പി സുജിത് ദാസും എം.ആർ അജിത് കുമാറും സ്വർണക്കത്തിന് കൂട്ടുനിൽക്കുന്നതായും അദ്ദേഹം ആരോപിച്ചു. വിവാദങ്ങൾക്ക് ശേഷം സുജിത് ദാസ് ലീവിൽ പോയത് തെളിവുകൾ നശിപ്പിക്കാനാണ് എന്നും അൻവർ കൂട്ടിച്ചേർത്തു.
Content Highlight: MR AJIT KUMAR DAVID EBRAHIM OVERCRIMINAL, HAS KILLED PEOPLE; PV Anwar with serious allegations