തിരുവനന്തപുരം: കെ.പി.സി.സിയില്‍ രണ്ട് വര്‍ക്കിങ് പ്രസിഡന്റുമാരെക്കൂടി നിയമിക്കുമെന്നു സൂചന. എം.പിമാരായ കൊടിക്കുന്നില്‍ സുരേഷ്, കെ. സുധാകരന്‍ എന്നിവരെ നീക്കാതെ തന്നെ വി.ഡി സതീശനെയും തമ്പാനൂര്‍ രവിയെയും നിയമിച്ചേക്കും. പട്ടിക ഇന്നു രാവിലെ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഹൈക്കമാന്‍ഡിനു നല്‍കി.
ഏക ട്രഷറര്‍ സ്ഥാനത്തേക്കു പരിഗണിക്കുന്നതു കൊച്ചുമുഹമ്മദിനെയാണെന്ന് മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. സി.പി മുഹമ്മദ്, കെ.പി അനില്‍കുമാര്‍ എന്നിവരുടെ പേരുകളും പരിഗണനയിലുണ്ട്. എന്നാല്‍ കെ.പി.സി.സി സെക്രട്ടറിമാരുടെ പ്രഖ്യാപനം വൈകും.
വര്‍ക്കിങ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറിമാര്‍, ട്രഷറര്‍ എന്നിവരെ ആദ്യം പ്രഖ്യാപിക്കാനാണു നീക്കം. ജംബോ പട്ടികയെന്ന ആക്ഷേപം ഒഴിവാക്കാന്‍ വേണ്ടിയാണിത്.
രമേശ് ചെന്നിത്തല കെ.പി.സി.സി അധ്യക്ഷനായിരുന്ന കാലത്തു ജനപ്രതിനിധികളെ ഭാരവാഹിത്വത്തില്‍ നിന്ന് ഒഴിവാക്കിയിരുന്നു. എന്നാല്‍ ഇത്തവണ മിക്ക ജനപ്രതിനിധികളും ഭാരവാഹിത്വത്തിനു വേണ്ടി രംഗത്തിറങ്ങിയിട്ടുണ്ട്. ഇതില്‍ ഏറെയും ഐ ഗ്രൂപ്പുകാരാണെന്ന് ആരോപണമുണ്ട്.
അടൂര്‍ പ്രകാശ് എം.പി, വി.എസ് ശിവകുമാര്‍ എം.എല്‍.എ, എ.പി അനില്‍ കുമാര്‍ എം.എല്‍.എ എന്നിവര്‍ വൈസ് പ്രസിഡന്റുമാരുടെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളതായി ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു.
വയലാര്‍ രവിയുടെ നോമിനിയായി അജയ് തറയിലും മാത്യു കുഴല്‍നാടനും ഭാരവാഹികളാകും. എ.കെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണിയുടെ നോമിനിയായി മലപ്പുറം ഡി.സി.സി സെക്രട്ടറി നൗഷാദ് അലി സെക്രട്ടറിയായേക്കും. വട്ടിയൂര്‍ക്കാവില്‍ പരാജയപ്പെട്ട കെ. മോഹന്‍കുമാറിനെയും ഉള്‍പ്പെടുത്തിയേക്കും.
25 വീതം ജനറല്‍ സെക്രട്ടറിമാരെയും 20 വീതം സെക്രട്ടറിമാരെയുമാണ് എ, ഐ ഗ്രൂപ്പുകള്‍ പങ്കിട്ടെടുക്കുന്നത്. ജി.വി ഹരി, ബി.എസ് ഷിജു, ഹരിപ്രിയ, കെ.എസ് ഗോപകുമാര്‍, പി.എസ് പ്രശാന്ത്, വി.എസ് ജോയ് എന്നിവരാണ് സെക്രട്ടറിപ്പട്ടികയിലെ പുതുമുഖങ്ങള്‍. യുവനേതാക്കളായ സി.ആര്‍ മഹേഷും പി.എം നിയാസും ജനറല്‍ സെക്രട്ടറിമാരായേക്കും.