മൊഗാദിശു: സൊമാലിയന്‍ തലസ്ഥാനമായ മൊഗാദിശുവില്‍ നയതന്ത്ര പ്രതിനിധികള്‍ താമസിക്കുന്ന ഹോട്ടലിന് നേരെ നടന്ന ഭീകരാക്രമണത്തില്‍ രണ്ട് പാര്‍ലമെന്റ് അംഗങ്ങളടക്കം 15 പേര്‍ കൊല്ലപ്പെട്ടു. ഹോട്ടലിന്റെ കവാടത്തില്‍ കാര്‍ബോംബ് സ്‌ഫോടനം നടത്തിയ ശേഷം ഹോട്ടലിലേക്ക് വെടിവെക്കുകയായിരുന്നു. മൊഹമുദ് മുഹമ്മദ്, അബ്ദുല്ല ജമാക് എന്നീ എം.പിമാരാണ് കൊല്ലപ്പെട്ടതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
അക്രമണത്തിന്റെ ഉത്തരവാദിത്വം ഭീകരസംഘടനയായ അല്‍ശബാബ് ഏറ്റെടുത്തിട്ടുണ്ട്. ആക്രമണത്തില്‍ നാല്‍പതോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അതേ സമയം അക്രമികള്‍ കെട്ടിടത്തിനകത്ത് ഒളിച്ചു കഴിയുന്നതായും സംശയിക്കുന്നണ്ട്.
തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്റെ മൊഗാദിശു സന്ദര്‍ശനത്തിന് തൊട്ടു മുമ്പായാണ് ആക്രമണം ഉണ്ടായിരിക്കുന്നത്. വിമാനത്താവളത്തില്‍ നിന്നും പ്രസിഡന്റിന്റെ കൊട്ടാരത്തിലേക്കുള്ള റോഡിലാണ് ഹോട്ടല്‍ സ്ഥിതി ചെയ്യുന്നത്.
ജനുവരിയിലും ഫെബ്രുവരിയിലും മൊഗാദിശുവിലെ ഹോട്ടലുകളെ ലക്ഷ്യമാക്കി അല്‍ശബാബ് അക്രമണം നടത്തിയിരുന്നു. സര്‍ക്കാരിനെ അട്ടിമറിച്ച് സൊമാലിയയില്‍ അധികാരം പിടിച്ചെടുക്കാന്‍ ശ്രമിക്കുന്ന സംഘടനയെ 2011ല്‍ ആഫ്രിക്കന്‍ യൂണിയന്‍ സൈന്യവും സൊമാലിയന്‍സൈന്യവും ശക്തമായി പ്രതിരോധിച്ചിരുന്നു.