|

ഇന്ത്യയില്‍ എം.പോക്‌സ് സ്ഥിരീകരിച്ചു; പഴയ വകഭേദമായതിനാല്‍ ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രാലയം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജ്യത്ത് എം.പോക്‌സ് (മങ്കിപോക്സ്) സ്ഥിരീകരിച്ചു. വിദേശത്തെ രോഗബാധിത മേഖലയില്‍ നിന്നെത്തിയ യുവാവിനാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം യുവാവില്‍ രോഗ ലക്ഷണം കണ്ടെത്തിയിരുന്നു.

സാമ്പിള്‍ പരിശോധിച്ചുവരികയാണെന്നും ആശങ്ക വേണ്ടെന്നുമായിരുന്നു ആരോഗ്യമന്ത്രാലയം ഇന്നലെ അറിയിച്ചിരുന്നത്. 2022ല്‍ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പടിഞ്ഞാറന്‍ ആഫ്രിക്കന്‍ ക്ലേഡ് 2 എം.പോക്‌സ് വൈറസ് വകഭേദമാണ് യുവാവിനെ ബാധിച്ചത്.

2022 ജൂലൈ മുതല്‍ രാജ്യത്ത് 30 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. അതിന് സമാനമായ ഒരു ഒറ്റപ്പെട്ട കേസാണ് യുവാവിന്റേതെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. നിലവില്‍ ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ച പൊതു ആരോഗ്യ അടിയന്തരാവസ്ഥയുടെ ഭാഗമായ കേസല്ല ഇത്.

എം.പോക്‌സിന്റെ പഴയ വകഭേദമായതിനാല്‍ ആശങ്ക വേണ്ടെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. യുവാവിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും മറ്റ ആരോഗ്യപ്രശ്‌നങ്ങളില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

Content Highlight: Mpox Confirmed In India

Latest Stories