ശ്രീജിത്ത് പണിക്കര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കി ഡൊമിസിലിയ സെന്ററിലെ സന്നദ്ധ പ്രവര്‍ത്തക രേഖ
Sreejith Panickar
ശ്രീജിത്ത് പണിക്കര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കി ഡൊമിസിലിയ സെന്ററിലെ സന്നദ്ധ പ്രവര്‍ത്തക രേഖ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 9th May 2021, 12:22 pm

ആലപ്പുഴ: കൊവിഡ് രോഗിയെ ബൈക്കില്‍ മെഡിക്കല്‍ കോളേജില്‍ എത്തിച്ച സംഭവത്തില്‍ വിവാദ ഫേസ്ബുക്ക് പോസ്റ്റിട്ട ശ്രീജിത്ത് പണിക്കര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കി. ആലപ്പുഴ പുന്നപ്ര ഡൊമിസിലിയ സെന്ററിലെ സന്നദ്ധ പ്രവര്‍ത്തകയും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകയുമായ രേഖയാണ് പുന്നപ്ര പൊലീസില്‍ പരാതി നല്‍കിയത്.

വെള്ളിയാഴ്ച്ച കൊവിഡ് ബാധിച്ച കരൂര്‍ സ്വദേശിക്ക് കടുത്ത ശ്വാസ തടസ്സവും നെഞ്ച് വേദനയും അനുഭവപ്പെട്ടതോടെ സഹപ്രവര്‍ത്തകന്‍ അശ്വിനുമായി ചേര്‍ന്ന് രേഖയായിരുന്നു രോഗിയെ ബൈക്കില്‍ ആശുപത്രിയില്‍ എത്തിച്ചത്. ഇതിനെ പരിഹസിച്ചും ബലാത്സംഗം തമാശയായി അവതരിപ്പിച്ചുമായിരുന്നു ശ്രീജിത്ത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റ്. ശ്രീജിത്ത് പണിക്കരുടെ പോസ്റ്റ് മാാനസികമായി ഏറെ വിഷമിപ്പിച്ചെന്ന് രേഖ പരാതിയില്‍ പറയുന്നു.

അതേസമയം, ആലപ്പുഴയിലെ സംഭവത്തില്‍ മോശം പ്രചരണം നടത്തിയ ശ്രീജിത്ത് പണിക്കര്‍ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. രാഷ്ട്രീയ നിരീക്ഷകന്‍ എന്ന പേരില്‍ വിളിച്ചിരുത്തുന്ന ശ്രീജിത്ത് പണിക്കരെ ചാനല്‍ ചര്‍ച്ചയില്‍ നിന്ന് ഒഴിവാക്കണമെന്നാണ് സോഷ്യല്‍ മീഡിയിയില്‍ ഉയരുന്ന പ്രധാന ആവശ്യം.

ശ്രീജിത്ത് പണിക്കര്‍ പാനലിസ്റ്റ് ആയ ഒരു ചാനല്‍ ചര്‍ച്ചയിലും പങ്കെടുക്കില്ലെന്ന് സുപ്രീം കോടതി അഭിഭാഷക അഡ്വ. രശ്മിത രാമചന്ദ്രന്‍ പറഞ്ഞിരുന്നു. ഫേസ്ബുക്കിലൂടെയായിരുന്നു രശ്മിതയുടെ പ്രതികരണം. മാധ്യമപ്രവര്‍ത്തകരായ കെ.എ ഷാജി, കെ.ജെ ജേക്കബ്, ഇടതു നിരീക്ഷകരായ റെജി ലൂക്കോസ്, ഡോ. പ്രേം കുമാര്‍ തുടങ്ങിയവരും ശ്രീജിത്ത് പണിക്കര്‍ക്കെതിരെ രംഗത്ത് എത്തിയിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

 

Content Highlights: complaint lodged police against Sreejith Panicker at the Controversial Facebook post