ഭോപ്പാൽ: ഭോപ്പാൽ ജില്ലാ കോടതിമുറിയിൽ വെച്ച് ഹിന്ദുത്വ സംഘടനാംഗങ്ങൾ ഒരു യുവ മിശ്രവിവാഹിത ദമ്പതികളെ ക്രൂരമായി ആക്രമിച്ചതിന് പിന്നാലെ യുവതിയെ കാണാനില്ലെന്ന് പരാതി. സംഭവം നടന്ന് ഒരാഴ്ച കഴിഞ്ഞിട്ടും ഇരുവർക്കും നീതി ലഭിച്ചിട്ടില്ല. ആക്രമണത്തിനിരയായ യുവതി വൈഷ്ണവി ദുബെയെയാണ് കാണാതായത്.
എന്നാൽ ഇസ്‌ലാം മതം സ്വീകരിക്കാൻ സമ്മർദ്ദം ചെലുത്തിയെന്നാരോപിച്ച് യുവതിയുടെ പങ്കാളിയായ സയ്യിദ് ഖാനെതിരെ പൊലീസ് ക്രിമിനൽ കേസ് എടുത്തു. ആക്രമണത്തിൽ ക്രൂരമായി പരിക്കേറ്റ ഇരുപത്തിയാറുകാരൻ സയ്യിദ് ഖാൻ ഇപ്പോഴും ആശുപത്രിയിലാണ്. ഇരുവരും മധ്യപ്രദേശിലെ നർമ്മദാപുരം ജില്ലയിലുള്ള ഉമർധ പ്രദേശത്തെ സ്വദേശികളാണ്.
ആക്രമണത്തിന് ശേഷം മാധ്യമങ്ങൾ വൈഷ്ണവിയെ പിന്തുടരുകയും സയ്യിദ് നിർബന്ധപൂർവം വിവാഹം ചെയ്തതാണോ മതപരിവർത്തനം നടത്താൻ നിർബന്ധിച്ചോ തുടങ്ങിയ ചോദ്യങ്ങൾ ചോദിക്കുകയും ചെയ്തിരുന്നു. ഇതോടെ പൊലീസ് അവരെ അവിടെ നിന്ന് കൊണ്ടുപോയി. അതിന് മുമ്പ് സയ്യിദ് തന്നെ ഒരു തരത്തിലും നിർബന്ധിച്ചിട്ടില്ലെന്ന് പറഞ്ഞുകൊണ്ട് വൈഷ്ണവി എല്ലാ ആരോപണങ്ങളും നിഷേധിക്കുകയും ചെയ്തിരുന്നു.
തുടർന്ന്, പൊലീസ് അധികാരികൾ വൈഷ്ണവിയെ കുടുംബത്തോടൊപ്പവും സയ്യിദിനെ സഹോദരനോടൊപ്പവും തിരിച്ചയച്ചു. ഫെബ്രുവരി ഏഴിന് രാത്രിയിലാണ് സയ്യിദ് വൈഷ്ണവിയെ അവസാനമായി കണ്ടത്. അതിനുശേഷം, വൈഷ്ണവിയെ കാണുകയോ ഫോണിലൂടെ ബന്ധപ്പെടാൻ സാധിക്കുകയോ ചെയ്തിട്ടില്ലെന്ന് സയ്യിദ് പറഞ്ഞു.
ഒരു വർഷം മുമ്പാണ് ഇരുവരും ഡേറ്റിങ് ആരംഭിച്ചതെന്നും പരസ്പരം വിവാഹം കഴിക്കാൻ തീരുമാനിച്ചതാണെന്നും സയ്യിദ് വിശദീകരിച്ചു. കോടതി വഴിയുള്ള വിവാഹം എന്ന ആശയം വൈഷ്ണവിയായിരുന്നു മുന്നോട്ടുവെച്ചത്. സഹോദരനാണ് അഭിഭാഷകന്റെ നമ്പർ നൽകിയത്, തുടർന്ന് അവർ അഭിഭാഷകനായ അക്ഷയ് കരണിനെ സമീപിച്ചു.
നിയമനടപടികൾക്കായി അഭിഭാഷകൻ ആദ്യം 5,000 രൂപ മുൻകൂർ പണം ആവശ്യപ്പെട്ടതായും പണം നൽകിയതായും സയ്യിദ് പറഞ്ഞു. ഫെബ്രുവരി ഏഴിന് , പ്രത്യേക വിവാ
ഹ നിയമപ്രകാരം വിവാഹം ഔദ്യോഗികമായി രജിസ്റ്റർ ചെയ്യുന്നതിനായി ദമ്പതികൾ ഭോപ്പാലിൽ എത്തി.
കോടതി മുറിയിൽ പ്രവേശിച്ച ശേഷം, അഭിഭാഷകൻ അവരിൽ നിന്ന് നിയമപരമായ രേഖകൾ ശേഖരിക്കുകയും 35,000 രൂപ അധികമായി ആവശ്യപ്പെടുകയും ചെയ്തു, അത് സയ്യിദ് ഇതും നൽകി. തുടർന്ന്, കോടതി മുറിക്കുള്ളിൽ രേഖകൾ പ്രോസസ്സ് ചെയ്യുന്നത് വരെ കാത്തിരിക്കാൻ അഭിഭാഷകൻ അവരോട് നിർദേശിച്ചു.
നിമിഷങ്ങൾക്കുള്ളിൽ, മാധ്യമപ്രവർത്തകരും പ്രകോപിതരായ ഒരു കൂട്ടം ആളുകളും കോടതിയിലേക്ക് എത്തുകയും ദമ്പതികളെ ആക്രമിക്കുകയും ചെയ്തു. ‘പെട്ടെന്ന് ഒരു ജനക്കൂട്ടം ഓടിയെത്തി, ഒരു ചോദ്യവും ചോദിക്കാതെ എന്നെ അടിക്കാൻ തുടങ്ങി. അവർ എന്നെ വലിച്ചിഴച്ച് കോടതിക്കുള്ളിലെ പൊലീസ് പോസ്റ്റിൽ സിറ്റ്-അപ്പുകൾ നടത്താൻ നിർബന്ധിച്ചു. അക്രമികൾ എന്റെ പണവും ഫോണും ബലമായി പിടിച്ചുവാങ്ങി. എന്നെ രക്ഷിക്കാൻ ശ്രമിച്ച വൈഷ്ണവിയെയും അവർ ആക്രമിച്ചു,’ സയ്യിദ് വിശദീകരിച്ചു.
കോടതി അഭിഭാഷകർ വലതുപക്ഷ സംസ്‌കൃത ബച്ചാവോ ഗ്രൂപ്പിനെയും അനുബന്ധ സംഘടനകളെയും വിവരം അറിയിക്കുകയും ദമ്പതികളുടെ വിവാഹ പദ്ധതികളും വ്യക്തിപരമായ വിവരങ്ങളും വെളിപ്പെടുത്തുകയും ചെയ്തതിന് ശേഷമാണ് ആക്രമണം നടന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു.
മതം മാറാൻ സയ്യിദ് തന്നെ നിർബന്ധിച്ചിട്ടില്ലെന്ന് വൈഷ്ണവി വ്യക്തമാക്കിയിട്ടുണ്ടെങ്കിലും മധ്യപ്രദേശ് പൊലീസ് മതസ്വാതന്ത്ര്യ നിയമപ്രകാരം അദ്ദേഹത്തിനെതിരെ നിർബന്ധിത മതപരിവർത്തനത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Content Highlight: MP woman missing after mob attacks interfaith couple in court: Report