| Sunday, 14th April 2019, 7:53 am

ഇതര ജാതിക്കാരനെ വിവാഹം ചെയ്തതിന് പെണ്‍കുട്ടിയെ കൊണ്ട് യുവാവിനെ തോളിലേറ്റി പൊരിവെയിലത്ത് നടത്തിച്ചു; ചുറ്റും കൂടി ആര്‍ത്തട്ടഹസിച്ച് ആള്‍ക്കൂട്ടം; വീഡിയോ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭോപ്പാല്‍: ഇതരജാതിക്കാരനെ വിവാഹം ചെയ്തതിന്റെ പേരില്‍ യുവതിക്ക് കഠിന ശിക്ഷ വിധിച്ച് ആള്‍ക്കൂട്ടം.

മധ്യപ്രദേശിലെ ജബുവാ ജില്ലിയിലെ ദേവിഗര്‍ ഗ്രാമത്തിലാണ് സംഭവം. വീട്ടുകാരുടെ സമ്മതമില്ലാതെ വിവാഹം ചെയ്തതിന്റെ പേരില്‍ യുവതിയെ കൊണ്ട് അവളുടെ ഭര്‍ത്താവിനെ തോളിലേറ്റിച്ച് പൊരിവെയിലത്തുകൂടി നടത്തിക്കുകയായിരുന്നു ഇവര്‍.

ചുട്ടുപൊള്ളുന്ന വെയിലില്‍ കാലില്‍ ചെരിപ്പ് പോലും ധരിക്കാന്‍ അനുവദിക്കാതെ കൃഷിയാവശ്യങ്ങള്‍ക്കായി ഉപയോഗിച്ചുപോന്നിരുന്ന വരണ്ട ഭൂമിയിലൂടെയാണ് നടത്തിച്ചത്. പെണ്‍കുട്ടിക്ക് ചുറ്റും കൂടിയ ആള്‍ക്കൂട്ടം അവള്‍ക്ക് നേരെ ആക്രോശിക്കുകയും പൊട്ടിച്ചിരിച്ച് പരിഹസിക്കുകയും ചെയ്യുന്നുണ്ടായിരുന്നു.

ഭര്‍ത്താവിനെ തോളിലെടുത്ത് മുന്നോട്ട് നടക്കാനാവാതെ യുവതി ബുദ്ധിമുട്ടുമ്പോള്‍ അവള്‍ക്ക് നേരെ അസഭ്യം പറഞ്ഞും ആക്രോശിച്ചും ആള്‍ക്കൂട്ടം ഒപ്പം നടക്കുന്നതും വീഡിയോയില്‍ കാണാം.

ഭര്‍ത്താവിനേയും തോളിലേറ്റി വേച്ച് നടക്കുന്ന യുവതി വീഴാന്‍ പോകുമ്പോള്‍ പോലും ആരും സഹായത്തിനെത്തുകയോ ശിക്ഷ മതിയെന്ന് പറയുകയോ ചെയ്യുന്നില്ല.

20 വയസ് മാത്രം പ്രായമുള്ള പെണ്‍കുട്ടിയ്ക്കാണ് ഇത്രയും കഠിനമായ ശിക്ഷ നല്‍കിയത്. പെണ്‍കുട്ടിയുടേയും യുവാവിന്റേയും വീഡിയോയും ചിലര്‍ മൊബൈലില്‍ പകര്‍ത്തുന്നുണ്ടായിരുന്നു.

പെണ്‍കുട്ടിയ്ക്ക് ചുറ്റുമുള്ള ചിലരുടെ കൈകളില്‍ വടികളും മറ്റും കാണാം. മുന്നോട്ട് ഒരടി പോലും നടക്കാനാവാതെ അല്പം സമയം നില്‍ക്കാന്‍ പെണ്‍കുട്ടി നോക്കുമ്പോള്‍ അതിന് പോലും ചുറ്റും കൂടിയവര്‍ സമ്മതിക്കുന്നില്ല.

സംഭവത്തിന്റെ വീഡിയോ വൈറലായതിന് പിന്നാലെ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വീഡിയോയിലുള്ള, കണ്ടാലറിയാവുന്നവര്‍ക്കെതിരെയെല്ലാം കേസ് എടുത്തിട്ടുണ്ടെന്നും അന്വേഷണം നടത്തുകയാണെന്നും ജബുവ എസ്.ബി വിനീത് ജെയ്ന്‍ എ.എന്‍.ഐയോട് പറഞ്ഞു.

Latest Stories

We use cookies to give you the best possible experience. Learn more