ഭോപ്പാല്‍: മധ്യപ്രദേശിലെ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന റാലിയ്ക്കായി എത്തിയ ഗ്രാമീണരില്‍ കറുത്തവസ്ത്രം ധരിച്ചവരെ തുണിയുരിയിച്ച് മധ്യപ്രദേശ് പൊലീസ്. മോദിയ്‌ക്കെതിരെ കരിങ്കൊടി പ്രതിഷേധം ഭയന്നാണ് പൊലീസ് നടപടി.
റാലി നടന്ന വേദിയുടെ പുറത്തുവെച്ച് കറുത്ത തൂവാലകള്‍, ഷര്‍ട്ടുകള്‍, ശിരോവസ്ത്രങ്ങള്‍ എന്നിവ പിടിച്ചുവാങ്ങുകയായിരുന്നു. മധ്യപ്രദേശിലെ രാജ്ഘര്‍ ജില്ലയിലെ മൊഹന്‍പുര ഇറിഗേഷന്‍ പദ്ധതി ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു മോദി.
എന്നാല്‍ ചടങ്ങില്‍ പങ്കെടുത്ത ജില്ലാ കലക്ടര്‍ കരംവീര്‍ ശര്‍മ്മ കറുത്തവസ്ത്രം ധരിച്ചാണെത്തിയത്. കറുത്തവസ്ത്രം ധരിച്ചാണ് അദ്ദേഹം പ്രധാനമന്ത്രിയെ സ്വീകരിച്ചതും.
മധ്യപ്രദേശില്‍ കര്‍ഷക പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് മോദിയ്‌ക്കെതിരെ കരിങ്കൊടി പ്രതിഷേധമുണ്ടായേക്കാമെന്ന് സംഘാടകര്‍ കരുതിയത്. നഷ്ടപരിഹാരത്തിലെ പോരായ്മകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു കര്‍ഷകരുടെ പ്രതിഷേധം.
വ്യാഴാഴ്ച മൊഹന്‍പുരയിലെ മരങ്ങള്‍ക്കു മുകളില്‍ കയറി നിന്ന് കര്‍ഷകര്‍ കരിങ്കൊടി ഉയര്‍ത്തിയിരുന്നു. അന്ന് പ്രതിഷേധക്കാര്‍ കറുത്ത ശിരോവസ്ത്രം ധരിക്കുകയും ചെയ്തിരുന്നു.
“കറുപ്പ് വിരുദ്ധ പ്രോട്ടോക്കോള്‍ ശക്തമായി നടപ്പിലാക്കിയിരുന്നു. ഇത് ഭരണഘടനയ്ക്ക് എതിരാണ്. സ്വന്തം വസ്ത്രം തെരഞ്ഞെടുക്കാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ട്. കറുപ്പിനെ പ്രതിഷേധത്തിന്റെ നിറമായി കണക്കാക്കുന്നുണ്ടെങ്കില്‍ എന്തുകൊണ്ടാണ് കലക്ടര്‍ ആ നിറമുളള വസ്ത്രം ധരിച്ചത്. ” സാമൂഹ്യപ്രവര്‍ത്തകനായ അജയ് ഡുബെ ചോദിക്കുന്നു.
Also Read:അമ്മയുടെ ജനറല്‍ ബോഡി മീറ്റിംഗ്; വിമന്‍ കളക്ടീവ് വിട്ട് നിന്നു; പൃഥ്വിയും ഫഹദും എത്തിയില്ല
“കലക്ടര്‍ക്കും ചില പ്രതിഷേധങ്ങള്‍ ഉള്ളതുപോലെയാണ് തോന്നിയത്.” അദ്ദേഹം പറഞ്ഞു.
എന്നാല്‍ കറുത്തവസ്ത്രം ധരിച്ച എല്ലാവര്‍ക്കും പ്രവേശനം നിഷേധിച്ചിട്ടില്ലെന്നാണ് പൊലീസ് വാദം. ” പ്രശ്‌നമുണ്ടാക്കുമെന്ന് സംശയം തോന്നിയവരോടാണ് കറുത്ത വസ്ത്രം പുറത്ത് ഉപേക്ഷിക്കാന്‍ പറഞ്ഞത്. സംഘര്‍ഷം തടയുന്നതിന്റെ ഭാഗമായാണ് ഇങ്ങനെ ചെയ്തത്. ” എന്നാണ് പേരുവെളിപ്പെടുത്താതെ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞതെന്ന് ജനതാ കാ റിപ്പോര്‍ട്ടര്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.
ഇത് നാസി ജര്‍മ്മനിയാണോയെന്ന് ചോദിച്ചുകൊണ്ടാണ് സോഷ്യല്‍ മീഡിയ ഇതിനെതിരെ പ്രതികരിച്ചത്. ” പ്രതിഷേധിക്കാനുള്ള അവകാശം ഭരണഘടനയില്‍ വ്യക്തമായി പറഞ്ഞതല്ലേ? ഏത് സ്വച്ഛാധിപത്യകാലഘട്ടത്തിലാണ് നമ്മള്‍ ജീവിക്കുന്നത്? ഇതെന്താ നാസി ജര്‍മ്മനിയോ? അതോ സ്റ്റാലിന്റെ റഷ്യയോ? ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തിന് നാണക്കേടാണിത്.” എന്നായിരുന്നു ഒരു പ്രതികരണം.
അതിനിടെ, കര്‍ഷകര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കുമെന്ന് മധ്യപ്രദേശ് റിസോഴ്‌സ് മന്ത്രി നരോത്തം മിശ്ര വെള്ളിയാഴ്ച ഉറപ്പുനല്‍കി.