Kerala News
ടി.എന്‍. പ്രതാപന് പുതിയ പദവി; കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റായി സ്ഥാനമേല്‍ക്കും
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Mar 12, 03:15 pm
Tuesday, 12th March 2024, 8:45 pm

തിരുവനന്തപുരം: എം.പി ടി.എന്‍ പ്രതാപന് പുതിയ പദവി നല്‍കി കോണ്‍ഗ്രസ് നേതൃത്വം. കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റായാണ് പ്രതാപനെ നേതൃത്വം നിയമിച്ചിരിക്കുന്നത്. വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്കുള്ള മത്സരത്തില്‍ തൃശൂര്‍ സീറ്റ് കെ. മുരളിധരന് നല്‍കിയതിന് പിന്നലെയാണ് നേതൃത്വത്തിന്റെ ഈ തീരുമാനം.

‘നേതൃത്വം ഏൽപ്പിച്ച ചുമതല കൃത്യമായി നിർവഹിക്കും. സ്ഥാനാർത്ഥിത്വവും ചുമതലകളും തമ്മിൽ യാതൊരു ബന്ധവുമില്ല. നിലവിലെ പ്രധാനപ്പെട്ട ചുമതല എന്ന് പറയുന്നത് കെ. മുരളീധരനെ വിജയത്തിലേക്ക് നയിക്കുക എന്നതാണ്,’ ടി.എൻ. പ്രതാപൻ ഏഷ്യാനെറ്റിനോട് പ്രതികരിച്ചു.

പത്മജ വേണുഗോപാലിന്റെ ബി.ജെ.പി പ്രവേശത്തിന് പിന്നാലെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ മാറ്റങ്ങള്‍ ഉണ്ടായത്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന്റെ ചര്‍ച്ചക്ക് ശേഷം വടകരയിലെ സിറ്റിങ് എം.പി കെ. മുരളീധരനെ തൃശൂരിലേക്ക് കോണ്‍ഗ്രസ് മാറ്റുകയായിരുന്നു.

തൃശൂരിലെ സിറ്റിങ് എം.പിയായ പ്രതാപന്‍ വീണ്ടും മത്സരിക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. പ്രതാപന്‍ തൃശൂരില്‍ പ്രചരണത്തിനിറങ്ങുകയും ചെയ്തിരുന്നു. 150ഓളം സ്ഥലങ്ങളില്‍ പ്രതാപന് വേണ്ടി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചുവരെഴുത്തുകള്‍ നടത്തുകയും ആയിരക്കണക്കിന് പോസ്റ്ററുകള്‍ ഇറക്കുകയും ചെയ്തിരുന്നു.

ഇതിന് പിന്നാലെയാണ് സെന്‍ട്രല്‍ തെരഞ്ഞെടുപ്പ് കമ്മിറ്റിയില്‍ സ്ഥാനാര്‍ത്ഥിയുമായി ബന്ധപ്പെട്ട് പുതിയ തീരുമാനങ്ങള്‍ ഉണ്ടാവുന്നത്.

Content Highlight: MP T.N. Prathaphan was given a new title by the Congress leadership