'സർക്കാർ പരിപാടിയിൽ ജയ്ശ്രീറാം വിളിച്ചതിൽ എന്താണ് തെറ്റ്'; മമത ബാനർജിയ്ക്ക് രാമായണം സമ്മാനമായി നൽകി മധ്യപ്രദേശ് സ്പീക്കറുടെ പ്രതിഷേധം
national news
'സർക്കാർ പരിപാടിയിൽ ജയ്ശ്രീറാം വിളിച്ചതിൽ എന്താണ് തെറ്റ്'; മമത ബാനർജിയ്ക്ക് രാമായണം സമ്മാനമായി നൽകി മധ്യപ്രദേശ് സ്പീക്കറുടെ പ്രതിഷേധം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 24th January 2021, 6:33 pm

ഭോപ്പാൽ: പൊതുചടങ്ങില്‍ ജയ് ശ്രീറാം വിളിച്ചതില്‍ പ്രതിഷേധിച്ച് പ്രസംഗിക്കാതിരുന്ന പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് രാമായണം നൽകി മധ്യപ്രദേശ് പ്രോം ടേം സ്പീക്കർ രാമേശ്വർ ശർമ്മ. ഇത് ശ്രദ്ധാപൂർവ്വം വായിക്ക് എന്ന് പറഞ്ഞാണ് രാമേശ്വർ ശർമ്മ മമതയ്ക്ക് രാമായണം സമ്മാനമായി നൽകിയത്.

വോട്ട് ബാങ്ക് രാഷ്ട്രീയം കാരണവും ബം​ഗ്ലാദേശിൽ നിന്നുള്ള സമ്മർദ്ദവും മൂലമാണ് മമത ബാനർജി രാമനെ എതിർക്കുന്നതെന്നും ശർമ്മ പറഞ്ഞു. പണ്ട് രാമനെ എതിർത്തിരുന്നവരെല്ലാം ഇപ്പോൾ എവിടെയാണെന്ന് എല്ലാവർക്കും അറിയാമെന്നും ശർമ്മ കൂട്ടിച്ചേർത്തു.
എന്തുകൊണ്ടാണ് പൊതു ചടങ്ങിൽ ജയ് ശ്രീറാം മുദ്രാവാക്യം മുഴക്കിയത് എന്ന ചോദ്യത്തിന് ഒരു സർക്കാർ ചടങ്ങിൽ രാമന്റെ പേര് ഉച്ഛരിക്കരുത് എന്ന് ആരാണ് പറഞ്ഞത്. ഞാൻ ഒരു ഭരണഘടനാ പോസ്റ്റിൽ ഇരിക്കുന്ന പ്രോ ടേം സ്പീക്കറാണ്, അഭിമാനത്തോടുകൂടെ ഞാൻ ജയ്ശ്രീറാം എന്ന് വിളിക്കുമെന്നും ശർമ്മ കൂട്ടിച്ചേർത്തു.

ഇരുപത് ദിവസത്തേക്ക് മമതയുടെ വീട്ടിൽ രാമായണം ജപിക്കണമെന്നും രാമന്റെ പേര് കേൾക്കുന്നത് തന്നെ അവർക്ക് ഉപയോ​ഗപ്രദമായിരിക്കുമെന്നും ശർമ്മ പറഞ്ഞു.

ജയ് ശ്രീറാം വിളിച്ചതില്‍ പ്രതിഷേധിച്ച് പ്രസംഗിക്കാതിരുന്ന മമതാ ബാനര്‍ജിക്കെതിരെ ഹരിയാന മന്ത്രി അനിൽ വിജും രം​ഗത്തെത്തിയിരുന്നു. മമതക്ക് മുന്നില്‍ ജയ് ശ്രീറാം വിളിക്കുന്നത്, കാളക്ക് മുന്നില്‍ ചുവപ്പ് തുണി കാണിക്കും പോലെയാണെന്നാണ് അനില്‍ വിജ് പറഞ്ഞത്.

കഴിഞ്ഞ ദിവസം കൊല്‍ക്കത്തയില്‍ വെച്ച് നടന്ന നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ ജന്മവാര്‍ഷിക ചടങ്ങില്‍ വെച്ചായിരുന്നു ജയ് ശ്രീറാം വിളിയും മമതയുടെ പ്രതിഷേധവും നടന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചടങ്ങിലുണ്ടായിരുന്നു.

മമത പ്രസംഗിക്കാന്‍ ഡയസിലേക്ക് എത്തിയ സമയത്ത് സദസ്സിലെ ഒരു വിഭാഗം ആളുകള്‍ ജയ് ശ്രീറാം വിളി മുഴക്കുകയായിരുന്നു. തുടര്‍ന്ന മമത സംഭവത്തില്‍ രൂക്ഷമായി പ്രതികരിക്കുകയായിരുന്നു.

‘ഇത് ഒരു സര്‍ക്കാര്‍ ചടങ്ങാണ്, അല്ലാതെ രാഷ്ട്രീയപാര്‍ട്ടിയുടെ പരിപാടിയല്ല. ഇതിന് ഒരു അന്തസ്സ് വേണം. ആളുകളെ വിളിച്ചുവരുത്തി അപമാനിക്കരുത്. ഞാന്‍ ഇനിയൊന്നും സംസാരിക്കില്ല. ജയ് ബംഗ്ലാ, ജയ് ഹിന്ദ്.’ മമത ബാനര്‍ജി പറഞ്ഞു. തുടര്‍ന്ന് ചടങ്ങില്‍ നിന്നും മമത ബാനര്‍ജി ഇറങ്ങിപ്പോകുകയായിരുന്നു.

നേരത്തെ പ്രസംഗിച്ച് കൊണ്ടിരിക്കവെ ഇന്ത്യയുടെ തലസ്ഥാനമായി ദല്‍ഹിയെ മാത്രം പരിഗണിക്കുന്നത് ശരിയല്ലെന്ന് മമത ബാനര്‍ജി പറഞ്ഞിരുന്നു. തലസ്ഥാനമായി ദല്‍ഹിയെ മാത്രം പരിഗണിക്കുന്നതിന് പകരം ഇന്ത്യക്ക് നാല് റൊട്ടേറ്റിങ്ങ് തലസ്ഥാനങ്ങള്‍ വേണമെന്നാണ് മമത ആവശ്യപ്പെട്ടത്.

മോദി സര്‍ക്കാര്‍ എടുത്തുകളഞ്ഞ ആസൂത്രണ കമ്മീഷന്‍ തിരികെ കൊണ്ടുവരണമെന്നും മമത ആവശ്യപ്പെട്ടു. നീതി ആയോഗിനും ആസൂത്രണ കമ്മീഷനും പരസ്പരം സഹകരിച്ച് കൊണ്ട് പ്രവര്‍ത്തിക്കാന്‍ സാധിക്കുമെന്നും മമത കൂട്ടിച്ചേര്‍ത്തു. നേതാജിയുടെ ജന്മവാര്‍ഷികം അവധി ദിവസമായി പ്രഖ്യാപിക്കണമെന്നും മമത പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: MP Speaker gifts Bengal CM Mamata Banerjee copy of Ramayana over ‘Jai Shri Ram’ row