ന്യൂദല്‍ഹി: ബലാത്സംഗക്കേസില്‍ കോടതി കുറ്റക്കാരനെന്ന് വിധിച്ച ഗുര്‍മീത് റാം റഹീമിന് പരസ്യ പിന്തുണയുമായി രംഗത്തെത്തിയ ബി.ജെ.പി എം.പിയും സന്യാസിയുമായ സാക്ഷി മഹാരാജും ബലാത്സംഗക്കേസില്‍ നടപടി നേരിട്ടയാള്‍.
2000 ത്തില്‍ യു.പിയിലെ എത്താ ജില്ലയിലെ കോളജ് പ്രിന്‍സിപ്പല്‍ നല്‍കിയ പരാതിയില്‍ ഒരുമാസത്തോളം തീഹാര്‍ ജയിലില്‍ സാക്ഷി മഹാരാജ് കഴിഞ്ഞിരുന്നു.
സാക്ഷി മഹാരാജും അദ്ദേഹത്തിന്റെ രണ്ട് ബന്ധുക്കളും ചേര്‍ന്ന് തന്നെ ബലാത്സംഗം ചെയ്‌തെന്നായിരുന്നു പ്രിന്‍സിപ്പലിന്റെ പരാതി. യുവതിയും പുരുഷ സഹപ്രവര്‍ത്തകനും ആഗ്രയില്‍ നിന്നും എത്തായിലേക്കു പോകവെയാണ് സാക്ഷി മഹാരാജ് ഇവരെ ആക്രമിച്ചതെന്നായിരുന്നു പരാതി. എന്നാല്‍ ഈ കേസില്‍ നിന്നും പതിയെ അദ്ദേഹം ഊരിപ്പോരുകയായിരുന്നു.
പത്തുവര്‍ഷം മുമ്പ് ഫറൂഖാബാദിലെ സാക്ഷിയുടെ ആശ്രമത്തിലെ അദ്ദേഹത്തിന്റെ അനുയായി തന്നെ അദ്ദേഹത്തിനെതിരെ ബലാത്സംഗക്കേസ് നല്‍കിയിരുന്നു.
” സാക്ഷി മഹാരാജ് തന്നെ ഉപയോഗിച്ചെന്നും ആശ്രമത്തില്‍ വെച്ച് ബലാത്സംഗം ചെയ്‌തെന്നുമുള്ള വാദത്തില്‍ മണിപ്പൂരി സ്വദേശിയായ ആ യുവതി ഇപ്പോഴും ഉറച്ചുനില്‍ക്കുന്നുണ്ട്.” ഫറൂഖാബാദ് കേന്ദ്രീകരിച്ചു പ്രസിദ്ധീകരിക്കുന്ന ഹിന്ദി പ്രസിദ്ധീകരണമായ യുവ പീധിയുടെ എഡിറ്റര്‍ യോഗേന്ദ്ര സിങ് യാദവ് പറയുന്നു.
എന്നാല്‍ കേസ് കോടതിയിലെത്തിയപ്പോള്‍ ബലാത്സംഗം നടന്നിട്ടില്ലെന്ന് പൊലീസ് റിപ്പോര്‍ട്ടു ചെയ്യുകയാണുണ്ടായതെന്നും അദ്ദേഹം പറയുന്നു.
ബലാത്സംഗ ആരോപണം മാത്രമല്ല കൊലപാതക ആരോപണവും സാക്ഷി മഹാരാജിനെതിരെ ഉയര്‍ന്നിരുന്നു. 1997ല്‍ അദ്ദേഹം ഫറൂഖാബാദ് എം.പിയായിരുന്ന കാലത്ത് മുതിര്‍ന്ന ബി.ജെ.പി നേതാവായ ബ്രഹ്മ ദത്ത് ദ്വിവേദിയുടെ കൊലപാതകത്തില്‍ പങ്കുള്ളതായി ആരോപണം ഉയര്‍ന്നിരുന്നു. അന്വേഷണം പുരോഗമിക്കവെയായിരുന്നു സാക്ഷി മഹാരാജിന് പങ്കുള്ളതായി കണ്ടെത്തിയത്. എന്നാല്‍ പിന്നീട് ഈ കേസിലും അദ്ദേഹം ക്ലീന്‍ചിറ്റ് നേടുകയായിരുന്നു.
2013 ഏപ്രിലില്‍ സാക്ഷി മഹാരാജും അദ്ദേഹത്തിന്റെ സഹോദരനും ചേര്‍ന്ന് യു.പി വനിതാ കമ്മീഷന്‍ അംഗം സുജാത വര്‍മ്മയെ കൊലപ്പെടുത്തിയതായി ആരോപണം ഉയര്‍ന്നിരുന്നു. എത്താ ആശ്രമം സന്ദര്‍ശിച്ച അവരെ ആരോ സമീപത്തുനിന്നും വെടിവെക്കുകയായിരുന്നു.
“സാക്ഷി മഹാരാജ് തന്നെ മകളായി ദത്തെടുത്തതാണെന്ന് സുജാത വര്‍മ്മ അവകാശപ്പെട്ടിരുന്നു. ഇരുവര്‍ക്കുമിടയില്‍ സ്വത്തു തര്‍ക്കം നിലനിന്നിരുന്നു.” എത്തയിലെ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് അരിഫ് ഖാന്‍ പറയുന്നു.
“സുജാത വര്‍മ്മ അദ്ദേഹത്തിന്റെ ആശ്രമത്തിന്റെ ഒരു ഭാഗം കൈക്കലാക്കിയിരുന്നു. ഇതു കഴിഞ്ഞ് രണ്ടുമാസത്തിനുശേഷമാണ് അവര്‍ കൊല്ലപ്പെട്ടിരുന്നു.” അദ്ദേഹം പറയുന്നു.
സുജാത വര്‍മ്മയെ സാക്ഷി പലതവണ ഭീഷണിപ്പെടുത്തിയിരുന്നതായി സുജാതയുടെ മകന്‍ മൊഴി നല്‍കുകയും ചെയ്തിരുന്നു. ഈ കേസിലും അദ്ദേഹം ശിക്ഷിക്കപ്പെട്ടിട്ടില്ല.
പത്തുവര്‍ഷം മുമ്പു നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഫറൂഖാബാദില്‍ സാി മഹാരാജ് ബൂത്ത് പിടിച്ചെടുക്കാന്‍ വന്നിരുന്നെന്നും യാദവ് പറയുന്നു. കാരവനില്‍ ആയുധങ്ങളുമായി ഒരു സംഘത്തോടൊപ്പമാണ് അദ്ദേഹമെത്തിയത്. ഒരു ഘട്ടത്തില്‍ അദ്ദേഹത്തിന്റെ ആയുധങ്ങള്‍ പിടിച്ചെടുത്ത് പൊലീസിന് കൈമാറുകയുണ്ടായി. അന്ന് അവിടെ അദ്ദേഹം വിജയിച്ചെന്നും യാദവ് ഓര്‍ക്കുന്നു.
സ്വാമി സച്ചിതാനന്ദ് ഹരിയെന്നറിയപ്പെടുന്ന സാക്ഷി മഹാരാജിന് യു.പിയിലും എത്തയിലുമായി നിരവധി ആശ്രമങ്ങളും സ്‌കൂളുകളുമുണ്ട്. 1990ല്‍ ബി.ജെ.പിയിലൂടെയാണ് അദ്ദേഹം രാഷ്ട്രീയ പ്രവേശനം നടത്തുന്നതും ലോക്‌സഭയില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്നതും. പിന്നീട് സമാജ് വാദി പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കിയ അദ്ദേഹം യു.പി മുന്‍ മുഖ്യമന്ത്രി കല്ല്യാണ്‍ സിങ്ങിന്റെ രാഷ്ട്രീയ ക്രാന്തി പാര്‍ട്ടിയില്‍ ചേര്‍ന്നിരുന്നു. എന്നാല്‍ പിന്നീട് ബി.ജെ.പിയില്‍ തിരിച്ചെത്തി.